Latest News

കോട്ടയത്ത്നിന്നും കന്യായകുമാരി വഴി റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബർഗ് ലേയ്ക്ക് വിദ്യാഭ്യാസം യാത്രാ സ്വാതന്ത്ര്യം എന്നീ മൗലീകാവകാശങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ച്കൊണ്ട് മലയാളിയായ ജോമെറ്റ് മാണി നടത്തി റോഡ് ട്രിപ്പ് ശ്രദ്ധേയമായി

രണ്ട് ഭൂഖണ്ടങ്ങളും, അഞ്ച് രാജ്യങ്ങളും, 55 ദിവസങ്ങളും, 22000 കിലോമീറ്ററും. എട്ട് പേർ രണ്ട് കാറുകളിലായി നടത്തിയ യാത്രയാണ്. XPDBeyond Asia നടത്തിയ കോയമ്പത്തൂർ – സെന്റ് പീറ്റേഴ്‌സ്ബർഗ്  ആന്റി ക്യാൻസർ ഡ്രൈവിൽ മലയാളി സാന്നിധ്യമായി കോട്ടയം സംക്രാന്തി സ്വദേശി പൂഴിക്കുന്നേൽ ജോമെറ്റ്  മാണിയും യാത്ര ചെയ്തു. യെസ്റ്റെ ചാരിറ്റിയുടെ പ്രോജക്ട് റൈറ്റിന്റെ പ്രചാരണാർദ്ധം വിദ്യാഭ്യാസം, യാത്രാസ്വാതന്ത്ര്യം എന്നീ മൗലീകാവകാശങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് ജോമറ്റ് കന്യാകുമാരി മുതൽ യാത്ര ചെയ്തത്. 

ഓഗസ്റ് ഏഴിന് കോയമ്പത്തൂർ SRT ടാറ്റയിൽ നിന്ന് ആരംഭിച്ച ഡ്രൈവിലേക്ക് രണ്ട് ദിവസം മുൻപ് തന്നെ ജോമറ്റ് സ്വന്തം കാറിൽ യാത്ര തിരിച്ചു. ഓഗസ്റ് അഞ്ചിന് കോട്ടയം എം.ജി. യൂണിവേഴ്‌സിറ്റി ക്യാംപസിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. സാബു തോമസ് ആണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഫേസ്ബുക് സോഷ്യൽ മീഡിയയിലെ GNPC  ഗ്രൂപ്പ് അഡ്മിൻ അജിത്കുമാർ ടി  സന്നിഹിതനായിരുന്നു. അന്നേ ദിവസം കന്യാകുമാരിയിൽ എത്തുകയും അവിടെനിന്നു അടുത്ത ദിവസം കോയമ്പത്തൂരിലേക്ക് യാത്ര തുടരുകയും ചെയ്തു. അവിടെ വെച്ച് XPDBeyond Asia ടീമംഗങ്ങളായ ബാക്കി ഏഴ് പേർക്കൊപ്പം ചേരുകയും ‘പാഡ്മാൻ’ എന്നറിയപ്പെടുന്ന പദ്മശ്രീ അരുണാചലം മുരുഗാനന്ദവും, ഏഷ്യാഡ്‌ ഗോൾഡ് മെഡൽ നേടിയ അത്‌ലറ്റ് ശ്രീമതി ഗോമതി മാരിമുത്തുവും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. Tata Motors സ്പോൺസർ ചെയ്ത Tata Hexa കാറുകളിലായിരുന്നു യാത്ര. 

ഹൈദരാബാദ്, നാഗ്പൂർ, പ്രയാഗരാജ്, ഗോരഖ്പൂർ എന്നീ നഗരങ്ങളിലൂടെയായിരുന്നു ഇന്ത്യയിലെ യാത്ര. ഇന്ത്യയിലെ എട്ട് സംസ്‌ഥാനങ്ങളും മൂവായിരത്തിലധികം കിലോമീറ്ററുമാണ് ജോമറ്റ് കാറിൽ ആറു ദിവസം കൊണ്ട് സഞ്ചരിച്ചത്. ഭൂരിഭാഗവും നല്ല റോഡുകൾ ആയിരുന്നുവെങ്കിലും മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്‌ഥാനങ്ങളിലെ ഹൈവേകളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലിക്കൂട്ടങ്ങൾ യാത്ര ദുർഘടമാക്കി. വാഹനങ്ങളിടിച്ച് ചത്ത മൃഗങ്ങളുടെ ശരീരങ്ങൾ നീക്കം ചെയ്യപ്പെടാതെ റോഡിൽ കിടക്കുന്നത് അപകടകരമായിരുന്നു, പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രികർക്ക്. 

