26-ാം വയസിൽ അമേരിക്കയിലെ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായ പ്രവാസി മലയാളിയുടെ കഥ

ഇഷ്ടവിഷയം ഇഷ്ടത്തോടെ അതിലേറെ ആഗ്രഹത്തോടെ പഠിക്കുക. ആ അദമ്യമായ ആഗ്രഹത്തിന് മുമ്പിൽ എല്ലാ വാതിലുകളും നിഷ്പ്രയാസം തുറന്നു. ഓരോ സെക്കൻഡിലും തന്നിലെ പ്രതിഭയെ രാകി മിനുക്കാൻ ഉള്ള ഉറച്ച മനസ്സുണ്ടെങ്കിൽ വിജയം സുനിശ്ചിതം എന്ന് ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് സാവിയോ മുഖച്ചിറയിൽ എന്ന ഇരുപത്താറുകാരൻ. പഠിക്കാൻ ഇഷ്ടവിഷയം തിരഞ്ഞെടുത്തത് മാത്രമല്ല ഓരോ നിമിഷവും അതിലെ അറിവ് നവീകരിക്കാൻ നടത്തിയ കഠിനാദ്ധ്വാനവും കൂടിയാണ് സാവിയോയെ ചെറിയ പ്രായത്തിൽ തന്നെ ഈ മികച്ച നേട്ടത്തിലേക്ക് എത്താൻ തുണച്ചത്. നിലവിൽ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിൽ (University of Illinois) അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകനുമായി സേവനം അനുഷ്ഠിക്കുകയാണ് സാവിയോ.
കുവൈറ്റിൽ ജനിച്ച്,  ഹൈദരാബാദിലെ സേക്രട് ഹാർട്ട് സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ച്, പിന്നെ മാതാപിതാക്കൾക്കൊപ്പം യുകെയിലേക്ക് ചേക്കേറിയതാണ് സാവിയോ. കോട്ടയം അതിരമ്പുഴ കുറുമുള്ളൂർ സ്വദേശിയായ ജോസ് മാത്യുവിന്റെയും ഉഴവൂർ വെളിയന്നൂർ സ്വദേശിനിയായ ടെസി ജോസഫിന്റെയും മകൻ. 2005ൽ ആറാം വയസ്സിൽ മാതാപിതാക്കൾക്ക് ഒപ്പം യുകെയിൽ എത്തിയ കുഞ്ഞ് സാവിയോ 20 വർഷം കഴിയുമ്പോൾ  ഇഷ്ടമേഖലയിൽ തന്റെ പ്രതിഭയും പ്രാഗത്ഭ്യവും തെളിയിച്ചിരിക്കുന്നു.
സ്‌കൂളിൽ നിന്ന് തിരിച്ചറിഞ്ഞു ഡിസൈനിലെ താൽപര്യം
യുകെയിലെ ഷെഫീൽഡിൽ സെന്റ് പാട്രിക് പ്രൈമറി സ്‌കൂൾ, ഓൾ സയിന്റ്‌സ് കാത്തലിക് ഹൈസ്‌കൂൾ   ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം.  ഡിസൈൻ എന്നത് എന്താണെന്ന് ആദ്യം മനസ്സിലാക്കിയതും സ്‌കൂളിൽ വെച്ച് ആയിരുന്നു. ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ വലിയ താൽപര്യം ഇല്ലായിരുന്നു. പത്താം ക്ലാസിൽ തരക്കേടില്ലാത്ത മാർക്ക് കിട്ടിയെങ്കിലും താൽപര്യം ആർട്ടിനോട് ആയിരുന്നു. ആർട്ടിസ്റ്റ് ആകുക എന്നതായിരുന്നു ആ സമയത്ത് ആഗ്രഹിച്ചത്. പിതാവ് അതിന് പൂർണ പിന്തുണയും നൽകി.  ഏത് മേഖല തിരഞ്ഞെടുക്കുകയാണെങ്കിലും അതിൽ മികച്ചതാകണം എന്നതായിരുന്നു പിതാവിന്റെ ആവശ്യം.
