കെ. സി. എൻ. എ മുൻ വൈസ് പ്രസിഡൻ്റ്  ജോസഫ് പതിയിൽ കല്ലുവേലിൽ ( 92 ) നിര്യാതനായി

ടൊറോണ്ടോ:കെ. സി. സി. എൻ. എ മുൻ വൈസ് പ്രസിഡൻ്റ് ജോസഫ് പതിയിൽ കല്ലുവേലിൽ ( 92 )കാനഡായിലെ ടൊറോണ്ടോയിൽ നിര്യാതനായി. പരേതരായ ഏബ്രഹാം പതിയിൽ-നൈത്തി എന്നിവർ മാതാപിതാക്കളാണ്. ഭാര്യ ജോസഫിൻ മോനിപ്പള്ളി കുന്നക്കാട്ട് കുടുംബാംഗമാണ് . കാനഡയിലെ  ഡയറക്ടറേറ്റിന്റെ സ്ഥാപക നേതാവാണ് ജോസഫ് പതിയിൽ.

മക്കൾ: വിൻസ് പതിയിൽ , ഫ്രാങ്ക് പതിയിൽ സഹോദരങ്ങൾ: ലൂക്കാ , മറിയാമ്മ , അന്നമ്മ , സി. വിൻസൻ്റ് SVM , ചാക്കോച്ചൻ , തെയ്യാമ്മ , തൊമ്മിക്കുഞ്ഞ് , പെണ്ണമ്മ , മത്തായിക്കുഞ്ഞ്

സംസ്കാര വിവരങ്ങൾ പിന്നീട്.

കെ സി സി എൻ എ യുടെ സ്ഥാപകനേതാക്കളിലൊരാളായ ജോസഫ് പതിയിലിൻ്റെ നിര്യാണത്തിൽ കെ സി സി എൻ എ പ്രസിഡൻ്റ് ജെയിംസ് ഇല്ലിക്കൽ അനുശോചനം രേഖപ്പെടുത്തി.

ജോസഫ് പതിയിലിന്റെ ജീവിതത്തിലൂടെ ഒരു യാത്ര

അധ്യാപകൻ, ആത്മീയ ചിന്തകൻ, എഴുത്തുകാരൻ തുടങ്ങി എല്ലാ മേഖലകളിലും തൻറെതായ വ്യക്തിമുദ്രകൾ പതിപ്പിച്ച വ്യക്തിത്വമാണ് ജോസഫ് പതിയിൽ . കോട്ടയം ജില്ലയിലെ കൈപ്പുഴയിൽ 1934 ഒക്ടോബറിലാണ് ഏബ്രഹാം പതിയിൽ – നൈത്തി ദമ്പതികളുടെ 12 മക്കളിൽ പതിനൊന്നാമനായി ജോ പതിയിൽ ജനിക്കുന്നത്.രണ്ടു സഹോദരങ്ങൾ ശൈശവത്തിൽ മരണപ്പെട്ടു . ലൂക്കാ ,മറിയാമ്മ,അന്നമ്മ,സി.വിൻസന്റ് SVM ,ചാക്കോച്ചൻ ,തെയ്യാമ്മ,തൊമ്മിക്കുഞ്ഞ്,പെണ്ണമ്മ,മത്തായിക്കുഞ്ഞ് എന്നിവരാണ് സഹോദരങ്ങൾ.
1947-ൽ കൂനൂരിലെ സെൻറ് ഗബ്രിയേലിൻറെ പേരിൽ അറിയപ്പെട്ട ജൂനിയറേറ്റ് ഓഫ് മോണ്ട് ഫോർട്ട് ബ്രദേഴ്‌സിൽ പഠനത്തിനായി ജോ ചേർന്നു. അവിടെനിന്ന് എസ്.എസ്.എൽ. സി പാസ്സായി. തുടർന്ന് ബിരുദ പഠനത്തിനായി ചെന്നൈ ലയോള കോളജിൽ ചേർന്നു. ഈ കാലയളവിൽ ഫാ. ഡഗ്‌ളസ് ഗോർഡൻ, ഫാ. ജറോം ഡിസൂസ തുടങ്ങിയവരുടെ ശിക്ഷണം പഠനത്തിൻറെ മറ്റൊരു തലത്തിലേക്കും ജീവിത സത്യങ്ങളുടെ നേർക്കാഴ്ചകളിലേക്കുമാണ് ജോ പതിയിലിനെ കൂട്ടിക്കൊണ്ട് പോയത്. തോമസ് കാവിൽ, ജേക്കബ് വട്ടക്കാട്ടിൽ, മാത്യു തറയിൽ, പോത്തൻ തൊടുകയിൽ, ജോസഫ് മുക്കാലയിൽ, ജോസഫ് കിഴക്കേകാട്ടിൽ, ഫാ. പീറ്റർ വട്ടപ്പറമ്പിൽ?തുടങ്ങിയ അദ്ധ്യാപകരുടെ സ്വാധീനവും വളർച്ചയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്.