2015 ലെ ഭൂചലനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് വളരെ ബുദ്ധിമുട്ടി കരകയറാൻ ശ്രമിക്കുന്ന നേപ്പാളിനെയാണ് പിന്നീട് കണ്ടത്. മോശം സാമ്പത്തികാവസ്‌ഥ കാരണം പതുക്കെ മാത്രം പുനരുജ്ജീവിച്ച് തുടങ്ങിയിരിക്കുന്ന നേപ്പാളിൽ റോഡുകൾ ഭൂരിഭാഗവും താറുമാറായി തന്നെ കിടക്കുകയാണ്. പ്രാചീന സാംസ്കാരിക ദൃശ്യഭംഗി നിറഞ്ഞതായിരുന്നു കാഠ്മണ്ഡു എങ്കിലും അന്തരീക്ഷമലിനീകരണം ഒരു വലിയ പ്രശ്നം തന്നെയായിരുന്നു. പലരുടെയും അനുഭവം കേട്ടും വായിച്ചും ഏറെ ദുർഘടം പിടിച്ച വഴിയായിരിക്കും ട്രാൻസ് സൈബീരിയൻ ഹൈവേ എന്ന് പ്രതീക്ഷിച്ചിരിക്കെ, അതിനെ തകിടം മറിച്ചുകൊണ്ടാണ് ടിബറ്റിലേക്ക് നീളുന്ന ഹൈവേ എത്തിയത്. ഈ യാത്രയിലെ തന്നെ ഏറ്റവും മോശം റോഡ് അതായിരുന്നു. മണ്ണും ചെളിയും കല്ലും നിറഞ്ഞ വഴിക്ക് ഹൈവേ എന്ന പേര് മാത്രമേയുള്ളു ഇപ്പോൾ. പല വാഹനങ്ങളും കുടുങ്ങിപ്പോയ ആ വഴിയിൽ ട്രക്കുകളും 4 വീൽ ഡ്രൈവ് വാഹനങ്ങളും മാത്രമേ അധികം ബുദ്ധിമുട്ടാതെ പോകുന്നുണ്ടായിരുന്നുള്ളു. കഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ മാത്രമകലെ ടിബറ്റ് ബോർഡറിലേക്ക് എത്താൻ രണ്ട് ദിവസമെടുത്തു. അതിൽ രണ്ടാമത്തെ ദിവസം 35 കിലോമീറ്റർ കടക്കാൻ 8  മണിക്കൂർ വരെ എടുത്തു. പലയിടങ്ങളിലും മണ്ണ് വകഞ്ഞു മാറ്റിയും കല്ലുകൾ പൊട്ടിച്ചും പെറുക്കിയിട്ടും സ്വയം വഴിയുണ്ടാക്കി കടന്നുപോവുന്ന അവസ്‌ഥയാണ്‌ ഉണ്ടായത്. 4 വീൽ ഡ്രൈവ് അല്ലായിരുന്നിട്ടു കൂടി ടാറ്റ ഹെക്സ കാറുകളുടെ മികച്ച പെർഫോമൻസ് കൊണ്ടുമാത്രമാണ് ആ പാത കടന്നുകിട്ടിയത്.

എന്നാൽ ടിബറ്റ് ബോർഡർ മുതൽ യാത്ര പൂർണ്ണമായും മാറി. മികച്ച റോഡുകളും സൗകര്യങ്ങളുമുണ്ടെങ്കിലും അവിടെ മുതൽ ചൈനയിൽ നിന്ന് പുറത്തിറങ്ങും വരെ ഒരു ചൈനീസ് ഗൈഡിനൊപ്പം മാത്രമേ യാത്ര ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്ന ഗൈഡ് വാങ്‌ത ബോർഡറിൽ തന്നെ കാത്തുനിന്ന് ജോയിൻ ചെയ്തു. സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരെയുള്ള ടിബറ്റിൽ എത്തിയപ്പോൾ വായുമർദ്ദക്കുറവുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങി. ടിബറ്റിൽ അപ്രതീക്ഷിതമായി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഉപയോഗിക്കാൻ തീരെ നിർവ്വാഹമില്ലാത്തത്ര വൃത്തിഹീനമായ പബ്ലിക്ക് ടോയ്‍ലെറ്റുകൾ ആയിരുന്നു. രാത്രിയിൽ താമസത്തിനെത്തുന്ന റൂമുകളിലെ ടോയ്‌ലെറ്റ് മാത്രമായിരുന്നു വൃത്തിയുള്ളത്. റൈറ്റ് ഹാൻഡ് ട്രാഫിക്കിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് കാർ ഓടിക്കുക എന്ന യാത്രയിലെ തന്നെ പ്രധാന വെല്ലുവിളി ടിബറ്റിൽ ആരംഭിക്കുകയായിരുന്നു. 

പൊട്ടാല പാലസ്, ജാഖോങ് ടെമ്പിൾ, യംഡ്രോക് തടാകം, മൊണാസ്ട്രികൾ എന്നിവ കണ്ട ശേഷം  എവറസ്റ്റ് ബേസ് ക്യാംപിൽ ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യത്തെ സംഘമായി സന്ദർശിക്കാൻ എത്താൻ കഴിഞ്ഞതും കാലാവസ്‌ഥാ പൂർണ്ണമായും അനുകൂലമായിരുന്നതിനാൽ അവിടെ നിന്ന് എവറസ്റ് കൊടുമുടി നന്നായി കാണാൻ കഴിഞ്ഞതും ഏറെ സന്തോഷമേകി. ചൈന മെയിൻലാൻഡിലേക്ക് കടക്കാൻ വാഹനങ്ങൾക്ക് ചൈനീസ് രജിസ്‌ട്രേഷൻ, നമ്പർ പ്ളേറ്റ്, ഇൻഷുറൻസ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയെല്ലാം ആവശ്യമായതിനാൽ അവയെല്ലാം ടിബറ്റിൽ നിന്ന് തയ്യാറാക്കുകയും ചെയ്തു.  

