താമരശ്ശേരി: ദിവംഗതനായ മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ സംഭാവനകള്‍ നിസ്തുലമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിനോടൊപ്പം താമരശ്ശേരി കത്തീഡ്രല്‍ ദൈവാലയത്തിലെത്തി മാര്‍ ചിറ്റിലപ്പള്ളിയുടെ ഭൗതികശരീരത്തിന് അന്തിമോപചാരം അര്‍പ്പിച്ച് മാര്‍ മാത്യു മൂലക്കാട്ട് സന്ദേശം നല്കി. ആഴമായ ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും അടിയുറച്ച് താമരശ്ശേരി, തൃശ്ശൂര്‍, കല്യാണ്‍ രൂപതകളെ നയിച്ച അഭിവന്ദ്യ പിതാവ് കേരള സഭയ്ക്ക് ചെയ്ത നിസ്തുല സംഭാവനകളെ നന്ദിയോടെ അനുസ്മരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എളിയമനസ്സോടെയും വിനീതഹൃദയത്തോടെയും തന്നെ സമീപിക്കുന്നവരെ മനസ്സിലാക്കി എല്ലാവരെയും കോര്‍ത്തിണക്കിക്കൊണ്ടുപോകുന്ന ഹൃദയവിശാലതയ്ക്ക് ഉടമയായിരുന്നു അഭിവന്ദ്യ ചിറ്റിലപ്പള്ളി പിതാവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയായി ഉയര്ത്തപ്പെട്ടപ്പോള് സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുവാന്‍ അഭിവന്ദ്യ പോള്‍ ചിറ്റിലപ്പള്ളി പിതാവിന് കഴിഞ്ഞുവെന്നും സഭയുടെ ആരാധനക്രമ വളര്‍ച്ചയിലുള്ള പിതാവിന്റെ പങ്ക് എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.