Breaking news

യു കെ കെ സി എ കൺവെൻഷന് എന്തിനു പോകണം?

ജോബി ഐത്തിൽ 

(UKKCA മുൻ ജോയിന്റ്   സെക്രട്ടറിയാണ് ലേഖകൻ)


യു കെ യിലെ ഓരോ ക്‌നാനായക്കാരനും ആകാംക്ഷയോടെ അതിലേറെ ഒട്ടേറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന 22 മത് യു കെ കെ സി എ കൺവൻഷൻ നമ്മുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞിരിക്കുന്നു. കൺവെൻഷനിൽ ഇത് വരെ എത്താത്ത പുതുതായി എത്തിച്ചേർന്ന പല കുടുംബങ്ങളും ചോദിക്കാറുണ്ട് എന്തിന് യു കെ കെ സി എ കൺവെൻഷനു പോകണം എന്നുള്ളത് ? അവരുടെ ചിന്താ മണ്ഡലങ്ങളിലേക്ക് എന്താണ് യു കെ കെ സി എ കൺവെൻഷനുകളുടെ പ്രാധാന്യം എന്തൊക്കെയാണ് അവിടെ എത്തിയാൽ നിങ്ങൾക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം . ഇത് ഇവിടെ പുതുതായി എത്തിയ കുടുബങ്ങൾക്ക് ഒരു കൺവെൻഷന് കുറിച്ച് ഒരു ചെറിയ അവബോധം ഉണ്ടാക്കാൻ സാധിച്ചാൽ ഞാൻ ധന്യനായി.