2008 ൽ ചൈന ടിബറ്റ് പൗരന്മാരുടെയെല്ലാം പാസ്പോർട്ട് റദ്ദാക്കി. യാത്രാ സ്വാതന്ത്ര്യം എന്ന മൗലികാവകാശം സംരക്ഷിക്കുവാനുള്ള സന്ദേശം പ്രചിരിപ്പിച്ചുകൊണ്ടുള്ള യാത്ര, യാത്രാ സ്വാതന്ത്ര്യം പാടെ നിഷേധിക്കപ്പെട്ട ഒരു ജനതയുടെ നാട്ടിലൂടെ കടന്നുപോയത് യാദൃശ്ചികതയായി.ചൈന ലോകോത്തര റോഡുകളും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും കൊണ്ട് വിസ്മയിപ്പിച്ച രാജ്യമാണ്. ഒരു കിലോമീറ്ററിന് ഏകദേശം അഞ്ചര രൂപ അടുത്താണ് ഹൈവേ ടോൾ തുക. എന്നാൽ ലോകോത്തര നിലവാരത്തിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. യാത്രയ്ക്ക് യാതൊരു വിധ തടസ്സങ്ങളോ വഴിയരികിൽ മാലിന്യങ്ങളോ അങ്ങനെയൊന്നും തന്നെയില്ല. നഗരപ്രദേശങ്ങളോട് അടുക്കുമ്പോൾ മാത്രമാണ് ട്രാഫിക് കൂടുതലായി ഉണ്ടായത്. അഞ്ചും ആറും നിലകളിലായി ഫ്‌ളൈ ഓവറായി ഹൈവേകൾ നിർമ്മിച്ചിരിക്കുന്നതും കാണാനിടയായി. 

ചില നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം അനുഭവപ്പെട്ടെങ്കിലും നഗരത്തിനു പുറമെയുള്ള പ്രദേശങ്ങളിൽ ഒന്നും തന്നെ പ്രശ്നങ്ങളുണ്ടായിരുന്നില്ല. ബീജിംഗ് ഒരു മഹാനഗരം തന്നെയാണ്. നഗരത്തിൽ നമ്മുടെ റോഡുകളേക്കാൾ വീതിയിലാണ് കാല്നടയാത്രികർക്കുള്ള വാക്ക് വേകൾ പോലും നിർമ്മിച്ചിരിക്കുന്നത്. ഏതൊരു ഓഫീസുകളിലോ സ്‌ഥാപനങ്ങളിലോ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ എല്ലാ കാര്യങ്ങളും കൃത്യമായും വേഗവും സാധിച്ചുകിട്ടിയിരുന്നു ചൈനയിൽ. 

ചൈനയിലെ ഡ്യുപ്ലിക്കേറ്റ് എന്താണെന്നു നേരിൽ കാണുവാൻ സാധിച്ചു. ഒരുവിധം എല്ലാ കാറുകളുടെയും കാർബൺ കോപ്പി പോലുള്ള ഡ്യുപ്ലിക്കേറ്റ് കാറുകൾ ചൈനയിൽ സാധാരമാണ്. പക്ഷെ മികച്ച ക്വാളിറ്റിയുള്ള അവ പകുതിയിൽ താഴെ വിലയ്ക്ക് ലഭ്യാമാണ് താനും. റേഞ്ച് റോവറിന്റെയും ജീപ്പിന്റേയും പോലും ഡൂപ്ലികേറ്റ് കണ്ട ചൈനയിൽ പക്ഷെ ടാറ്റ ഹെക്സ കാറുകൾ കാണുവാനും അറിയുവാനും ഒരുപാട് പേർ വന്നു എന്നത് കൗതുകകരമായിരുന്നു. ടിബറ്റിലെ അത്രതന്നെ ഇല്ലെങ്കിൽ പോലും വൃത്തിയില്ലാത്ത പബ്ലിക് ടോയ്‍ലെറ്റുകൾ തന്നെയായിരുന്നു ചൈനയിലെ പ്രശ്നം. തന്നെയല്ല, ചൈനീസ് അല്ലാതെ ഇംഗ്ലീഷിൽ ഒരു വാക്ക് പോലും അറിയാത്ത അവസ്‌ഥ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. 

മലയാളിയെന്നതിലുള്ള അഭിമാനം കൊണ്ട് ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനാ വന്മതിലിൽ കേരളീയ വേഷത്തിൽ ഷർട്ടും മുണ്ടും ധരിച്ച് തന്നെ സന്ദർശിക്കുവാനും ആ നിമിഷങ്ങൾ യൂട്യൂബ് ചാനലിൽ ലൈവായി കാണിക്കുവാനും സാധിച്ചു.ചൈനയിൽ നിന്ന് റഷ്യയിലേക്ക് കൊമേർഷ്യൽ പോർട്ട് വഴിയാണ് പോകാൻ ഉദ്ദേശിച്ചത്. അതുകൊണ്ട് തന്നെ ചൈനയിൽ നിന്ന് കാറുകൾ ട്രക്കിൽ കയറ്റി മാത്രമേ കൊണ്ടുപോകാൻ കഴിയൂ. ചൈനയിലെ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയായെങ്കിലും റഷ്യയിലെ കസ്റ്റംസ് ക്ലിയറൻസിൽ ഒരുപാട് തടസ്സങ്ങൾ വന്നു. മൂന്ന് ദിവസം യാത്ര മുടങ്ങുകയും ചെയ്തു. മുൻപ് ലാൽ ജോസുമൊത്ത് ട്രാൻസ് സൈബീരിയൻ യാത്ര നടത്തിയ  ശ്രീ സുരേഷ് ജോസഫും ലാവോസ് മുൻ ഹൈ കമ്മീഷണറായ ശ്രീ. രവിശങ്കർ ഐസോള വഴി റഷ്യൻ അംബാസിഡർ ശ്രീ വെങ്കടേഷ് വർമയേയും ബന്ധപ്പെട്ടു. സുരേഷ് ജോസഫ് പരിചയപ്പെടുത്തിയ ഏജന്റ് അനറ്റോളിയും വെങ്കടേഷ് വർമ്മ വഴി വ്ലാഡിവോസ്റ്റോക്കിലെ കോൺസുലേറ്റ് ജനറൽ ശ്രീ. ശുഭവും മറ്റും സഹായിച്ച് മൂന്നാം ദിവസമാണ് വാഹനങ്ങൾ വിട്ടുകിട്ടിയത്. അത് തിരുവോണദിവസമായത് കൊണ്ട് ഓണം അന്യനാട്ടിലെങ്കിലും സന്തോഷപൂർവ്വമായിരുന്നു. 

