കാരുണ്യത്തിലും പരസ്പര വിശ്വാസത്തിലും ഊന്നിയ കുടുംബ ബന്ധങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകത ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: കാരുണ്യത്തിലും പരസ്പര വിശ്വാസത്തിലും ഊന്നിയ കുടുംബ ബന്ധങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. അന്താരാഷ്ട്ര കുടുംബദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബദിനാചരണത്തിന്റെയും കുടുംബശാക്തീകരണ പദ്ധതി പങ്കാളികളുടെ സംഗമത്തിന്റെയും ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചനമ്മമാര്‍ പരസ്പര പൂരകങ്ങളായി നിലകൊള്ളുമ്പോള്‍ കുടുംബൈക്യവും ജീവിതവിജയവും കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ്സും പദ്ധതി അവലോകനവും തുടര്‍ കര്‍മ്മ പദ്ധതികളുടെ ആസൂത്രണവും നടത്തപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സ്വയംതൊഴില്‍ സംരംഭകത്വം, തൊഴില്‍ നൈപുണ്യവികസനം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ചാണ് കുടുംബശാക്തീകരണ പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നത്. ക്ലാസ്സുകള്‍ക്ക് കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് നേതൃത്വം നല്‍കി.

Facebook Comments

Read Previous

കൈപ്പുഴ: തിരുനെല്ലിപ്പറമ്പില്‍ (പൗവ്വത്തേല്‍) ബേബി മത്തായി (74) നിര്യാതനായി.

Read Next

മാതൃവാത്സല്യത്തിന് മാതൃകയായി ”മദേഴ്‌സ് ഡേ”ആഘോഷം.