വർഷം മുഴുവനും ജീവിതത്തിന്റെ തിരക്കിൽ ഓടിക്കൊണ്ടിരിക്കുന്ന നമ്മൾക്ക് പലപ്പോഴും സമാധാനവും സന്തോഷവും നൽകുന്നത് ചില പ്രത്യേക ആഘോഷവേളകളാണ്. അങ്ങനെ പറയുമ്പോൾ ജീവിതത്തിൽ ഏറ്റവും വലിയ പ്രത്യാശ നൽകുന്ന ഒരു ആഘോഷം തന്നെയാണ് ഓരോ വർഷവും നടക്കുന്ന യു കെ കെ സി എ കൺവെൻഷനുകൾ. യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യു കെ കെ സി എ നടത്തുന്ന കൺവെൻഷൻ ലോകമെമ്പാടുമുള്ള ക്നാനായക്കാർ അത്ഭുതത്തോടെയാണ് നോക്കി കണ്ടുകൊണ്ടിരിക്കുന്നത്. വളർന്ന് പടർന്ന് പന്തലിച്ചു
57 യൂണിറ്റിലുള്ള ഈ മഹാ പ്രസ്ഥാനം അതിൻറെ ആനുവൽ കൺവെൻഷനു കൗണ്ട് ഡൗൺ ആരംഭിക്കുമ്പോൾ തന്നെ യുകെയിലെ ഓരോ ക്നാനായക്കാരനും അവൻറെ ചങ്കിൽ , ഹൃദയങ്ങളിൽ സന്തോഷത്തിന്റെ അ ലയടികൾ ഉയരുകയായി കാരണം അവനെ സംബന്ധിച്ചിടത്തോളം ഒരു വർഷത്തെ കാത്തിരിപ്പിന്റെ പൂർത്തീകരണമാണ് ഓരോ
യു കെ കെ സി എ കൺവെൻഷനുകളും  കാരണം ഒരു വേദിയിൽ തന്നെ കൂട്ടുകാരെയും സുഹൃത്തുക്കളെയും, ബന്ധുമിത്രാദികളെയും , അയൽക്കാറരെയും , പഴയ സഹപാഠികളെയും ഒക്കെ ഒരുമിച്ചു കാണുവാൻ ഉള്ള വേദിയാണ് UKKCA കൺവെൻഷനുകൾ. പലരും പറയുന്നത് കേട്ടിട്ടുണ്ട് UKKCA കൺവെൻഷന് പോയാൽ പിന്നെ വേറൊരു പരിപാടിക്കും പോകേണ്ട കാര്യമില്ല എന്ന് കാരണം എല്ലാവരെയും ഒരുമിച്ച് അന്നേദിവസം കാണാം എന്നുള്ള വലിയ പ്രത്യേകതയാണ് ഓരോ UKKCA കൺവെൻഷനുകളും. യുകെയിലെ ഓരോ ക്നാനായക്കാർക്കും ഓരോ കൺവെൻഷനും ഓരോ മറക്കാത്ത ഓർമ്മകളാണ് സമ്മാനിക്കുന്നത്. അത്തരം ഓർമ്മകൾ കാലം കൂടും തോറും വീഞ്ഞ് പോലെ കൂടുതൽ രുചിയേറുന്നതാണ്. കഴിഞ്ഞ 21 കൺവെൻഷനുകളിലും പങ്കെടുക്കാൻ കഴിഞ്ഞതും രണ്ടുവർഷം കൺവെൻഷൻ നടത്തിയ ഒരു കമ്മറ്റിയുടെ ഭാഗമാകുവാൻ സാധിച്ചതും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കാണുകയാണ് . ഇതുവരെ നടന്ന 21 യു കെ കെ സി എ കൺവൻഷനുകളിലും പങ്കെടുത്ത വ്യക്തി എന്ന നിലയിൽ എനിക്ക് നിസ്സംശയം പറയാൻ സാധിക്കുന്ന ഒരു കാര്യം ഓരോ കൺവൻഷനുകളും നമ്മൾക്ക് നൽകുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അവർണ്ണനീയമായ നിമിഷങ്ങളാണ് സമ്മാനിക്കുന്നത് എന്നതാണ്. അത് ഒരിക്കലും വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കുന്നതല്ല നേരെ മറിച്ചു അത് അനുഭവിച്ചു തന്നെയറിയണം. താളത്തിന്റെ തരംഗങ്ങള്‍, രാഗങ്ങളുടെ പ്രവാഹഗതികള്‍, നിറങ്ങളുടെ സങ്കലനങ്ങള്‍, വിശ്വാസത്തിന്റെ ഭാവകാന്തികള്‍, ബന്ധങ്ങളുടെ കുടിച്ചേരലുകൾ , സൗഹൃദത്തിൻറെ നല്ല നിമിഷങ്ങൾ എന്ന് വേണ്ട ആ അനുഭവം അറിയണമെങ്കിൽ അവിടെ എത്തിച്ചേരുക തന്നെ വേണം . ജീവിതത്തില്‍ നിന്ന് നന്‍മകള്‍ സ്വീകരിക്കുകയും അതിലും എത്രയോ ഇരട്ടി നമ്മൾ തിരികെ നല്‍കുകയും ചെയ്യും. ക്നാനായക്കാരുടെ നന്മയുടെയും സ്നേഹത്തിന്റെയും ഒരുമയുടെയും പ്രതീകങ്ങളാണ് ഓരോ കൺവെൻഷനങ്ങളും. ഒരു വ്യാഴവട്ടക്കാലമായി യു കെ യിലെ ക്നാനായക്കാരുടെ സ്വകാര്യ അഹങ്കാരമായി കൺവെൻഷനുകൾ വളർന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് എത്ര വലിയ പ്രതിബന്ധങ്ങളിലും കൺവെൻഷൻ വരുമ്പോൾ യുകെയിലെ ക്നാനായ ജനങ്ങൾ എല്ലാം മറന്ന് തങ്ങളുടെ ദേശീയ ഉത്സവം വിജയിപ്പിക്കാൻ മുന്നോട്ട് ഇറങ്ങുന്നത്.കൺവെൻഷനുകൾ യു കെ യിലെ ക്നാനായ സമൂഹത്തിന്റെ മാനസിക ഘടനയെ എങ്ങനെ, എത്രമാത്രം നിര്‍ണയിച്ചു എന്നതിന്റെ പഠനങ്ങളൊന്നും നിലവിലില്ല എങ്കിലും ഫലഭൂഷ്ടിയുള്ള വിളവെടുപ്പിന്റെ പൂര്‍വ്വിക സ്മരണയുടെ ദര്‍ശനമായി ഓരോ കൺവെൻഷനുകളും ആവിര്‍ഭവിച്ചു എന്നു തന്നെ പറയാം.