ക്രാസ്‌കിനോ എന്ന സ്‌ഥലത്താണ്‌ മൂന്ന് ദിവസം തങ്ങിയത്. കസ്റ്റംസ് ക്ലിയറൻസിനു തടസ്സങ്ങൾ നേരിട്ടുവെങ്കിലും അതിന്റെ കാര്യങ്ങൾ ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഒഫീഷ്യൽസ്, പോലീസ്, ഒരു ലോക്കൽ ട്രാവൽ ഏജൻസി തുടങ്ങിയവരൊക്കെ സഹായിച്ചു. തന്നെയുമല്ല, പലപ്പോഴും ഓഫീസുകൾ കണ്ടെത്തുവാൻ അന്വേഷിച്ചിറങ്ങിയ അവസരങ്ങളിൽ വഴിയാത്രക്കാർ പലരും സഹായിക്കുകയും, ചിലരൊക്കെ വാഹനങ്ങളിൽ അവിടെ എത്തിക്കുക പോലുമൊക്കെ ചെയ്തു. വ്ളാഡിവോസ്‌റ്റോക്കിൽ ഒരു കോമൺ സുഹൃത്ത് വഴി പരിചയപ്പെട്ട ഒരു സ്ത്രീസുഹൃത്ത് കാറുകൾ വളരെ പെട്ടെന്ന് സർവീസ് ചെയ്ത കിട്ടുന്നതിന് സഹായിച്ചു. മൂന്ന് ദിവസം നഷ്ടപെട്ടിരിക്കുന്ന അവസ്‌ഥയിൽ  വാഹന സർവ്വീസ് ഒക്കെ വളരെ വേഗം കഴിഞ്ഞുകിട്ടിയത് വലിയ കാര്യമായിരുന്നു.

Trans-Siberian Highway

വ്ലാഡിവോസ്റ്റോക്ക് മുതൽ സെന്റ് പീറ്റേഴ്‌സ്ബർഗ് വരെ ട്രാൻസ് സൈബീരിയൻ ഹൈവേയിലൂടെയായിരുന്നു യാത്ര. റഷ്യയുടെ കിഴക്കേയറ്റത്തെയും പടിഞ്ഞാറേയറ്റത്തെയും ബന്ധിപ്പിക്കുന്ന ഫെഡറൽ ഹൈവേയുടെ ശൃംഖലയാണത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അറ്റ്ലാന്റിക് സമുദ്രതീരം മുതൽ പസിഫിക് സമുദ്രതീരം വരെ കരമാർഗ്ഗം നീണ്ടുകിടക്കുന്ന 11000 കിലോമീറ്റർ നീണ്ട ഹൈവേ. ഏറെ ദുർഘടം പിടിച്ച് യാത്രയായിരിക്കും ട്രാൻസ് സൈബീരിയൻ യാത്ര എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആ റോഡുകൾ ഭേദപ്പെട്ട അവസ്‌ഥയിലായിരുന്നു. 

ട്രാൻസ് സൈബീരിയൻ ഹൈവേ ലോകത്തിലെ തന്നെ ഏറ്റവും ദീർഘവും അപകടകരവുമായ ഹൈവേകളിൽ ഒന്നാണ്. യാത്ര പൂർണ്ണമായും ഏറെ ശ്രദ്ധയോടെ തന്നെ വേണ്ടിയിരുന്നു. ഒരു കുഴിയിൽ ചാടുന്നതുപോലും ഒട്ടും ചെറിയ കാര്യമായിരുന്നില്ല. മുന്നോട്ടുള്ള നീണ്ട യാത്രയ്ക്ക് വാഹനത്തിനു വന്നേക്കാവുന്ന ഏതൊരു ചെറിയ പ്രശ്നവും ഏറെ സമയവും പരിശ്രമവും വേണ്ടിവരുന്നതായിരിക്കും.

