Breaking news

UKKCA വീണ്ടുമൊരു തെരെഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം UKKCA യുടെ യൂണിറ്റുകളിൽ തെരെഞ്ഞെടുപ്പു കാലമാണ്. 2023 ജനുവരി 28ന് പുതിയ സെൻട്രൽ കമ്മറ്റി അധികേരമേറ്റെടുക്കുകയാണ്. മുൻപൊക്കെ സെൻട്രൽ കമ്മറ്റിയിലേയ്ക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിന് മുമ്പാണ് തെരെഞ്ഞെടുപ്പിന്റെ ചൂടുള്ള ചർച്ചകൾ സമുദായാംഗങ്ങൾക്കിടയിൽ നടന്നിരുന്നത്. സ്വന്തം യൂണിറ്റിൽ നിന്നും, നാട്ടിലെ സ്വന്തം ഇടവകയിൽ നിന്നൊമൊക്കെ ഒരാൾ സെൻട്രൽ കമ്മറ്റിയംഗമാവാൻ തയ്യാറെടുക്കുമ്പോൾ വിജയ സാധ്യതകൾ വിലയിരുത്താനും, ചരടുവലികളും കരുനീക്കങ്ങളും നടത്തി ഓരോ വോട്ടുകളും ഉറപ്പിയ്ക്കാനുമായി നടത്തുന്ന തുടർച്ചയായ ഫോൺ വിളികൾ മൂലം Phone മണിനാദം തുടർച്ചയായി മുഴങ്ങുന്ന കാലം.
സ്വന്തം യൂണിറ്റ് അംഗങ്ങളുടെയും പരിചയക്കാരുടെയും ബന്ധുക്കളായവരിൽ നിന്ന് വോട്ടുള്ളവരെ തിരഞ്ഞുപിടിച്ച് നടത്തുന്ന വോട്ടുറപ്പിയ്ക്കൽ. വീണ്ടും ഒരു ചുവടു കൂടിയടുക്കുമ്പോൾ സ്ഥാനാർത്ഥികൾ തമ്മിൽ നടത്തുന്ന ചർച്ചകൾ.”എൻ്റെ ഉറപ്പുള്ള വോട്ടുകൾ നിനക്കറിയാമല്ലോ, അവ നിനക്കുമുള്ളതാണ്. നിന്റെയുറപ്പുള്ള വോട്ടുകൾ എനിക്കറിയാം, അവരോട് എൻ്റെ കാര്യം കൂടി പറയണം”.എല്ലാ പ്രശ്നങൾക്കും പരിഹാരമുള്ള ചില സ്ഥാനാർത്ഥികളോട് സംസാരിച്ചാൽ ഓ എന്തൊരു സമുദായ സ്നേഹം, ചേട്ടായി ഇത്രയും നാൾ എവിടാരുന്നു എന്ന് ചോദിക്കാൻ തോന്നും.
പിന്നെ പലരും വേദിയൊരുക്കുന്ന meet the candidates പരിപാടികൾ, അതിൽ സ്ഥാനാർത്ഥികളെ വെള്ളം കുടിപ്പിയ്ക്കുന്ന ചോദ്യങ്ങളുമായെത്തുന്ന കാണികൾ.2020ലെ തെരെഞ്ഞെടുപ്പിൽ പക്ഷെ ഇതൊന്നുമുണ്ടായില്ല, ഒരു സ്ഥാനത്തേയ്ക്കും മത്സരമുണ്ടായില്ല എന്നതു തന്നെ കാരണം.

പണ്ട് ഒരു വർഷത്തിലെ മൂന്നോ നാലോ നാഷണൽ കൗൺസിലുകളിലും വാർഷിക കൺവൻഷനിലും ഒതുങ്ങിയിരുന്ന സംഘടനാ പ്രവർത്തനം, ഓരോ കമ്മറ്റിയുടെയും കാലത്തിനു ശേഷം കൂടുതൽ തിരക്കേറിയതായി മാറുന്നു. തെരെഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയുടെ പൂർത്തീകരണത്തിനായി ഓരോരുത്തരും പുതിയ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. പഴയ കമ്മറ്റികൾ നടപ്പിലാക്കിയിരുന്ന കർമ്മ പദ്ധതികൾ തുടരുന്നതിനൊപ്പം, ഓരോ പുതിയ കമമറ്റിയും വീണ്ടും പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുന്നു. അതു കൊണ്ട് തന്നെ നല്ലൊരു ടീമായി പരസ്പരം സഹകരിച്ചും, സഹായിച്ചും മുന്നോട്ട് പോകാനായില്ലെങ്കിൽ Full time ജോലി ചെയ്യുന്ന സമയം മുഴുവൻ ചെലവഴിച്ചാലും തീരാത്ത തിരക്കാവും ചില സെൻട്രൽ കമ്മറ്റിയംഗങ്ങൾക്ക്.