യു കെ കെ സി എ യുടെ തുടക്കം

രണ്ടായിരത്തിന്റെ തുടക്കം മുതലാണ് യുകെയില്‍ ക്നാനായക്കാർ സംഘടിത കുടിയേറ്റത്തിന് തുടക്കം കുറിയ്ക്കുന്നത്. യുകെയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ക്നാനായക്കാരെ കൂട്ടിയിണക്കാനായി 2001ലാണ് യുകെകെസിഎ എന്ന നമ്മുടെ സംഘടന രൂപീകൃതമാവുന്നത്. ഇന്ന് അത് വളർന്നു പടർന്ന് പന്തലിച്ചു യുകെയിൽ അങ്ങോളമിങ്ങോളം 57 യൂണിറ്റുകളായി വളർന്നു കഴിഞ്ഞിരിക്കുന്നു. അന്ന് മുതൽ ഇന്ന് വരെയുള്ള ഓരോ ഭാരവാഹികളോടൊപ്പം ഈ സംഘടനയെ നെഞ്ചോട് ചേർത്ത സമുദായ സ്നേഹികളുടെ കഠിനാധ്വാനത്തിന്റെയും കരുതലിന്റെയും ഫലമായാണ്  UKKCA എന്ന  സംഘടന ഇത്രയും വളരുവാനും ഓരോ കൺവെൻഷനുകളും വളരെ ഭംഗിയായി നടത്തുവാനും സാധിച്ചത് . അവരെയെല്ലാം ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കാൻ ആഗ്രഹിക്കുകയാണ്.യു കെ യിലെ ക്നാനായക്കാരെ സംബന്ധിച്ചടത്തോളം അവരുടെ ജീവിതത്തിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി ഓരോ വർഷവും വരുന്ന കൺവൻഷനുകൾ. എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാലും അതെല്ലാം മാറ്റിവെച്ച് ഒരു ഉയർത്തെഴുന്നേൽപ്പിന്റെ കാഴ്ചയാണ് ഓരോ കൺവെൻഷനിലും നമ്മൾ കണ്ടിട്ടുള്ളത് അതൊരു വലിയ അത്ഭുതമായി ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു . 57 യൂണിറ്റുകൾ നൂറിന് മുകളിൽ നാഷണൽ കൗൺസിൽ മെമ്പേഴ്സ് , 500 മുകളിൽ യൂണിറ്റ് ഭാരവാഹികൾ ജനാധിപത്യത്തിൻറെ പരമോന്നത പദം അലങ്കരിക്കുന്ന ഈ സംഘടനയും അതിന്റെ കൺവെൻഷനുകളും എങ്ങനെ അത്ഭുതമാകാതിരിക്കും. അതുകൊണ്ടുതന്നെയല്ലേ പലപ്പോഴും മറ്റ് പല സംഘടനകളും യു കെ സി എ യേ മാതൃകയാക്കി സംഘടനാ സംവിധാനം കെട്ടിപ്പടുത്തുന്നത്.

കൺവെൻഷന്റെ ഏറ്റവും ആകർഷണങ്ങൾ ഒന്നാണ് സമുദായ റാലി

നയന മനോഹരവും മനസ്സിന് കുളിർമ നൽകുന്ന കളർ കോമ്പിനേഷനുമായി യൂണിറ്റുകൾ നടന്നുനീങ്ങുമ്പോൾ നട വിളികളാൽ കൺവെൻഷൻ നഗർ ശബ്ദമുഖരിതമാകുമ്പോൾ ഒരാപ്തവാക്യത്തിൽ യൂണിറ്റുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ അവിടെ മത്സരത്തേക്കാൾ ഉപരി ക്നാനായ എന്ന ഒരു വികാരം മാത്രമേയുള്ളൂ അതിൻറെ ഏറ്റവും വലിയ നേർക്കാഴ്ചയാണ് റാലിയിൽ വീറോടെ മത്സരിക്കുന്ന യൂണിറ്റുകളിലെ അംഗങ്ങൾ റാലിക്ക് ശേഷം സ്നേഹപൂർവ്വം തോളിൽ കയ്യിട്ടു ഒന്നിച്ചു നടന്നു നീങ്ങുന്നത്. ഈ സാഹോദര്യവും ഒരുമയും സ്നേഹവും ഒക്കെ വേറെ ഒരു സ്ഥലത്തും നമുക്ക് കാണാൻ സാധിക്കില്ല.ഞാൻ റാലി ചെയർമാനായ കാലത്തു കിലോക്കണക്കിന് തോരണം നാട്ടിൽ നിന്നും റാലിക്കു വേണ്ടി എത്തിച്ചു തലേദിവസം കൺവെൻഷൻ നടക്കുന്ന മാൽവേൺ കുന്നിൽ ചെരുവിൽ റാലിക്കായി വലിച്ചു കെട്ടിയപ്പോൾ അവിടെ എന്നോടൊപ്പം സഹായത്തിനു എത്തിയ സമുദായ സ്നേഹികളുടെ ഒക്കെ സ്നേഹം ഇപ്പോഴും മനസ്സിൽ നിന്നും മായില്ല, ആന മുതൽ ഒട്ടകം വരെയും , നിശ്ചലദൃശ്യങ്ങൾ , വേഷ പ്രച്ഛന്നതയുടെ , ക്നാനായ കലാ രൂപങ്ങൾ, നമ്മുടെ ചരിത്രം , ബൈബിൾ അധിഷ്ഠിതമായ വിവിധ ദൃശ്യങ്ങൾ , എന്നിങ്ങനെ റാലിയിൽ കാണാൻ പറ്റാത്തത് ഒന്നും തന്നെയില്ല. ക്നാനായ പാട്ടുകളാലും നടവിളികൾ കൊണ്ടും സമ്പന്നമാണ് കൺവെൻഷൻ റാലി . ഒന്നിനും ഒന്നിനോട് മെച്ചം എന്ന രീതിയിൽ ഓരോ യൂണിറ്റുകളും നടന്നു നീങ്ങുമ്പോൾ ഓരോ ക്നാനായക്കാരനും അഭിമാനത്തിന്റെ സന്തോഷത്തിന്റെ അവർണ്ണനീയമായ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