മദ്യപിച്ച് വാഹനമോടിക്കലിനും റാഷ് ഡ്രൈവിങ്ങിനും കുപ്രസിദ്ധി നേടിയിട്ടുള്ള റഷ്യൻ ഹൈവേകളിൽ പലപ്പോഴും അപകടങ്ങളിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപെടാൻ കഴിഞ്ഞത്. റോഡ് പണി നടക്കുന്ന പല സ്‌ഥലങ്ങളിലും റോഡിൽ സ്റ്റോപ്പ് സൈൻ വെച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ ബ്ലോക്ക് ചെയ്ത ഒരു സ്‌ഥലത്ത്‌ ആദ്യ വാഹനം നിർത്തുകയും പിന്നിലായി വന്ന രണ്ടാമത്തെ വാഹനം സ്ലോ ചെയ്യുകയും ചെയ്യുന്നതിനിടെ പിന്നിൽ നിന്നും അതിവേഗം വന്ന ഒരു ജീപ്പ് നിർത്താനാവാതെ നിയന്ത്രണം വിട്ട് സൈൻ ബോർഡിൽ ഇടിച്ച് റോഡിൽ നിന്നും അടുത്ത കുഴിയിൽ വീണു നാലഞ്ച് കരണം മറിഞ്ഞാണ് നിന്നത്. നിയന്ത്രണം വിട്ട് പോകുന്നതിനിടയിൽ ആദ്യം പോയ കാറിന്റെ തൊട്ടരികിൽ കൂടെയായിരുന്നു ജീപ്പ് പോയി ബോർഡിൽ ഇടിച്ചത്. കാറിൽ ഇടിച്ചിരുന്നെങ്കിൽ യാത്ര തന്നെ മുടങ്ങുന്ന അവസ്‌ഥയിലേക്ക് എത്തിയിരുന്നേനെ. ജീപ്പ് യാത്രികനെ രക്ഷിക്കാനായി ഞാനും സഹയാത്രികൻ പ്രദീപും ഓടിച്ചെന്നു. ഏകദേശം എഴുപതോളം വയസ്സ് പ്രായമുള്ള ഒരു വൃദ്ധനായിരുന്നു അതിൽ. എവിടെയോ നായാട്ടിനു പോയി വരുന്ന വഴിയായിരുന്നു അയാൾ; വാഹനത്തിൽ ഏതോ മൃഗത്തിന്റെ അവശിഷ്ടങ്ങളും പഴങ്ങളും അയാളുടെ അറയിൽ കത്തിയും എല്ലാം കണ്ടു. ഗുരുതരമായ പരിക്കേൽക്കാതെ രക്ഷപെട്ടു അയാൾ. ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഫസ്റ്റ് എയിഡ് കിറ്റ് കൊണ്ട് അയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി. 

ഹൈവേയിലെ വളരെ അധികമായ ട്രക്ക് ട്രാഫിക്ക് പലപ്പോഴും അപകടകരമായ രീതിയിലായിരുന്നു. രാവിലെ ബ്രീക്ഫസ്റ്റ്  കഴിച്ചിറങ്ങുമ്പോൾ തന്നെ ബിയർ കുപ്പികളുമായി ഡ്രൈവിങ് സീറ്റിലേക്ക് കയറുന്ന ട്രക്ക് ഡ്രൈവർമാരെ കാണാമായിരുന്നു. ട്രക്കുകളെ ഓവർടേക്ക് ചെയ്യുക ഞങ്ങൾക്ക് തന്നെ ദുഷ്കരമെന്നിരിക്കെ അവരുടെ അശ്രദ്ധമായ ഓവർടേക്കിംഗ് പലപ്പോഴും ഞങ്ങളെ അപകടത്തിനടുത്ത് വരെയെത്തിച്ചു. ട്രക്കുകൾക്കിടയിൽ കുടുങ്ങിപ്പോകേണ്ട പല സാഹചര്യങ്ങളും വഴിയിൽ അനുഭവപ്പെട്ടു.  പലയിടങ്ങളിലും മൂടൽ മഞ്ഞ് മൂലവും റാഷ് ഡ്രൈവിങ് മൂലവും ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തകർന്ന് റോഡരികിൽ കിടക്കുന്നത് കണ്ടിരുന്നു. 

കാറിനു മുന്നിൽ ഡാഷ് ക്യാമറ വെച്ച് പൂർണ്ണസമയവും റിക്കോഡ്‌ ചെയ്യുന്ന രീതി ആ റൂട്ടിൽ വളരെ അത്യാവശ്യമായി തോന്നി. പലപ്പോഴും എതിരെ അപകടകരമായ രീതിയിൽ വാഹനങ്ങൾ വന്നിരുന്നു. ഒരു അപകടം ഉണ്ടായാലും നമ്മുടെ ഭാഗത്തെ തെറ്റല്ല എന്ന് വ്യക്തമാക്കാൻ അത് ഉപകരിക്കും.

അവിടെ നേരിട്ട പ്രധാന വെല്ലുവിളി എന്നത് യാത്ര ഭൂരിഭാഗവും വിജനപ്രദേശങ്ങളിലൂടെയും ചെറു ഗ്രാമങ്ങളിലൂടെയും ആയിരുന്നു എന്നതാണ്. പ്രത്യേകിച്ച് അവിടങ്ങളിലെ സാമ്പത്തികാവസ്‌ഥ തീർത്തും മോശവുമാണ്. അതുകൊണ്ട് തന്നെ വസ്തുവകകൾ എന്തും ഇപ്പോഴും മോഷ്ടിക്കപ്പെടാൻ വളരെ സാധ്യതയുണ്ടെന്ന് അന്നാട്ടുകാർ തന്നെ മുന്നറിയിപ്പ് തന്നിരുന്നു. പക്ഷെ അങ്ങനെ യാതൊരു ദുരനുഭവവും ഉണ്ടായില്ല എന്ന് മാത്രമല്ല ഇന്ത്യക്കാരായതുകൊണ്ടും യാത്രികരായതു കൊണ്ടും ഞങ്ങളോട് ഏവരും തന്നെ വളരെ സ്നേഹത്തോടും മര്യാദയോടും കൂടിയാണ് പെരുമാറിയത്.