ആർട്ടിനോട് വലിയ താൽപര്യം ഉണ്ടായിരുന്നെങ്കിലും ജന്മനാ താൻ അത്ര ആർട്ടിസ്റ്റ് ഒന്നും അല്ലെന്ന് പറയുന്നു സാവിയോ. ക്ലാസിൽ തന്നെക്കാളും നന്നായി വരയ്ക്കുന്ന വേറെയും കുട്ടികൾ ഉണ്ടായിരുന്നു. സ്‌കൂളിൽ പ്രൊഡക്ട് ഡിസൈൻ എന്ന് പറയുന്ന വേറൊരു ക്ലാസ് ഉണ്ടായിരുന്നു. അത് പഠിപ്പിച്ച അധ്യാപകന് തന്റെ താൽപര്യങ്ങൾ മനസ്സിലായി. ആർട്ട്, ഡിസൈൻ, മേക്കിംഗ് എന്നിവയൊക്കെ തനിക്ക് ഇഷ്ടമുള്ള മേഖലയാണെന്ന് അധ്യാപകൻ തിരിച്ചറിഞ്ഞു. ഒഴിവുള്ള സമയങ്ങളിൽ പ്രൊജക്ട് പൂർത്തിയാക്കാൻ ക്ലാസിൽ പോയി ഇരിക്കുമായിരുന്നു. ഇതോടെ പ്രൊഡക്ട് ഡിസൈൻ ആണ് താൽപര്യമുള്ള മേഖലയെന്ന് തിരിച്ചറിഞ്ഞു.
ബിരുദപഠനം ഇൻഡസ്ട്രിയൽ ഡിസൈനിൽ
യൂണിവേഴ്‌സിറ്റിക്ക് അപേക്ഷിക്കുന്ന സമയത്ത് പ്രൊഡക്ട് ഡിസൈന് ഏറ്റവും മികച്ചത് എവിടെ ആയിരിക്കുമെന്ന് നോക്കി. അതിൽ തന്നെ ഏറ്റവും മികച്ചതായി തോന്നിയത് യുകെയിലെ ലസ്റ്ററിലുള്ള ലഫ് ബൊറാ യൂണിവേഴ്‌സിറ്റി (Loughborough University, Industrial Design & Technology) ആയിരുന്നു. ബി എ ഇൻഡസ്ട്രിയൽ ഡിസൈൻ ആൻഡ് ടെക്‌നോളജി ഇവിടെയാണ് പഠിച്ചത്. 2017 മുതൽ 21 വരെ നാലു വർഷത്തെ കോഴ്‌സ് ആയിരുന്നു. ഇതിൽ തന്നെ മൂന്നാമത്തെ വർഷം  ഇന്റേൺഷിപ്പ് ആയിരുന്നു. ഇന്റേൺഷിപ്പിന് ശേഷം തിരിച്ചെത്തിയാണ് നാലാം വർഷം പൂർത്തിയാക്കുന്നത്.
ഒന്നാം വർഷം പൂർത്തിയായപ്പോൾ വേനൽ അവധിക്കാലത്ത് ദുബായിൽ ഒരു മാനുഫാക്ച്വറിംഗ് കമ്പനിയിൽ ഇന്റേൺഷിപ്പ് സ്വന്തം ഇഷ്ടപ്രകാരം ഒന്നരമാസം ചെയ്തു. അതിനു ശേഷം രണ്ടാം വർഷത്തിലേക്ക് എത്തി. ആ സമയത്ത് കോഴ്‌സിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പിന് അപേക്ഷിച്ചു. യുകെയിൽ കംപ്യൂട്ടർ മോഡൽ ചെയ്യുന്ന ഡിസൈനർ ആയിട്ട് ഇന്റേൺഷിപ്പിന് പ്രവേശനം കിട്ടി. അത് ഏകദേശം ഒരു ആറുമാസം ആയിരുന്നു. അതിനുശേഷം ജർമനിയിലേക്ക് പോയി. അവിടെ ഒരു മെഡിക്കൽ ഡിസൈൻ കൺസൾട്ടൻസിയിൽ. മെഡിക്കൽ പ്രൊഡക്ട്‌സ് ഉണ്ടാക്കുന്ന ഒരു കമ്പനി ആയിരുന്നു. അവിടെയും ആറുമാസം ജോലി ചെയ്തു. അതിനു ശേഷം യുകെയിലേക്ക് മടങ്ങിയെത്തി അവസാനവർഷം പൂർത്തിയാക്കി.