കൺവെൻഷൻ യാത്രകൾ

ആദ്യകാലങ്ങളിൽ കൺവെൻഷൻ ദിവസം രാവിലെ ആളുകൾ കൺവെൻഷൻ നഗരിയിലേക്ക് ആകാംക്ഷയോടെ തിരിക്കുകയാണെങ്കിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കൺവെൻഷൻ നഗരിയുടെ അടുത്തുള്ള ബന്ധുമിത്രാദികളുടെ വീട്ടിൽ തലേദിവസം എത്തിച്ചേരുക എന്നുള്ളതാണ് ഇപ്പോഴത്തെ ക്നാനായക്കാരുടെ പതിവ് ആയി മാറിയിട്ടുണ്ട്. കൺവെൻഷന്റെ ആഘോഷങ്ങൾ തങ്ങളുടെ ബന്ധുമിത്രാദികളുടെ വീട്ടിൽ തലേദിവസം തന്നെ  അവർ ആരംഭിക്കും . പാട്ടും ആഘോഷവും നൃത്തവും രുചികരമായ  വിഭവങ്ങളും ഒക്കെയായി ഒരു മൈലാഞ്ചിടിൽ അല്ലെങ്കിൽ ചന്തം ചാർത്ത് ചടങ്ങ് പോലെയാണ് ഇപ്പോഴത്തെ കൺവെൻഷന്റെ തലേദിവസം. രാത്രി എത്ര വൈകി ഉറങ്ങിയാലും എല്ലാവരും ഒരുമിച്ച് രാവിലെ തന്നെ  കൺവെൻഷൻ നഗരിയിലേക്ക് കുതിക്കുന്നത് കൺവെൻഷന്റെ ഒരു സെക്കണ്ട് പോലും ഒഴിവാക്കിക്കൂടാ എന്ന ബോധ്യത്തിലാണ്. മാൽവെൺകുന്നിലും , ചേൽട്ടൻഹം റോക്കി ക്ലബ്ബിലും ,കെന്റിലും , ലിവർപൂളിലും,കവൻട്രിയിലും നോട്ടിങ്ങാമിലും എന്നുവേണ്ട കൺവെൻഷൻ നടത്തിയ സ്ഥലങ്ങളിലൊക്കെ കൺവെൻഷനിലൂടെ യുകെയിലേ ക്നാനായക്കാർ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് ആയിരക്കണക്കിന് ക്നാനായക്കാരുടെ ഈ പരിപാടി എങ്ങനെ ഇത്ര ഭംഗിയായി ഇത്ര ചിട്ടയായി കോർഡിനേറ്റ് ചെയ്യുന്നു എന്നുള്ളത് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് പക്ഷെ ഞാൻ വിശ്വസിക്കുന്നു ദൈവത്തിന്റെ പ്രത്യേക ഒരു അനുഗ്രഹം നമ്മുടെ ഈ ജനത്തോട് ഒപ്പം ഉണ്ട് അതായിരിക്കാം ഏതു പോലെ ഭംഗിയായി നമ്മൾക്ക് എല്ലാ കൺവെൻഷനും ഭംഗിയായി നടത്താൻ സാധിക്കുന്നത്.

കൺവെൻഷൻ നഗരിയിൽ ക്നാനായക്കാർ ഒരുമിച്ചു കൂടുന്നിടത്തെല്ലാം ആവി പറക്കുന്ന രുചികരമായ വിവിധ നാടൻ ആഹാരങ്ങൾ

നമ്മുടെ കൺവെൻഷന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. രാവിലെ എല്ലാവരും വീട്ടിൽ നിന്നും ഉണ്ടാക്കി തങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി  കൊണ്ടുവരുന്ന തനത് വിഭവങ്ങളായ പോട്ടി, കപ്പയിറച്ചി എന്ന് വേണ്ട നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കാരി വറുത്തത് പോലും കൺവെൻഷൻ നഗരിയിൽ കാണാം. ഇങ്ങനെ കൊണ്ടുവരുന്ന ഭക്ഷണങ്ങൾ അവർ ഒരുമിച്ചിരുന്ന് സുഹൃത്തുക്കൾക്കൊപ്പം ബന്ധുക്കൾക്കൊപ്പം കഴിക്കുന്നത് കൺവെൻഷൻ നഗരിയിലെ പുതുമയില്ലാത്ത കാഴ്ചയാണ്.പരസ്പര സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മഹനീയ സന്ദേശം വിളിച്ചോതുന്ന ഇതുപോലുള്ള മറ്റൊരു അവസരങ്ങളും ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഒന്നിനു പുററെ മറ്റൊന്നായി തനികേരളീയ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകൾ ഒരുക്കാൻ ഇതുവരെനടന്ന എല്ലാ കൺവൻഷനുകൾക്കും നേത്യത്വം നൽകിയ സെൻട്രൽ കമ്മറ്റിയംഗങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

