കടുത്തുരുത്തി : കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ വ്യത്യസ്തമായ രീതിയില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ‘ വ്യാപാരിക്ക് ഒരു കത്ത് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്’.
കടുത്തുരുത്തിയില്‍ ലഹരിവസ്തുക്കളും മദ്യവും വില്‍ക്കുന്ന കടകളില്‍ വില്‍പ്പനക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍ക്കുന്നത് കുറ്റകരമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്, ലഹരി കളോട് ആസക്തിയുള്ള ആളുകളെ കണ്ടാല്‍ വിമുക്തി കേന്ദ്രത്തിന്റെ നമ്പര്‍ നല്‍കുന്നതിനും, നിരോധിത ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതിന് ഉള്ള നിയമപരമായ ശിക്ഷകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടും, കൂടാതെ ലഹരി വസ്തുക്കള്‍ ശരീരത്തിന് അപകടകരമാണെന്ന് സന്ദേശം നല്‍കിക്കൊണ്ട്, ലഹരിവസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കരുത് എന്ന് നിര്‍ദ്ദേശിച്ചു കൊണ്ടും, വ്യാപാരികള്‍ക്ക് കത്തും ലഹരി ബോധവല്‍ക്കരണ റാലിയും നടത്തി. പ്ലക്കാര്‍ഡ് നിര്‍മാണം, വീഡിയോ പ്രെസന്റ്‌റേഷന്‍, സര്‍വ്വേ, സന്ദേശം തയ്യാറാക്കല്‍, ലഘുലേഖ വിതരണം എന്നീ പരിപാടികളും ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഭാഗമായി സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി എലിസബത്തിന്റെ അധ്യക്ഷതയില്‍ കടുത്തുരുത്തി സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ വിപിന്‍ ചന്ദ്രന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അബ്രഹാം പറമ്പെട്ടു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ക്രിസ്റ്റിന്‍ പിസി, പിടിഎ പ്രസിഡണ്ട് എബി കുന്നശ്ശേരി, റോജി മോന്‍ വിവി, അധ്യാപകരായ ടോം പി ജോണ്‍, ജിനോ തോമസ്, ബിന്‍സി മോള്‍ ജോസഫ്, വിദ്യാര്‍ഥി പ്രതിനിധികളായ ലയ, എബി, ആല്‍ഫിന്‍, ഫിലിപ്പ്, അഭിഷേക് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.