മെൽബൺ സെൻറ് മേരീസ് ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം.

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങൾ, തികച്ചും മാതൃകാപരവും സ്ലാഘനീയവുമെന്ന്, കോട്ടയം അതിരൂപതാ സഹായ മെത്രാൻ, അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം പിതാവ് അറിയിച്ചു. അതിരൂപതയിലെ എല്ലാ ഇടവകകൾക്കും ഓരോ വീൽചെയറുകൾ നൽകുകവഴി, ഒരു വലിയ കരുതലും കൈത്താങ്ങുമാകുന്ന, ഒരു വലിയ ജീവകാരുണ്യ പദ്ധതിയാണ് മെൽബൺ ഇടവക നടപ്പിലാക്കുന്നത് എന്നും പിതാവ് അറിയിച്ചു. മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഒരു വീൽചെയർ നൽകുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ നടപ്പിലാക്കുന്ന “കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതൽ” – ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലിശ്ശേരി കീനായി ക്നാനായ മലങ്കര കത്തോലിക്കാ ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽവച്ച്, മലങ്കര ഫൊറോന വികാരി റവ: ഫാ: റെനി കട്ടേലിനും, കല്ലിശ്ശേരി വിസിറ്റേഷൻ കോൺവെൻറ് മദർ സുപ്പീരിയർ സിസ്റ്റർ ആൻസി ടോമിനും, ഒരു വീൽചെയർ നൽകികൊണ്ടാണ് ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം ആമുഖ സന്ദേശം നൽകി. പത്താം വാർഷികം ജനറൽ കൺവീനറും കെ.സി.വൈ.എൽ മുൻ അതിരൂപതാ പ്രസിഡന്റുമായ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു.ജീവകാരുണ്യ പദ്ധതിയുടെ ആദ്യ വീൽചെയർ കല്ലിശ്ശേരി ഇടവകയ്ക്ക് നൽകിയതിലുള്ള നന്ദിയറിയിക്കുകയും, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എല്ലാ പരിപാടികൾക്കും പ്രാർത്ഥനാശംസകൾ നേർന്നുകൊള്ളുന്നുവെന്നും, മലങ്കര ഫൊറോനാ വികാരിയും കല്ലിശ്ശേരി ഇടവക വികാരിയുമായ ഫാ: റെനി കട്ടേൽ അറിയിച്ചു. സംഘാടന മികവുകൊണ്ടും വ്യത്യസ്തത കൊണ്ടും, പത്താം വാർഷിക ആഘോഷ പരിപാടികൾ ഗംഭീരമാക്കി തീർക്കുന്ന, മെൽബൺ ഇടവകസമൂഹം ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന്, ക്നാനായ കത്തോലിക്കാ കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡൻറ് ശ്രീ റ്റോം കരികുളം അറിയിച്ചു. യുവജനങ്ങൾക്കും വിശിഷ്യ, വളർന്നു വരുന്ന പുതിയ കനാനായ തലമുറയ്ക്കും, ലോകമെമ്പാടുമുള്ള ക്നാനായ കൂട്ടായ്മകൾക്കും, ഏറെ പ്രചോദനം നൽകുന്ന ഒരു ജീവകാരുണ്യപദ്ധതിക്കാണ് മെൽബൺ ഇടവക, നേതൃത്വം നൽകുന്നതെന്ന് കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡൻറ് ശ്രീ. ലിബിൻ പാറയിൽ അറിയിച്ചു. കോട്ടയം അതിരൂപതയിലെ ഓരോ ഇടവകയിലെയും, അത്യാവശ്യക്കാർ ആയിട്ടുള്ള ഒരാൾക്കെങ്കിലും ഒരു വീൽചെയർ നേരിട്ട് ലഭിക്കത്തക്കരീതിയിലാണ്, ഈ ജീവകാരുണ്യ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്

Facebook Comments

knanayapathram

Read Previous

മാതൃത്വത്തിന്റെ മഹിമകൾ വിളിച്ചോതി ക്നാനായ അമ്മമാരെ ആദരിച്ച UKKCA യുടെ ഈസ്റ്റ് സസക്സ് യൂണിറ്റിലെ മാത്യദിനാഘോഷം പൊടിപൂരമായി

Read Next

പന്ത്രണ്ടാം വട്ടവും UKKCA കൺവൻഷൻ സ്വാഗതനൃത്ത സംവിധാനം നിർവ്വഹിയ്ക്കുന്നത് സംഘന്യത്തങ്ങളെ മാന്ത്രികസ്പർശമേകി മെഗാ ഷോകളെ വിസ്മയക്കാഴ്ച്ചയാക്കിയ കലാഭവൻ നൈസ്