നാട്ടിൽ സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് പിതാവ് ഏബ്രഹാം പതിയിൽ നടത്തിയ പ്രവർത്തനങ്ങൾ കൈപ്പുഴ പ്രദേശവാസികൾക്ക് അറിവുള്ളതാണ്. വിദ്യാഭ്യാസം കൊണ്ട് മാത്രമെ സാധാരണ ജനവിഭാഗത്തിന് ഉയരങ്ങളിലെത്താൻ സാധിക്കുകയുള്ളു എന്ന വലിയ തത്വം ജോ പതിയിലിനെ പഠിപ്പിച്ചത് അദ്ദേഹത്തിന്റെ പിതാവായിരുന്നു.
ആത്മീയ ചിന്തകൻ, സെൻറ് ഗബ്രിയേൽ മോണ്ട് ഫോർട്ട് ബ്രദേഴ്‌സ് സഭയുടെ ആത്മീയ പ്രചാരകൻ, ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ അദ്ധ്യാപകൻ, ഇംഗ്ലീഷ് വിദ്യാഭ്യാസ രംഗത്ത് പ്രഗത്ഭൻ, കോട്ടയം, കൂനൂർ, കാനഡ എന്നിവിടങ്ങളിലായി അദ്ധ്യാപന രംഗത്ത് നിറസാന്നിദ്ധ്യം തുടങ്ങി തീർത്താൽ തീരാത്ത വിശേഷണങ്ങൾ ഉണ്ട് മാലോകർക്ക് ജോ പതിയിലിനെ കുറിച്ച് സംസാരിക്കാൻ. എന്താണോ ജീവിതത്തിൽ താൻ അതുതന്നെയാണ് മറ്റുള്ളവർക്ക് മുൻപിലും ജോ പതിയിൽ. 1957 മുതൽ 1966 വരെ ഇന്ത്യയിലെ വിവിധ സ്‌കൂളുകളുടെ പ്രിൻസിപ്പാൾ ആയിരുന്നു അദ്ദേഹം.
1967 ജൂൺ മുതലാണ് കാനഡയിൽ അദ്ധ്യാപകനായി ജോ തൻറെ ജീവിതത്തിൻറെ തുടർച്ച ആരംഭിക്കുന്നത്. സഭയുടെ സ്‌കൂൾ പ്രിൻസിപ്പാൾ ആയ ലൂയി ജി സെഗറ്റോറിനെ കാനഡയിൽ വെച്ച് കണ്ടുമുട്ടിയത്?ഒരു പുതിയ വഴിത്തിരിവായി മാറി. 8, 9 ക്ലാസുക ളിൽ പഠിപ്പിച്ച് തുടങ്ങിയ വിദ്യാഭ്യാസ ജീവിതം ജോ 16 വർഷത്തോളം തുടർന്നു. പിന്നീടാണ് ഇവിടെത്തന്നെ വൈസ് പ്രിൻസിപ്പൽ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയർത്തുന്നത്.
1967-ൽ ആദ്യമായി കാനഡയിലേക്ക് വന്നു .പതിയെ പതിയെ സഭയുടെ ആസ്ഥാനമായ മോൺട്രിയോൾ ആകട്ടെ ഏറെ ഇഷ്ടപ്പെട്ട നഗരമായി മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ സഭയുടെ കൂടെ വളർച്ചയിലും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം ധാരാളം സംഭാവനകൾ നടത്തി.
കാനഡ, സിംഗപ്പൂർ, മലേഷ്യ എന്നിങ്ങനെ എല്ലാ ഭൂഖണ്ഡങ്ങളെയും ഉൾക്കൊള്ളുന്ന തായ്‌ലൻറ്, ടാൻസാനിയാ, ഇന്ത്യ, മൗറീഷ്യസ്, സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ വ്യാപിച്ച സഭയായിരുന്നു ജോയുടേത്. 300-ൽപരം വർഷം പഴക്കമുണ്ടായിരുന്നു സഭയ്ക്കും അതിൻറെ വിശ്വാസത്തിനും. ഇൻസ്റ്റിറ്റ്യൂട്ടിൻറെ പ്രധാന പരിഗണന ക്രിസ്ത്യൻ വിദ്യാഭ്യാസമായിരുന്നു. അനാഥരും, ദരിദ്രരും, ശാരീരിക വൈകല്യമുള്ളവരേയും കൂടുതൽ ശ്രദ്ധ നൽകിക്കൊണ്ടുള്ളതായിരുന്നു ആ വിദ്യാഭ്യാസ രീതി. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി സഭയുടെ എല്ലാമായും സഭയിലൂടെയും ജോ പതിയിൽ നൽകിയ സേവനങ്ങൾ പ്രത്യേകിച്ച് പുതിയ കാലത്തിന് വേണ്ട ആത്മീയതയെ കുറിച്ചുള്ളതെല്ലാം അദ്ദേഹം ഉൾക്കൊണ്ടിരുന്നു. ദയ, ദൈവിക ഭക്തി, ദർശനം, അറിവ്, ഐക്യ ബോധം, സ്വയം സമാധാനമായിരിക്കാനുള്ള കഴിവ്, ഒരു മികച്ച ലോകം സൃഷ്ടിക്കാനുള്ള ശ്രമം എല്ലാം അദ്ദേഹത്തിൻറെ ചിന്തകളുടെ ബാക്കി പത്രമാണ്.
ജോ പതിയിലിൻറെ ജീവിതയാത്രയുടെ ഓർമ്മപ്പെടുത്തലായി അദ്ദേഹത്തിൻറെ ഗ്രന്ഥമാണ് GUIDES AND FELLOW TRAVELLERS. ഒരു ജീവിതം അടയാളപ്പെടുത്തുന്ന അമൂല്യ ഗ്രന്ഥം.
ലോകമെമ്പാടും ആരാധകരുള്ള വ്യക്തി . അതിലുപരി പലരുടേയും ജീവിതത്തിന് വഴിത്തിരിവായ വ്യക്തിത്വം . അങ്ങനെ വേണം ജോ പതിയിലിനെയും അദ്ദേഹത്തിൻറെ ജീവിതത്തേയും അടയാളപ്പെടുത്താൻ.

ജോസഫ് പതിയിലിനു ആദരാഞ്ജലികൾ

 

 

Facebook Comments

Read Previous

നീറിക്കാട് താളിവേലിൽ അച്ചാമ്മ തോമസ് (86) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടിൽ അറ്റ്ലാൻ്റയിൽ അന്തരിച്ചു