പുതിയ ഭാരവാഹികൾ

യൂണിറ്റുകളിലെ തെരെഞ്ഞെടുപ്പ് വാർത്തകൾ യൂണിറ്റിന്റെ പരിധിയ്ക്കപ്പുറത്തേയ്ക്കും ഇപ്പോൾ വാർത്തയാവുന്നു. തെരെഞ്ഞെടുപ്പിനെ കൂടുതൽ പ്രാധാന്യത്തോടെ കാണുന്ന ആളുകളുടെ എണ്ണം കൂടുന്നതോ, സമുദായത്തിനു വേണ്ടിയും സംഘടനയ്ക്കു വേണ്ടിയും പ്രവർത്തിയ്ക്കാൻ കൂടുതൽ ആളുകൾ മുന്നോട്ട് വരുന്നതുമാവാം കാരണങ്ങൾ. നാഷണൽ കൗൺസിൽ അംഗങ്ങളാകാൻ കൂടുതൽ അംഗങ്ങൾ സന്നദ്ധരാവുന്നത് സ്വാഗതാർഹമാണ്.

It is none of my busines എന്നു കരുതി എന്നും back bench ലേക്ക് മാറിയിരുന്നവരും, വലിയ യൂണിറ്റുകളിൽ നിന്നും കുറച്ച് പേർ മാത്രം മാറി മാറി നാഷണൽ കൗൺസിലിലേയ്ക്ക് കടന്നു വന്നിരുന്നതുമായ കഴിഞ്ഞ കാലത്തിൽ നിന്നും വ്യത്യസ്തമായ കൂടുതൽ യൂണിറ്റുകളിൽ നിന്നും പുതിയ അംഗങ്ങൾ നാഷണൽ കൗൺസിൽ അംഗങ്ങളാവുന്ന, പലരും മത്സരത്തിനു പോലും തയ്യാറാവുന്ന കാഴ്ച്ച പുതുമ നിറഞ്ഞതാണ്. സംഘടനാ പ്രവർത്തനം ഓരോ ക്നാനായക്കാരൻ്റെയും ചുമതലയാണെന്നും എനിക്കെൻ്റെ സമുദായത്തിനു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന ചിന്തയോടെ പുതിയ ആളുകൾ സംഘടനാ പ്രവർത്തനങ്ങളിലേയ്ക്കും യൂണിറ്റ് ഭാരവാഹിത്യത്തിലേയ്ക്കും കടന്നു വരുന്നത് ഉചിതമാണ്. സംഘടനയോടുള്ള പ്രതിബദ്ധതയും സമുദായത്തോടുള്ള കൂറും സാധാരണക്കാരിൽ എത്തിയിട്ടുണ്ട് എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ യൂണിറ്റുകളിൽ നടക്കുന്ന തെരെഞ്ഞെടുപ്പുകൾ. സമുദായ സ്നേഹമുള്ള ഒരു വലിയ ജനവിഭാഗത്തെ വാർത്തെടുക്കാൻ UKKCA യുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾക്കായിട്ടുണ്ട്.
നിസ്സംഗരായി, നിഷ്കൃയരായി, വാർഷിക കൺവൻഷനിൽ വന്ന് എല്ലാവരെയും കാണുകയും പരിചയം പുതുക്കുകയും മാത്രമാണ് ക്നാനായക്കാർ എന്ന നിലയിൽ പലരും ഇതുവരെ ചെയ്തിരുന്നതെങ്കിൽ അതിന് മാറ്റമുണ്ടാവുന്നത് അഭികാമ്യമാണ്.

യൂണിറ്റുകളിൽ മത്സരങ്ങൾ ആവശ്യമോ?