ഹോട്ടൽ, ഫ്യുവൽ പമ്പ് എന്നിവയൊക്കെ നൂറുകണക്കിന് കിലോമീറ്ററുകളുടെ അകലത്തിൽ മാത്രമായിരുന്നു ലഭ്യമായത്. ഈ റൂട്ടിലെമ്പാടും ബീഫ്, പോർക്ക് അല്ലെങ്കിൽ ഉരുളൻ കിഴങ്ങ് എന്നിവ മാത്രമായിരുന്നു ഭക്ഷണത്തിനായി കിട്ടിയിരുന്നത്. അതുകൊണ്ട് ഭക്ഷണകാര്യങ്ങളിലും ഒരുപാട് ബുദ്ധിമുട്ടുണ്ടായി, പ്രത്യേകിച്ച് ഒപ്പമുണ്ടായ വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്ന ഞങ്ങളുടെ ഒരു സഹയാത്രികയ്ക്ക്.  പലപ്പോഴും ഡിന്നർ കഴിക്കാൻ ചെല്ലുന്ന ഹോട്ടലുകളിൽ ലൈവ് ബാൻഡും ഡാൻസും ഉണ്ടായിരുന്നു. അവരോടൊപ്പം നൃത്തം ചെയ്യാൻ നമ്മളെ ഏറെ സന്തോഷത്തോടെ തന്നെ ക്ഷണിക്കാറുണ്ടായിരുന്നു. 

ദിവസവും 600 മുതൽ 1100 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്തിട്ടാണ് താമസിക്കാൻ സൗകര്യം ലഭിച്ചത്. കൂടാതെ ഒരുപാട് ട്രക്കുകൾ നിറഞ്ഞ പാതയിൽ റൈറ്റ് ഹാൻഡ് കാർ റൈറ്റ് ഹാൻഡ് ട്രാഫിക്കിൽ ഉപയോഗിക്കുന്നതിന്റെ പ്രശ്നം കൂടുതലായി. പ്രത്യേകിച്ച് വലിയ വാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ പാടേ ബുദ്ധിമുട്ടായിരുന്നു. പൂർണ്ണമായും ഇടതുഭാഗത്തിരിക്കുന്ന നാവിഗേറ്ററുടെ നിർദ്ദേശപ്രകാരം ഓവർടേക്ക് ചെയ്യുക എന്നത് മാത്രമായിരുന്നു ഏക മാർഗ്ഗം. 

ചൈനയിലെ അവസ്‌ഥ പോലെ ട്രാൻസ് സൈബീരിയൻ ഹൈവേയിലും പബ്ലിക് ടോയ്‍ലെറ്റുകൾ ആയിരുന്നു ഏറ്റവും ദുരിതം. നിലത്ത് കുഴികുത്തി ഉണ്ടാക്കിയ ടോയ്‍ലെറ്റുകൾ വളരെ വൃത്തിഹീനമായിരുന്നു. സ്ത്രീകളുൾപ്പടെയുള്ള സഹയാത്രികർക്ക് പോലും പലപ്പോഴും വെളിമ്പ്രദേശങ്ങൾ തന്നെ ഉപയോഗിക്കേണ്ടതായി വന്നു.റഷ്യയിൽ തന്നെ അഞ്ച് വ്യത്യസ്ത ടൈം സോൺ കടന്നു യാത്ര ചെയ്തപ്പോൾ പലപ്പോഴും തണുപ്പ് പൂജ്യത്തിലും അതിനു താഴെയും എത്തി. ഞങ്ങൾ യാത്ര ചെയ്തത് ഏറ്റവും മികച്ച സമയത്തായത് കൊണ്ട് മൈനസ് 3 ഡിഗ്രിയിൽ താഴെ വരെയേ കാലാവസ്‌ഥ പോയുള്ളൂ. വർഷത്തിൽ നാല് മാസത്തിനപ്പുറത്തേക്ക് ചൂടുണ്ടാവില്ല അവിടെ. തണുപ്പുകാലത്ത് മൈനസ് മുപ്പത് മുതൽ അൻപത് വരെ തണുപ്പനുഭവപ്പെടുന്ന സ്‌ഥലങ്ങളാണത്.

ഇർകുട്സ്ക് എന്ന സ്‌ഥലത്തെ ബെയ്ക്കൽ ലേക്ക് അതിമനോഹരമായ ഒരു കാഴ്ചയിരുന്നു സമ്മാനിച്ചത്. അറുനൂറിലധികം കിലോമീറ്റർ വ്യാസമുള്ള, ലോകത്തിലെ ഏഴാമത്തെ വലിയ തടാകമാണത്. ലോകത്തിലെ തന്നെ ഏറ്റവും ആഴമുള്ളതും, ഏറ്റവുമധികം ശുദ്ധജലമുള്ളതും ഇതേ തടാകമാണ്. ഈ തടാകത്തോടനുബന്ധിച്ച് പല ടൗൺഷിപ്പുകളും നിർമ്മിച്ചിട്ടുണ്ട്.

