കോട്ടയം: പ്രതിസന്ധിഘട്ടങ്ങളില്‍ സാമൂഹ്യ പ്രതിബദ്ധതയുടെയും സഹമനുഷ്യരോടുള്ള കരുതലിന്റെയും ചാലക ശക്തികളായി ഓരോരുത്തരും മാറണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധ സംഘടനകള്‍ നടത്തിവരുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ നിത്യാമോള്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായം ലഭ്യമാക്കി.