സ്നേഹവും സൗഹൃദവും  നിറഞ്ഞ കുടുംബ സംഗമങ്ങൾ 

രാവിലെ നടക്കുന്ന വിശുദ്ധ ബലിക്ക് ശേഷം നടത്തുന്ന കുടുംബ സംഗമം എല്ലാവർക്കും തങ്ങളുടെ കുടുംബക്കാരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും അയൽപക്കക്കാരോടും സംസാരിക്കാൻ ഉള്ള സമയമാണ്.കൺവെൻഷനിൽ എവിടെയോട്ട് തിരിഞ്ഞാലും പുറകിൽ നിന്നും സൈഡിൽ നിന്നും സ്നേഹത്തോടെയുള്ള വിളി യു കെ കെ സി എ കൺവെൻഷന്റെ മാത്രം പ്രത്യേകതയാണ്. അത് ചിലപ്പോൾ നമ്മുടെ സുഹൃത്തുക്കൾ ആകാം അല്ലെങ്കിൽ നമ്മുടെ ബന്ധു മിത്രാദികൾ ആകാം അല്ലെങ്കിൽ ചിലപ്പോൾ അയൽക്കാർ ആകാം അല്ലെങ്കിൽ കേട്ടറിവിന്റെ പരിചയം മാത്രമുള്ള ചില സുഹൃത്തുക്കൾ ആകാം . കുശലം പറച്ചിലുകൾക്കു ഒരു പകൽ പോരാ എന്ന് തോന്നിക്കുന്ന നിമിഷങ്ങൾ. സ്നേഹബന്ധങ്ങളുടെ ഉൾപ്പുളകങ്ങൾ ഏറ്റുവാങ്ങി മടങ്ങുമ്പോൾ മടക്കയാത്രയിൽ ഓർക്കും ദൈവമേ നന്ദി ഈ കൺവൻഷനിൽ പങ്കെടുക്കാൻ കഴിഞ്ഞല്ലോ. ക്നാനായക്കാരനായി പിറന്നയാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ്,ഭാഗ്യമാണ് ഓരോ UKKCA  കൺവൻഷനുകളും  എന്ന് ഞാൻ ഉറച്ചു വിശ്വസിയ്ക്കുന്നു.

കൺവെൻഷന്റെയും ഏറ്റവും വലിയ ആകർഷണമാണ് വെൽക്കം ഡാൻസ്.

100 കണക്കിന് കുട്ടികൾ ആടിയും പാടിയും ഡാൻസിലൂടെ മഹാ വിസ്മയം തീർക്കുന്ന ക്നാനായക്കാരെ ഓരോരുത്തരെയും ഇടനെഞ്ചിൽ സർഗ്ഗനാളം ചവിട്ടി സന്തോഷത്തിന്റെ മാസ്മരിക ലോകത്ത് എത്തിക്കുന്ന വെൽക്കം ഡാൻസ് അതൊരു അനുഭവമാണ് ആവേശമാണ് അത് നമ്മുടെ വിജയമാണ് അത് .വെൽക്കം ഡാൻസിന്റെ അലയടികൾക്കു സ്റ്റേജിൽ തുടികൊട്ട് തുടങ്ങുമ്പോൾ അവിടെ നമ്മൾക്ക് ഒരു വികാരം മാത്രമേയുള്ളൂ ക്നാനായ എന്ന വികാരം അപ്പോൾ ചില സിനിമകളിൽ പറയുന്നത് പോലെ എനിക്ക് ചുറ്റുമുള്ളത് ഒന്നും കാണാൻ സാധിക്കില്ല കാരണം അത്രയും ആസ്വാദനത്തിന്റെ ആനന്ദത്തിന്റെ അനർഘ നിമിഷങ്ങളാണ് കാണികൾക്ക് ഓരോ വെൽക്കം ഡാൻസും  സമ്മാനിക്കുന്നത്. വെൽക്കം ഡാൻസ് തീരുന്ന നിമിഷം അവിടെ അലയടിക്കുന്ന കയ്യടികളുടെ ഒച്ചയും ക്നാനായ പാട്ടുകളുടെ താളലയവും ഏതൊരു മനുഷ്യനെയും ആസ്വാദനത്തിന്റെ അവർണനീയമായ നിമിഷങ്ങളിൽ എത്തിക്കും.യു കെ കെ സി എ കൺവെൻഷനു വരുന്ന ഒരാൾ പോലും വെൽക്കം ഡാൻസ് കാണാതെ ഇരിക്കില്ല. തിങ്ങി നിറഞ്ഞ വേദിയിൽ ക്നാനായ സമുദായത്തെ ആസ്പദമാക്കിയുള്ള പാട്ടുകളിൽ നമ്മുടെ കുട്ടികൾ നൃത്തം വയ്ക്കുമ്പോൾ നമ്മുടെ സംസ്കാരമാണ് നമ്മുടെ പാരമ്പര്യമാണ് യുകെയിലെ ജനസമൂഹത്തിനായി നമ്മൾ സമർപ്പിക്കുന്നത്.

