കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ 1200 കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും റിലൈയന്‍സ് ഫൗണ്ടേഷനും. ഇടുക്കി ജില്ലയിലെ കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെയും കോട്ടയം ജില്ലയിലെ മണിമല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, പാറത്തോട്, ചിറക്കടവ് പഞ്ചായത്തുകളിലെയും പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്കാണ് സഹായ ഹസ്തം ഒരുക്കുന്നത്. പായ, ബെഡ്ഷീറ്റ്, നൈറ്റി, ലുങ്കി, തോര്‍ത്ത്, തറതുടയ്ക്കുന്ന ലോഷന്‍, മോപ്പ്, കുളിസോപ്പ്, അലക്ക് സോപ്പ് എന്നിവ ഉള്‍പ്പെടുന്ന രണ്ടായിരം രൂപ വീതം വിലയുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കെ.എസ്.എസ്.എസ് സ്റ്റാഫംഗങ്ങളുടെയും റിലൈയന്‍സ് ഫൗണ്ടേഷന്‍ പ്രതിനിധികളുടെയും നേതൃത്വത്തില്‍ അതാത് പഞ്ചായത്തുകളുമായി സഹകരിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട ആളുകള്‍ക്ക് കരുതല്‍ എന്ന പേരില്‍ ലഭ്യമാക്കുന്ന അവശ്യ കിറ്റുകളുടെ വിതരണത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട പ്രദേശങ്ങളിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കി അതിജീവനത്തിന് അവസരം ഒരുക്കേണ്ടത് സാമൂഹ്യ ഉത്തരവാദിത്വമാണെന്ന് ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് പിതാവ് പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കോട്ടയം മുന്‍ നഗരസഭാ അദ്ധ്യക്ഷയും കൗണ്‍സിലറുമായ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി. സി റോയി, റിലൈയസ് ഫൗണ്ടേഷന്‍ മാനേജര്‍മാരായ നഫാസ് നാസര്‍, അനൂപ് രാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 1200 കുടുംബങ്ങള്‍ക്കായി ഇരുപത്തിനാല് ലക്ഷം രൂപയുടെ സഹായ ഹസ്തമാണ് ലഭ്യമാക്കുന്നത്.