സിഡ്നി: നമ്മുടെ തനിമ നമ്മുടെ അവകാശമാണെന്നും അത് സംരക്ഷിക്കാനുള്ള പോരാട്ടം സമാധാനപരവും ദൃഢവുമായിരിക്കണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പറഞ്ഞു. ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന കൺവൻഷൻ (പൈതൃകം 2026) സിഡ്നിയിലെ ഹോട്ടൽ വില്ല്യം ഇംഗ്ലീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്.
2026 മാർച്ച് 23 ന് കേരള ഹൈക്കോടതിയിൽ നിന്ന് നമുക്കെതിരെ ഉണ്ടായ വിധിയിൽ പിതാക്കന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായർക്കും ഏറെ വേദനയുണ്ട്. ഈ വേദനയിൽ നമ്മൾ ഒരുമിച്ചു നിൽക്കണം. ആരേയും മാറ്റി നിർത്തേണ്ട ആവശ്യമില്ല. ക്നാനായ സമുദായത്തിനെതിരെയുള്ള കോടതി നടപടികൾ 1980 മുതൽ തുടങ്ങിയതാണ്. 1989 ൽ നമുക്കെതിരെ ജില്ലാകോടതിയിൽ നിന്നും ഹൈക്കോടതിയിൽനിന്നും വിധി ഉണ്ടായി. പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ഈ കേസ് പിന്നീട് ഹൈക്കോടതിയിലേയ്ക്ക് വിട്ടു. സ്വവംശ വിവാഹ നിഷ്ഠ പാലിക്കുന്ന നമ്മുക്കുവേണ്ടി മൂന്ന് മെത്രാന്മാർ ഒരുമിച്ച് ആവശ്യപ്പെട്ടതിനെതുടർന്നാണ് 1911 ൽ തെക്കുംഭാഗർക്കായി പ്രത്യേക വികാരിയത്ത് തന്നത്. 1960 മുതൽ നമ്മുടെ സമുദായത്തിൽ നിന്ന് മാറി കെട്ടുന്ന പ്രവണത തുടങ്ങിയിരുന്നു. ഇങ്ങനെയുള്ളവർക്ക് വിവാഹത്തിനായുള്ള മറ്റ് അജപാലന സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. ഇക്കഴിഞ്ഞ കോടതി വിധിയിൽ സമുദായം എൻഡഗോമി പാലിക്കുന്നതിന് കോടതി എതിരല്ലാ. എന്നാൽ എല്ലാവരും സഭയിൽ ഉൾക്കൊള്ളണമെന്നതായിരുന്നു കോടതി നിലപാട്. ഈ കേസിൽ നമ്മൾ വിജയിക്കുന്നതിനുവേണ്ടി മനുഷ്യസഹജമായ എല്ലാ കാര്യങ്ങളും ചെയ്തതാണ്. എന്നാൽ കോടതി വിധി നമുക്ക് എതിരാവുകയായിരുന്നു. രൂപതയുടെ നിലനില്പ്പിനും വളർച്ചയ്ക്കുമായി അഭി. മൂലക്കാട്ട് പിതാവ് തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തു വരുന്നു. കഴിഞ്ഞ 20 വർഷമായി സഹായ മെത്രാൻ എന്ന നിലയിൽ എനിക്ക് നേരിട്ട് ബോധ്യമുള്ള കാര്യങ്ങളാണ് ഇത്. സൂര്യ ചന്ദ്രന്മാർ ഉള്ളിടത്തോളം കാലം നമ്മുടെ സമുദായം നിലനില്ക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.
വലിയ അഗ്നി പരീക്ഷണങ്ങളേയും പ്രതിസന്ധികളെയും അതിജീവിച്ചാണ് നമ്മുടെ സമൂഹം കടന്നു വന്നിട്ടുള്ളത്. പ്രതിസന്ധികളിൽ പതറാതെ ഒരുമിച്ചു നടക്കുവാൻ നമുക്ക് കഴിയണം. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് നമ്മുടെ പൂർവ്വീകർ ഇവിടം വരെ എത്തിയത്. നിയമങ്ങളും സാഹചര്യങ്ങളും എതിരായാൽപോലും ഒരുമിച്ചു നിന്നാൽ നമുക്ക് അതൊക്കെ തിരിച്ചു വാങ്ങാം. പ്രതിസന്ധികളിൽ തളരാതെ ഉറച്ചു നിൽക്കുന്നതാണ് ക്നാനായ പാരമ്പര്യം. പതറാത്ത വിശ്വാസമാണ് ക്നാനായക്കാരെ പ്രതിസന്ധികളിൽ ഒരുമിച്ചു നിർത്തുന്ന പ്രധാന ഘടകം. നമ്മുടെ സമുദായത്തിന്റെ അടിത്തറ തന്നെ വലിയ അതിജീവനത്തിന്റെ കഥയാണ്. ക്നായി തോമായുടെയും ഉറഹമാർ യൗസേപ്പിന്റെയും നേതൃത്വത്തിൽ 72 കുടുംബങ്ങൾ കടന്നു വരുമ്പോൾ ആഴക്കടലിലെ തിരമാലകളെക്കാൾ വലിയ പ്രതിസന്ധികളാണ് അവരുടെ മുന്നിലുണ്ടായിരുന്നത്. എന്നാൽ പ്രത്യാശ കൈവിടാതെ അതിനെ അതിജീവിച്ച് അവർ മുന്നേറി. അതൊരു പോരാട്ടമായിരുന്നു. അതുമായി വച്ചു നോക്കുമ്പോൾ ഇപ്പോഴത്തെ പ്രതിസന്ധി ചെറുതാണ്. ഒരു വിധി പ്രസ്താവത്തിനു ഒരു ജനതയെ തകർക്കാൻ കഴിയില്ലെന്ന് ബാബിലോണിയിൽ നിന്ന് തിരിച്ചു വന്ന ഇസ്രായേൽ ജനം കാണിച്ചു കൊടുത്തു.
തകർച്ചയുടെ കാലം ദൈവത്തോട് അടുക്കുന്നതാകണം. നിയമങ്ങളും മറ്റും നമുക്ക് എതിരായാൽപോലും ഒരുമിച്ചു പോരാടിയാൽ നഷ്ടപ്പെട്ടതൊക്കെ നമുക്ക് തിരിച്ചു പിടിക്കാം. നമ്മൾ പിടിച്ചുനിൽക്കുന്നത് തനിമയുടെയും വിശ്വാസത്തിന്റെയും കരുത്തുകൊണ്ടാണ്. കടൽ പിളർന്നത് മോശയ്ക്കുവേണ്ടിയാണെങ്കിൽ ചരിത്രത്തിൽ ഓരോ കടലും കടക്കുവാൻ ദൈവം നമുക്ക് വഴിയൊരുക്കും.
കൺവൻഷന് മുന്നോടിയായി പ്രസിഡന്റ് ജോസ് എബ്രാഹം പതാക ഉയർത്തി. തുടർന്ന് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലും ആറോളം വൈദികരുടെ സഹകാർമ്മികത്വത്തിലും വിശുദ്ധ ബലി അർപ്പിച്ചു. സമ്മേളനത്തിൽ കെ.സി.സി.ഒ പ്രസിഡന്റ് ജോസ് എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. കൺവൻഷൻ ചെയർമാൻ ബേബി ജോസഫ് സ്വാഗതം പറഞ്ഞു. കെ.സി.സി. പ്രസിഡന്റ് ബാബു പറമ്പേടത്തുമലയിൽ ആശംസ നേർന്നു. വൈസ് പ്രസിഡന്റ് ജിജോമോൻ തോമസ് നന്ദി പറഞ്ഞു. കൺവൻഷന്റെ രണ്ടാം ദിവസം മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനത്തോട്ടം സംബന്ധിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും മത്സരങ്ങളും ഒരുക്കിയിരുന്നു. മിസ്റ്റർ ക്നാ, മിസ് ക്നാ മത്സരവും സംഘടിപ്പിച്ചു. കൂടാതെ ചെണ്ടമേളം കാണികളെ കൂടുതൽ ആവേശഭരിതമാക്കി. സെമിനാറുകൾ, വർണ്ണശബളമായ റാലി, വടംവലി, ഡാൻസ് തുടങ്ങിയവ കൺവഷനെ കൂടുതൽ സജ്ജീവവും വർണ്ണാഭവവുമാക്കി. കൺവൻഷനോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക മാർ ജോസഫ് പണ്ടാരശ്ശേരിൽ പ്രകാശനം ചെയ്തു. 13 യൂണിറ്റുകളിൽ നിന്നായി 1700-ഓളം പേർ കൺവൻഷനിൽ സംബന്ധിച്ചു. പരിപാടികൾക്ക് കെ.സി.സി.ഒ പ്രസിഡന്റ് ജോസ് എബ്രാഹം ചക്കാലപ്പറമ്പിൽ, കൺവൻഷൻ ചെയർമാൻ ബേബി ജോസഫ് പാറ്റാക്കുടിലിൽ, മറ്റ് ഭാരവാഹികളായ ജോസഫ് ചാക്കോ വരിക്കമാതൊട്ടിൽ, ജിജോമോൻ തോമസ് കാലാതാട്ടിൽ, ഡോൺ ജോൺസ് പതിപ്ലാക്കിൽ, റ്റോമി തോമസ് വടശ്ശേരിക്കുന്നേൽ, റിതിൻ സിറിൾ നെടിയപ്പള്ളിൽ, സെലിൻ ജോസ് കുരികിലുംകുന്നേൽ, ലിജോ ജോസഫ് കൊണ്ടാടുംപടവിൽ, ഷിബു ജോർജ് പുത്തേട്ട് എന്നിവർ നേതൃത്വം നൽകി.