ഈ റൂട്ടിലാണ് ഏഷ്യൻ ഭൂഖണ്ഡം കടന്നു യൂറോപ്പിലേക്ക് പ്രവേശിച്ചത്. കടൽ കൊണ്ടല്ലാതെ കരയിൽ തന്നെ ഒരു വര വരച്ച് വേർതിരിക്കുന്ന രണ്ട് ഭൂഖണ്ടങ്ങളാണ് ഏഷ്യയും യൂറോപ്പും. മറ്റുള്ളവയെല്ലാം കടൽമാർഗം വിഭജിക്കപ്പെട്ടിരിക്കുകയാണ്. അതിർത്തി കടന്നപ്പോൾ മനസ്സിലായ കാര്യം റഷ്യയുടെ യൂറോപ്പിലെ ഭാഗം ഏറെ വികസിതവും സാമ്പത്തികപരമായി ഏറെ മുന്നിലുമാണ്, എന്നാൽ ഏഷ്യയിലെ ഭാഗങ്ങൾ നേരെ തിരിച്ചും. തന്നെയല്ല, യൂറോപ്പിലേക്ക് കടക്കുമ്പോൾ ക്രിസ്ത്യാനിറ്റി കൂടുതലായി പ്രാധാന്യം നേടി വരുന്നതും കണ്ടു. സാംസ്കാരികപരമായി തന്നെ വലിയ വ്യത്യാസങ്ങൾ പ്രകടമായിരുന്നു.

വളരെ കൗതുകകരമായത് ഇടയിൽ പരിചയപ്പെട്ട ജിപ്സി വിഭാഗത്തിൽ പെട്ട ആളുകളുടെ അനുഭവങ്ങളാണ്. ഒരിടത്ത് വീട് കെട്ടി സ്‌ഥിരമായി താമസിക്കാതെ നാടോടികളായ ആളുകളാണവർ. അവരുടെ പൂർവ്വികരോക്കെ ഇന്ത്യയിൽ വന്നിരുന്നു എന്നാണു അറിയാൻ കഴിഞ്ഞത്. ഇന്ത്യയിൽ നിലനിന്നിരുന്ന ശക്തമായ ജാതിവ്യവസ്‌ഥിതി മൂലം ഏറ്റവും താഴ്ന്ന വിഭാഗമായി മാറി പോകുമെന്ന ഭയത്താലാണ് അവർ ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോയത് എന്നാണു അറിഞ്ഞത്.ഇടയിൽ ‘ഓൾഡ് ബിലീവേഴ്‌സ് വില്ലേജ്’ വഴി കടന്നുപോന്നിരുന്നു. ബലമായി ക്രിസ്ത്യാനിറ്റിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഒരു വിഭാഗമാണവർ. എന്നിരുന്നാൽ കൂടി അവർ ക്രിസ്ത്യാനിറ്റിയിൽ വിശ്വസിക്കാതെ പുരാതന രീതിയിൽ പ്രകൃതിയെ ആരാധിച്ചുപോരുന്ന ഒരു വിഭാഗമായിരുന്നു. വളരെ ഭംഗിയുള്ള, തടികൊണ്ട് നിർമ്മിച്ച വീടുകളായിരുന്നു അവരുടേത്. സഞ്ചാരികളെ കണ്ടാൽ വീട്ടിനുള്ളിലേക്ക് ക്ഷണിച്ച് സൽക്കരിക്കുക അവരുടെ ശീലമാണ്.

പ്രേഗിൽ ആരംഭിച്ച് നാലാഴ്ചകൾ കൊണ്ട് ഏതാണ്ട് പതിനയ്യായിരം കിലോമീറ്ററുകൾ സഞ്ചരിച്ച്, കൃത്യമായ റൂട്ടോ, റോഡ് സപ്പോർട്ടോ ഒന്നുമില്ലാതെ റഷ്യയിലെ ഉലൻ ഉടെയിൽ അവസാനിക്കുന്ന 1200 സിസി കാറുകൾ മാത്രം പങ്കെടുക്കുന്ന മംഗോൾ റാലി അവസാനിക്കുന്ന ദിവസം അതേ സ്‌ഥലത്തെ അതേ ഹോട്ടലിൽ താമസിക്കുവാൻ എത്താൻ കഴിഞ്ഞത് യാദൃശ്ചികമായി. ആ വാഹനങ്ങളും ആളുകളുമെല്ലാം തന്നെ ഏറെ കൗതുകമുണർത്തുന്നതായിരുന്നു. 

മോസ്‌കോ എത്തുന്നതിനു 2 ദിവസം മുൻപ് ഡീസൽ അടിച്ച പിന്നാലെ ഒരു വാഹനം കേടായി. ഏതാനും കിലോമീറ്ററുകൾ അകലെ കണ്ട ഒരു ട്രക്ക് വർക്ഷോപ്പിൽ സംസാരിച്ചപ്പോൾ അവർ ശ്രെമിച്ചു നോക്കാമെന്നേറ്റു.  മെക്കാനിക്കുമാരുമായി ഗൂഗിൾ ട്രാസ്‌ലേറ്റർ വഴി സംസാരിച്ചും നേപ്പാൾ, മുംബൈ, കോയമ്പത്തൂർ ടാറ്റ ഒഫീഷ്യൽസ് ഫോണിലും വീഡിയോ കോളിലും വന്ന് വിവരങ്ങൾ നൽകിയും, നീണ്ട എട്ട് മണിക്കൂർ കൊണ്ട് വാഹനം നേരെയാക്കുവാൻ കഴിഞ്ഞു. ഓൺലൈൻ ആയി ഹെക്സയുടെ മുഴുവൻ പ്രോഗ്രാമും ഡൗൺലോഡ് ചെയ്ത്, ഒരു ദിവസത്തെ പണികൾ എല്ലാം മാറ്റി വെച്ച്, സ്‌കാനിയ, വോൾവോ ട്രക്കുകൾ റിപ്പയർ ചെയ്യുന്ന ആ വർക്ഷോപ്പ് ജീവനക്കാർ കാർ റിപ്പയർ ചെയ്തതിനു എത്ര നിർബന്ധിച്ചിട്ടും ഒരു പ്രതിഫലവും വാങ്ങിയില്ല എന്നുമാത്രമല്ല, തുടർ യാത്ര ബുദ്ധിമുട്ടാവാതിരിക്കാൻ ഒരു മെക്കാനിക്കിനെ വർക്ക്‌ഷോപ്പിൽ നിന്ന് മോസ്‌കോ വരെ കൂടെ വിടുകയും ചെയ്തു. യാത്രയിലെ ഏറ്റവും ഹൃദ്യമായ അനുഭവമായിരുന്നു അത്.

