ഏറ്റുമാനൂര്‍: അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങി നാടിനു കരുതലൊരുക്കുകയാണ് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഇടവക സമൂഹം. ഇടവക നടപ്പിലാക്കുന്ന വിവിധ സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്‌ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. ആദ്യദിനത്തില്‍ ഭക്ഷ്യക്കിറ്റുകളും മെഡിക്കല്‍ കിറ്റുകളുമുള്‍പ്പടെ ഒന്നരലക്ഷത്തോളം രൂപയാണ് ഇടവക ചിലവിട്ടത്. വികാരി ഫാ. ജേക്കബ്ബ് തടത്തിലിന്റെ നേതൃത്വത്തില്‍ ഓക്‌സിമീറ്റര്‍, ഭക്ഷ്യക്കിറ്റുകള്‍, സ്റ്റീം ഇന്‍ഹേലര്‍, മാസ്‌ക്കുകള്‍, സാനിറ്റൈസര്‍ തുടങ്ങിയവ വിതരണം ചെയ്യുകയും വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയുമാണ് കുറുമുള്ളൂര്‍ ഇടവക. സണ്‍ഡേ സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ജോസ് മലേപ്പറമ്പില്‍, കൂടാരയോഗ ജനറല്‍ സെക്രട്ടറി സിറിയക് താന്നിത്തടത്തില്‍, വാര്‍ഡ് മെമ്പര്‍ ജോസ് കിടങ്ങയില്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിവരുന്നു. വ്യക്തികളുടെയും സംഘടനകളുടേയും സഹകരണത്തോടെ കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് റിലീഫ് പ്രൊജക്‌ട് എന്ന പേരില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കുമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടവക ജനങ്ങള്‍.