സ്നേഹവും സാഹോദര്യവും ഒക്കെ പ്രകടമാക്കുന്ന അനർഘ നിമിഷങ്ങൾ

Ukkca കൺവെൻഷനിൽ എത്തുന്ന ഓരോരുത്തർക്കും പറഞ്ഞുതീർത്താൽ തീരാത്ത വിഷയങ്ങൾ ആണുള്ളത് . പലപ്പോഴും സംസാരിച്ചു തീർക്കുവാൻ ഒരു പകൽ തികയില്ല എന്നൊരു അവസ്ഥയാണ്
ഓരോ യു കെ സി കൺവെൻഷനുകളും സാക്ഷ്യം വഹിക്കുന്നത്. ഇതുകൊണ്ട് ഉണ്ടാകുന്ന സൈക്കോളജിക്കൽ ബെനഫിറ്റ് വളരെ വലുതാണ്.മാനസികവും ശാരീരികവുമായ ക്ഷേമത്തെ ബാധിക്കുന്ന നിരവധി ഗുണങ്ങൾ ഇവ നൽകുന്നു. ശക്തമായ സാമൂഹിക ബന്ധങ്ങൾ കൂട്ടി ഉറപ്പിക്കുവാനും ഏകാന്തതയുടെ വികാരങ്ങൾ കുറച്ച് കൂടുതൽ ബന്ധങ്ങൾ ദൃഢമാകുവാനും അതുവഴി മെച്ചപ്പെട്ട മാനസികാരോഗ്യം, സമ്മർദ്ദത്തെ നേരിടാനുള്ള മികച്ച കഴിവ് എന്നിവയ്ക്കും കാരണമാകും. അതോടൊപ്പം തങ്ങൾ കാണുന്ന എല്ലാ സഹോദരങ്ങളും തങ്ങൾക്ക് സ്വന്തമാണെന്ന തോന്നൽ, ലക്ഷ്യബോധം, സന്തോഷം എന്നിവ കൺവെൻഷനിൽ എത്തുന്നത് വഴി ലഭിക്കുകയും ചെയ്യും.

യുവജനങ്ങളുടെ കൺവെൻഷനിലെ കാഴ്ചകൾ

Ukkca കൺവെൻഷനിൽ ഏറ്റവും കണ്ടുവരുന്ന ഒരു കാഴ്ചയാണ് നമ്മുടെ യുവജനങ്ങൾ നമ്മുടെ യു കെ യുടെ നാനാഭാഗത്തുനിന്നും എത്തുന്ന  മറ്റുക്നാനായ കുട്ടികളുമായി ഇടപഴുകുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഒരിക്കൽപോലും കണ്ടു പരിചയം ഇല്ലാത്ത നമ്മുടെ യുവജനങ്ങൾ  അവിടെവച്ച് ആത്മാർത്ഥ സുഹൃത്തുക്കളായി മാറുന്നു.. കൺവെൻഷൻ വെൽക്കം ഡാൻസിന്റെ പ്രാക്ടീസിൽ എത്തുന്ന പല യൂണിറ്റിലെ കുട്ടികളും പിന്നീട് വളരെ അടുത്ത സുഹൃത്തുക്കളായി മാറുന്നത് ഞാൻ കണ്ടത് എൻറെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്. അതോടൊപ്പം നമ്മുടെ കുട്ടികൾക്ക് നമ്മുടെ പൈതൃകവും പാരമ്പര്യവുമൊക്കെ പകർന്നുകൊടുക്കുന്ന വലിയ ഒരു വേദിയും കൂടിയാണ് ukkca കൺവെൻഷനുകൾ. ഇത്രയും വലിയ ജനക്കൂട്ടത്തെ കാണുമ്പോൾ അവരുടെ മനസ്സിൽ കൂടുതൽ കൂടുതൽ സമുദായ സ്നേഹം ഉണ്ടാകുവാൻ ആയിട്ട് ഈ കൺവെൻഷനുകൾ സാധിക്കുന്നു. സമുദായത്തെക്കുറിച്ച് കൂടുതൽ അറിയുവാനും മനസ്സിലാക്കുവാനും ഇത് അവരെ സഹായിക്കുന്നു. പല കുട്ടികളും ukkca കൺവെൻഷനുകളെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നത് ഞാൻ പലപ്പോഴും കേൾക്കാറുണ്ട്. പലരും കൺവെൻഷൻ വേദിയിൽ യാത്ര പിരിയുന്നത് ഇനി അടുത്ത പ്രാവശ്യം കാണാം എന്നുള്ള വേദന നിറഞ്ഞ വാക്കുകളോടെയാണ്.

