മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA
പ്രതിസന്ധികളിൽ പതറാത്തവർ, ആത്മാഭിമാനം അടിയറ വയ്ക്കാത്തവർ, സമുദായ സംരക്ഷണത്തിനായി ജീവനേകുന്നവർ ക്നാനായക്കാർ സാഭിമാനം മറ്റൊരു കൺവൻഷനിലേയ്ക്ക് കടക്കുകയാണ്. സ്വന്തം പൈതൃകത്തിൽ അഭിമാനമുള്ള UKയിലെ മുഴുവൻ ക്നാനായക്കാരും തിരക്കുകളും ദൂരവും കണക്കാക്കാതെ എത്തുന്നതുകൊണ്ടാണ് കൺവൻഷൻ റാലിയും, സ്വാഗതനൃത്തവും മറ്റാർക്കും അവകാശമാക്കാനാവാത്ത വൻമര തണലായി ക്നാനായക്കാരന് അഭിമാനമേകുന്നത്.
ചരിത്രമുറങ്ങുന്ന കൊവൻട്രിയിൽ, ആംഗലേയ സാഹിത്യത്തിലെ അഗ്രഗണ്യരായ വില്യം ഷേക്സ്പിയറിൻ്റെയും,ജോർജ്ജ് ഇലിയറ്റിൻ്റെയും, ഫിലിപ്പ് ലാർക്കിൻ്റെയും മണ്ണിൽ പുതിയൊരു ചരിത്രം രചിയ്ക്കാൻ സിൽവർ ജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യാൻ ക്നാനായ മക്കൾ ഒത്തുചേരുന്നു.
മുത്തുകൾ പന്നികൾക്ക് എറിഞ്ഞുകൊടുക്കാത്ത, മക്കളുടെ അപ്പം നായ്ക്കൾക്ക് കൊടുക്കാത്ത, തനിമയിൽ അഭിമാനിയ്ക്കുന്ന യഥാർത്ഥ ക്നാനായക്കാരൻ്റെ അഭിമാനമായ ക്നാനായ കൺവൻഷൻ കളങ്കമില്ലാതെ നടത്താൻ സെൻട്രൽ കമ്മറ്റിയംഗങ്ങൾ സജീവമായി പ്രവർത്തനങ്ങൾ തുടങ്ങി. സ്റ്റോൺ ലേ പാർക്ക് അധികൃതരുമായി സെൻട്രൽ കമ്മറ്റിയംഗങ്ങൾ ആശയവിനിമയം നടത്തി.
ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് നിരവധി യൂണിറ്റുകൾ UKKCA ഭാരവാഹികൾക്കു നൽകിയ ആവേശോജ്വലമായ സ്വീകരണങ്ങൾ സെൻട്രൽ കമ്മറ്റിയംഗങ്ങൾക്കു നൽകുന്ന വലിയ പ്രതീക്ഷയുടെ അടിസ്ഥാനത്തിൽ കാർ പാർക്കിംഗിനും,കോച്ച് പാർക്കിഗിനും, കൺവൻഷൻ റാലിയ്ക്കുമൊക്കെ കൂടുതൽ സൗകര്യങ്ങൾ സ്റ്റോൺ ലേ പാർക്ക് അധികൃതരിൽ നിന്നും ഉറപ്പാക്കിയിട്ടുണ്ട്.
ജൂലൈ നാലിന് സ്റ്റോൺലേ പാർക്കിൽ വിരിയുന്ന മഹാത്ഭുതത്തിനായി ക്നാനായ കരുത്തിൻ്റെ നേർക്കാഴ്ച്ചയ്ക്കായി ഒരുക്കങ്ങളുടെ തിരക്കിലാണ് UK യിലെ ക്നാനായമക്കൾ.