മോസ്‌കോയിൽ ഇന്ത്യൻ അംബാസിഡർ ശ്രീ വെങ്കടേഷ് വർമ്മ, സെന്റ് പീറ്റേഴ്‌സ്ബർഗിൽ കോൺസുലേറ്റ് ജനറൽ ശ്രീ ദീപക് മിഗ്‌ലാനി എന്നിവരുടെ ആതിഥ്യം സ്വീകരിച്ച് അവരോടും ഉദ്യോഗസ്‌ഥരോടുമൊപ്പം സമയം ചിലവിടാൻ കഴിഞ്ഞു. കൂടാതെ പല മലയാളികളും സോഷ്യൽ മീഡിയയിൽ അപ്‌ഡേറ്റുകൾ കണ്ടതനുസരിച്ച് ബന്ധപ്പെടുകയും നേരിട്ട് വന്നു കാണുകയും ചെയ്തു. രണ്ട് ദിവസം സെന്റ് പീറ്റേഴ്‌സ്ബർഗ്ഗിൽ ചിലവഴിച്ച്, കാറുകൾ ഇന്ത്യയിലേക്ക് കപ്പൽമാർഗ്ഗമാണ് കയറ്റി അയച്ചത്. ടീമംഗങ്ങൾ എല്ലാവരും വിമാനമാർഗ്ഗം  ഇന്ത്യയിൽ ഒക്ടോബർ 2 നു തിരിച്ചെത്തി.

സാങ്കേതിക തടസ്സങ്ങൾ അല്ലാതെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ അഞ്ചു രാജ്യങ്ങളും രണ്ട് ഭൂഖണ്ഡങ്ങളും യാത്ര ചെയ്യാൻ കഴിഞ്ഞപ്പോൾ ഹർത്താൽ പോലുള്ള ഉപദ്രവകരമായ സമരമുറകൾ കൊണ്ട് സ്വന്തം മക്കളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ അടുത്തുള്ള സ്‌കൂൾ വരെ പോലും കൊണ്ടുവിടാൻ കഴിയാത്ത മലയാളികളുടെ അവസ്‌ഥ മാറേണ്ടതാണ് എന്ന സന്ദേശം കൂടി ഈ യാത്രയിലൂടെ പറയാൻ ആഗ്രഹിക്കുന്നു.

ഈ യാത്രയിൽ സോഷ്യൽ മീഡിയ നൽകിയ സപ്പോർട്ട് എടുത്തു പറയേണ്ടതാണ്. യാത്രയിലുടനീളം പരിചയപ്പെട്ടവരൊക്കെയും, പല നാടുകളിൽ സോഷ്യൽ മീഡിയ വഴി അറിഞ്ഞു ബന്ധപ്പെട്ട് കണ്ടുമുട്ടിയ മലയാളികളുമെല്ലാം യാത്ര കൂടുതൽ ഊഷ്മളമാക്കി.  ഈ യാത്രയ്ക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയ സഹധർമിണി Maria Jomet കുടുംബവും ബിസിനസ്സും ഒരുപോലെ  കൈകാര്യം ചെയ്‌ത്‌ യാത്രയിൽ യാതൊരുവിധ ടെൻഷനും  ഉണ്ടാവാതെ പ്രത്യേകം ശ്രദ്ധിച്ചു. എന്റെയും മരിയയുടെയും മാതാപിതാക്കളും കുടുംബാംഗങ്ങളും പൂർണ്ണ സപ്പോർട്ട് നൽകിയതിനാലാണ് ഈ യാത്ര പൂർത്തിയാക്കൂവാൻ സാധിച്ചത്. അതോടൊപ്പം എന്നെ പലരീതിയിൽ സഹായിച്ച എന്റെ പാറമ്പുഴ ഹോളി ഫാമിലി ഹൈ സ്കൂൾ സുഹൃത്തുക്കൾ  പ്രതേകിച്ചു Anju Achama, YESTE Charity സ്റ്റാഫ്  Ananthu Vasudev, കെ ഇ  കോളേജ്  മാന്നാനം PDC ലെയും സ് സ്റ്റീഫൻ’സ് കോളേജ് ഉഴവൂർ BCom, ക്രിസ്തു ജയന്തി കോളേജ് ബാംഗ്ലൂർ MSW  ബാച്ച്  സുഹൃത്തുക്കളുടെയും ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന്റെയും സപ്പോർട്ട് എടുത്തു പറയേണ്ടതു തന്നെ.ഇരുപത്തിയഞ്ചോളം രാജ്യങ്ങൾ കടന്നു ലണ്ടൻ വരെ ഒരു യാത്ര പോകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ് ജോമെറ്റ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

Editor

Read Previous

കൊറോണ (Covid 19), ശക്തമായ മുന്‍കരുതല്‍ നടപടികളുമായി കാരിത്താസ്‌ ആശുപത്രി

Read Next

മൃതസംസ്‌കാര വേളയിലും മാനസിക പീഡനത്തിലൂടെ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്നത് മാധ്യമധര്‍മ്മമോ?