നയന മനോഹരമായ ukkca കൺവെൻഷൻ പ്രോഗ്രാമുകൾ

കൺവെൻഷൻ്റെ റാലിയെപ്പോലെയും വെൽക്കം ഡാൻസുകൾക്കും ഒപ്പം അവിടെ വരുന്ന ജനങ്ങളെ ആനന്ദത്തിൽ ആറാടിക്കുന്നതാണ് കൺവെൻഷനിൽ നടത്തുന്ന മനോഹരമായ പ്രോഗ്രാമുകൾ . ഓരോ യൂണിറ്റുകളും മത്സരിച്ചാണ് ഏറ്റവും നല്ല രീതിയിലുള്ള നയന മനോഹരമായ പ്രോഗ്രാമുകൾ  അവതരിപ്പിക്കുന്നത്   പലപ്പോഴും വെൽക്കം ഡാൻസിനോടു കിടപിടിക്കുന്നതായിരിക്കും  പല യൂണിറ്റുകളും അവതരിപ്പിക്കുന്ന ഡാൻസുകളും മറ്റു പരിപാടികളും. കഴിഞ്ഞ 21 വർഷവും വിവിധങ്ങളായ യൂണിറ്റുകൾ അവതരിപ്പിക്കുന്ന ക്നാനാനായക്കാരുടെ തനത് കലാരൂപമായ മാർഗംകളി കൺവെൻഷൻ പ്രോഗ്രാമുകളുടെ  ഒഴിച്ചുകൂടാൻ ആവാത്ത ഒരു പ്രത്യേകതയാണ്. ക്നാനായ സമുദായത്തെ സംബന്ധിക്കുന്ന നിരവധി സ്കിറ്റുകളും നാടകങ്ങളും ഒക്കെ കൺവെൻഷൻ പ്രോഗ്രാമുകളെ  സമ്പുഷ്ടമാക്കുന്നു.

വർണ്ണപ്പകിട്ടാർന്ന കളറുകളുടെ ഒറ്റത്തുകയാണ് ukkca കൺവെൻഷനുകൾ

Ukkca കൺവെൻഷനു എത്തുന്ന ഓരോരുത്തർക്കും ദർശിക്കാൻ ആവുന്നത് നോർത്ത് ഇന്ത്യയിലെ ഹോളി പോലെ വർണ്ണപ്പകിട്ടാർന്ന ഒരു കളർ ഉത്സവം തന്നെയാണ്.മനോഹരവം പ്രത്യേകമായി ഡിസൈൻ ചെയ്ത സാരികളും ഉടുത്ത് വനിതകൾ കൺവെൻഷൻ എത്തുമ്പോൾ വ്യത്യസ്തമായ കളർ കോമ്പിനേഷൻ ഉള്ള ഷർട്ടുകളും നല്ല നാടൻ മുണ്ടുകളും ഒക്കെയായി പുരുഷന്മാരും എത്തുന്നു  ഇതൊക്കെ ഒരു കാണണ്ട കാഴ്ച തന്നെയാണ്. അത് മാത്രവുമല്ല വ്യത്യസ്ത കളറുള്ള ബലൂണുകൾ , നിരവധി കളർ കോമ്പിനേഷൻ ഉള്ള കുട്ടികളുടെ ഡ്രസ്സുകൾ എന്നിങ്ങനെ കൺവെൻഷന്റെ മനോഹരതയുടെ  ഭാഗമായ കളറുകൾ ഒന്ന് കാണേണ്ട കാഴ്ചയാണ്. പലരും മാസങ്ങൾക്കു മുൻപേ കൺവെൻഷിൽ ധരിക്കുവാനുള്ള ഡ്രസ്സുകൾ തയ്യാറാക്കും. വിവിധ കളറിലുള്ള തോരണങ്ങൾ, റാലിക്കായി ഒരുക്കുന്ന കളർ കോമ്പിനേഷനുകൾ, വർണ്ണക്കടലാസുകൾ ഇതെല്ലാം  കാണുന്ന ഏതു കണ്ണുകൾക്കും  ആസ്വാദനത്തിന്റെ കുളിർമ ഉണ്ടാക്കും.

