മടമ്പം : അർധ വാർഷിക പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് ഏറെ സഹായകരമാവുന്ന രീതിയിൽ മാതൃകാ ചോദ്യങ്ങൾ വികസിപ്പിച്ചെടുത്ത ഏഴാം ക്ലാസ്സ് വിദ്യാർഥികളുടെ പഠന പ്രവർത്തനം ഏറെ ശ്രദ്ധേയമായി. മടമ്പം മേരിലാൻഡ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സിലെ മൂന്ന് ഡിവിഷനുകളിലെ വിദ്യാർഥികൾ നടത്തിയ സംഘ പ്രവർത്തന ഫലമായി ഉരുത്തിരിഞ്ഞത് പന്ത്രണ്ട് സെറ്റ് ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും ഉൾക്കൊള്ളുന്ന ഒന്നാംതരം പഠന സാമഗ്രി. പാഠ പുസ്തകത്തിലെ വിവിധ പ്രവർത്തനങ്ങൾ രണ്ടാം ടേമിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി വിവിധ മാതൃകാ ചോദ്യങ്ങൾ കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞു തയ്യാറാക്കി. അവ ഇംഗ്ലീഷ് അദ്ധ്യാപകൻ റൂബിൻ സ്റ്റീഫന്റെ നേതൃത്വത്തിൽ എഡിറ്റ് ചെയ്ത് ചോദ്യപേപ്പറിന്റെ ഘടനയിൽ ക്രമീകരിച്ചാണ് പഠന സാമഗ്രി തയ്യാറായത്.
‘The Lantern of Learning : Questions from Young Questers’ എന്നു പേരിട്ട ചോദ്യശേഖര പുസ്തകം ഇതേ സ്കൂളിലെ അദ്ധ്യാപകൻ അഖിൽ ടോമി മനോഹരമായ കവർ പേജ് രൂപകല്പന ചെയ്ത് ആകർഷകമാക്കി. സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപകൻ ഷാജു ജോസഫ് പുസ്തകം പ്രകാശനം ചെയ്തു. യു പി വിഭാഗം എസ് ആർ ജി കൺവീനർ സിസ്റ്റർ ഷൈനി പുസ്തകം ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റന്റ് ബിജുമോൻ എൻ. എം., ഇംഗ്ലീഷ് അദ്ധ്യാപകൻ റൂബിൻ സ്റ്റീഫൻ, തുടങ്ങിയവർ സംബന്ധിച്ചു. മയൂഖ പ്രദീപ്, സൂര്യദേവ് സി ആർ, അനന്തകിഷോർ കെ എസ്, വേദിക കെ എം, പാർവതി എം, ഫാത്തിമ കെ, നക്ഷത്ര പി, അഗ്നിസ്‌നിഗ്ധ് എം, ശ്രീയുക്ത പി, അന്വയ് ടി വി, ഷെസ സഹീദ് സി, ഫീനിക്സ് മാത്യു ഫിലിപ്പ് എന്നിവരാണ് ചോദ്യശേഖര നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് സ്കൂളിലെ മറ്റു കുട്ടികൾക്കും ഇതര സ്‌കൂളുകളിലെ കുട്ടികൾക്കും സൗജന്യമായി പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ഈ പഠന സാമഗ്രി ഓൺലൈൻ സങ്കേതത്തിൽ ലഭ്യവുമാണ്.
Facebook Comments