UKKCA യുടെ പരമോന്നത സമിതിയായ നാഷണൽ കൗൺസിലിലേയ്ക്ക് അംഗമായി കടന്നു വരാനും, സമുദായ പക്ഷ നിലപാടുകൾ വ്യക്തമാക്കാനും കൂടുതൽ ആളുകൾ ഉത്സുകരാവുന്നതിനെ പോൽസാഹിപ്പിയ്ക്കേണ്ടതാണ്. മറിച്ച് യൂണിറ്റുകളിൽ നിന്നും, നാഷണൽ കൗൺസിലിലേയ്ക്ക് ആളുകൾ കടന്നു വന്നില്ലെങ്കിൽ, പ്രതികരണ ശേഷിയുള്ള നാഷണൽ കൗൺസിൽ അംഗങ്ങൾ ഉണ്ടായില്ലെങ്കിൽ UKKCA ക്ക് സൂര്യനസ്തമിയ്ക്കാത്ത സാമ്രാജ്യത്തിലെ ചന്ദ്രബിംബമായി എത്രനാൾ പ്രശോഭിയ്ക്കാനാവും.
എങ്കിലും തികച്ചും ദൗർഭാഗ്യകരമായി മുൻ വർഷങ്ങളിൽ തീ പാറുന്ന മത്സരങ്ങൾ നടന്ന ചില യൂണിറ്റുകൾ ഇനിയും പഴയ പ്രതാപത്തിലേയ്ക്ക് മടങ്ങി വന്നിട്ടില്ല എന്നത് തിരിച്ചറിയേണ്ട സത്യമാണ്.പരാജിതരായ സ്ഥാനാർത്ഥികളും അവരെ അനുകൂലിച്ചവരും മുഖ്യധാരയിൽ നിന്ന് മുറിവുണങ്ങാത്തവരായി മാറി നിൽക്കുന്നു. ആരോഗ്യകരമല്ലാത്ത ഇത്തരം മത്സരങ്ങൾ ഒരു മാർത്തോമൻപാട്ടിന്റെ ശീലിലും ഒരു നടവിളിയുടെ ആരവത്തിലും എല്ലാം മറന്ന് ഒരു മിയ്ക്കാനാവാത്ത കടുത്ത മത്സരങ്ങൾ ഒഴിവാക്കേണ്ടതാണ്. യൂണിറ്റിലെ ഭാരവാഹികളാണ് ഇതിന് മുൻകൈയെടുക്കേണ്ടത്. ഒരേ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നവരെ ഒന്നിച്ചു ചേർത്ത് ചർച്ച നടത്തി, യൂണിറ്റിനു വേണ്ടി, സംഘടനയ്ക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനാഗ്രഹിയ്ക്കുന്ന ആളിനു വേണ്ടി മറ്റുള്ളവർ പിൻമാറുണമെന്ന് അഭ്യർത്ഥിയ്ക്കുയോ അല്ലെങ്കിൽ രണ്ടു പേർക്കും സമ്മതനായ മൂന്നാമത് ഒരാളിനെ കണ്ടെത്തി സമവായത്തിലൂടെ മത്സരം ഒഴിവാക്കുകയുമാവും അഭികാമ്യം.
വിശ്വാസത്തിൻ്റെയും, യഹൂദ പാരമ്പര്യത്തിന്റെയും കലർപ്പില്ലാത്ത രക്തത്തിന്റെ കാവലാളായി തീ നാളമായി കത്തിയെരിഞ്ഞ് ജീവിയ്ക്കാനുള്ളതാണ് ക്നാനായക്കാരന്റെ ജീവിതം. മറ്റേതൊരു ജനവിഭാഗത്തേയുംകാൾ ഒരുമയിൽ പുലരേണ്ട തനിമയുടെ മക്കളാണ് നാം. ഭാരത സംസ്ക്കാരത്തിൽ ഇടകലർന്ന് ഒഴുകിയപ്പോഴും നമ്മുടെ സ്വവംശവിവാഹനിഷ്ഠ നമ്മൾ മുറുകെപ്പിടിച്ചു. കരിന്തിരി കത്തിയ വിളക്കിൽ എണ്ണയൊഴിച്ചു കൊടുത്ത നമ്മെത്തന്നെ, സുറിയാനി ആരാധനാക്രമം സംഭാവന ചെയ്ത നമ്മുടെ തന്നെ, നമ്മുടെ ത് മാത്രമായി നമ്മൾ കണ്ട നമ്മുടെ ആചാരങ്ങളെത്തന്നെ കൂടെ നിന്നവർ അടിച്ചുമാറ്റി. നാളെ അവർക്ക് സ്വന്തമായിരുന്നത് കവർന്നവർ നമ്മളാണെന്ന് പറഞ്ഞാലും അതിശയിക്കേണ്ട.
ചുരുക്കത്തിൽ നമുക്ക് നമ്മൾ മാത്രം. നമ്മുടെ തനിമയെ സ്വവംശവിവാഹ നിഷ്ഠയെ ഫണം വിടർത്തിയാടുന്ന കരിനാഗങ്ങളുടെ ദംശന ത്തിൽ നിന്നും രക്ഷിയ്ക്കാനായി കൈകോർക്കേണ്ടവർ നമ്മൾ. പരസ്പ്പരം മത്സരിയ്ക്കേണ്ടവരല്ല, എന്നും ഒരുമയിൽ പുലരേണ്ട തനിമയുടെ മക്കൾ.

Facebook Comments

knanayapathram

Read Previous

യൂ കെ കെ സി എ ഈസ്റ്റ് ലണ്ടൻ യൂണിറ്റിന് നവ നേതൃത്വം.

Read Next

അറ്റ്ലാന്റയിലെ ക്നാനായ സമുദായത്തിന് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതല ഏറ്റു.