ഏതു പ്രായക്കാർക്കും അവരുടെ അഭിരുചിക അനുസരിച്ച് ആനന്ദിക്കുന്ന നിമിഷങ്ങളാണ് ഓരോ UKKCA കൺവെൻഷനുകളും

പ്രായഭേദമന്യേ ഏവർക്കും സന്തോഷത്തിന് നിമിഷങ്ങളാണ് ഓരോ കൺവെൻഷനുകളും സമ്മാനിക്കുന്നത്. ഓരോ പ്രായത്തിനനുസരിച്ച് ഓരോ സുഹൃത്തുക്കളെയുമാണ്  ഓരോ കൺവെൻഷനിൽ നിന്നും ലഭിക്കുന്നത് എന്നത് കൺവെൻഷന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. നാട്ടിൽ നിന്ന് വരുന്ന മാതാപിതാക്കൾ പോലും കൺവെൻഷനിൽ എത്തുമ്പോൾ അത്ഭുതമാണ് അവരുടെ കണ്ണുകളിൽ ഇത്ര ക്നാനായക്കാർ ഒരുമിച്ചു കൂടുന്നു എന്നുള്ളത് അവരെ ആശ്ചര്യഭരിതമാക്കുന്നു. കുഞ്ഞു കുട്ടികൾ വരെ പല യൂണിറ്റുകളിലെ കുട്ടികളുമായി ഒരു പരിചയം പോലും ഇല്ലാതെ  മറ്റുള്ള യൂണിറ്റുകളുടെ കുട്ടികളുമായി ഒരുമിച്ച് ഓടി ചാടി നടക്കുന്നത് കാണുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാത്തതാണ്

നമ്മുടെ കൺവെൻഷനുകൾ പഴയ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ദിവസങ്ങൾ ഓർമപ്പെടുത്താനും ഒരുപാട് അനുഭവങ്ങൾ പങ്ക് വയ്ക്കാനും കരുതാനും ആദരിക്കാനും ആദരിക്കപ്പെടാനും ജീവിതത്തിന് നിറവും രുചിയും മണവും നൽകാനും സാധിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നമ്മളെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാനും നമ്മുടെ മനസ്സ് ഉത്സവമാകാൻ കൺവെൻഷനുകൾ സാധിക്കുന്നു.നാം നമ്മെ തന്നെ കണ്ടെത്തുന്ന അവസരമാണ് ഓരോ കൺവെൻഷനുകളും . കൺവെൻഷന്റെ കൊടിയിറങ്ങി അവിടെനിന്ന് യാത്രയാകുമ്പോൾ പല കണ്ണുകളിലും നേരിയ ഒരു കണ്ണീരിന്റെ നനവ് കാണാം. കാരണം ഇനിയും ഈ സന്തോഷത്തിന്റെ നല്ല നിമിഷങ്ങൾക്ക് ഒരു വർഷത്തെ കാത്തിരിപ്പ് എന്നുള്ളത് കൊണ്ട് മാത്രമാണ്. ചുറ്റും നിൽക്കുന്നവർക്ക് ആസ്വാദ്യകരമായി ഇനി വരുന്ന എല്ലാ കൺവെൻഷനുകളും മനുഷ്യനെ കൂടുതല്‍ ചേര്‍ത്ത് നിർത്താൻ വേണ്ടിയുള്ളതാകട്ടെ. ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും കൈകോർത്തു നമ്മുടെ കൂട്ടായ്മ കൂടുതൽ കൂടുതൽ ശോഭയോടെ എന്നും എപ്പോഴും യുകെയിൽ വെളിച്ചംവിതറട്ടെ എന്നാണ് ഈ വേളയിൽ എന്റെ ഹൃദയപൂർവമുള്ള ആശംസ…എൻറെ ഈ ചെറിയ റൈറ്റ് അപ്പ്  ഒരാൾക്കെങ്കിലും UKKCA കൺവെൻഷനുകളെക്കുറച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചാൽ ഞാൻ ധന്യനായി.

എനിക്കൊരു പ്രാർത്ഥനയേയുള്ളൂ കഴിഞ്ഞ 21 വർഷമായി തുടർന്ന് വരുന്ന UKKCA  കൺവെൻഷനുകൾ നമ്മൾ ഉള്ള കാലം വരെയും അതിന്റെ പ്രൗഡിയിൽ തുടരണം എന്ന് തന്നെയാണ് . അത് നമ്മുടെ  തനിമയുടെ ഒരുമയുടെ സന്ദേശവുമായി യൂറോപ്പിൽ എന്നും  വിളങ്ങട്ടെ …… ഒരിക്കൽ കൂടി ജൂലൈ 12 ന് ടെല്ഫോർഡിൽ  വച്ച് നടക്കുന്ന 22 മത് കൺവെൻഷന്  എൻറെ എല്ലാവിധ ആശംസകൾ നേരുകയാണ്

 

Facebook Comments

Read Previous

ധന്യൻ മാർ മാത്യു മാക്കീൽ മത്സരങ്ങളിൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകക്ക് പന്ത്രണ്ടിൽ ഏഴ് സമ്മാനങ്ങളുടെ തിളക്കം

Read Next

പനച്ചിക്കാട് തെക്കേപ്പറമ്പിൽ റ്റി.സി. ജോസ് (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE