കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരുന്നുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. പ്രയാസപ്പെടുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുന്നതിലൂടെ പരസ്പര സഹവര്‍ത്തിത്വത്തിന്റെയും കരുതലിന്റെയും പുതിയ ആശയങ്ങളും സന്ദേശങ്ങളുമാണ് സമൂഹം കൈമാറുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ്, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ്, സിബിആര്‍ കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസ്സിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സിന്റെയും സഹകരണത്തോടെ കോട്ടയം, എറണാകുളം ജില്ലകളിലെ അമ്പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം ചെയ്തത്.