ഡിസൈൻ പഠിച്ചു കഴിഞ്ഞ സ്ഥിതിക്ക് ജോലിയിലേക്ക് കയറാൻ ആയിരുന്നു താൽപര്യം. എന്നാൽ, പിതാവിന്റെ നിർദ്ദേശത്തെ തുടർന്ന് ഉന്നതപഠനം നടത്താൻ തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് റോയൽ കോളേജ് ഓഫ് ആർട്ടിൽ( RCA, London) ഗ്ലോബൽ ഇന്നവേഷൻ ഡിസൈൻ പ്രോഗ്രാം ഉള്ളതിനെക്കുറിച്ച് അറിഞ്ഞു. പിതാവ് ആണ് ഈ യൂണിവേഴ്‌സിറ്റി നിർദേശിച്ചത്. ഇവിടെ മാത്രമായിരുന്നു മാസ്റ്റേഴ്‌സ് പ്രോഗ്രാമിനു വേണ്ടി അപേക്ഷിച്ചത്. ഗ്ലോബൽ ഇന്നവേഷൻ ഡിസൈൻ പ്രോഗ്രാം ഒരു ഇരട്ട ബിരുദാനന്തരബിരുദ കോഴ്‌സ് ആയിരുന്നു. റോയൽ കോളേജ് ഓഫ് ആർട്ടും ഇംപീരിയൽ കോളേജ് ഓഫ് ലണ്ടനും (RCA and Imperial college London)ചേർന്നാണ് ആ പ്രോഗ്രാം ചെയ്തിരുന്നത്. അപേക്ഷിച്ച വർഷം തന്നെ ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം ലഭിച്ചു.
അതുല്യവും സമാനതകളില്ലാത്തതും അസാധാരണവുമായ ഒരു കോഴ്‌സ് ആയിരുന്നു അത്.  ആദ്യ സെമസ്റ്റർ ലണ്ടനിൽ ആയിരുന്നു. രണ്ടും മൂന്നും സെമസ്റ്ററുകൾ സെമസ്റ്റർ എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പാർട്ണർ യൂണിവേഴ്‌സിറ്റികളിൽ പോയി പഠിക്കണം. അവസാന സെമസ്റ്റർ ലണ്ടനിൽ വന്ന് പൂർത്തിയാക്കും. ആദ്യ സെമസ്റ്റർ കഴിഞ്ഞ് നേരെ പോകേണ്ടിയിരുന്നത് ചൈനയിലെ ഷിങ്കോ യൂണിവേഴ്‌സിറ്റിൽ (Tsinghua University, Semester Exchange (2022) ആയിരുന്നു. അതു കഴിഞ്ഞിട്ടുള്ളത് സിംഗപ്പൂരിലെ നന്യാങ്ങ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിൽ (Nanyang Technology University, Semester Exchange 2022) ആയിരുന്നു.
എന്നാൽ ഈ സമയത്ത് കോവിഡ് സാഹചര്യം ആയിരുന്നതിനാൽ ചൈനയിലേക്ക് പോകാൻ പറ്റിയില്ല. പകരം ക്ലാസുകൾ ഓൺലൈനായി നൽകി. എന്നാൽ, കൂടുതൽ അനുഭവപരിചയം വേണ്ടിയിരുന്നു. പ്രഫസറുടെ നിർദ്ദേശം തേടി ദക്ഷിണ കൊറിയയിലും പുനെയിലെ എംഐടിയിലും ബന്ധപ്പെട്ടു. രണ്ടിടത്ത് നിന്നു പോസിറ്റീവ് ആയിട്ടുള്ള സമീപനമായിരുന്നു. പുനെയിലുള്ള മഹാരാഷ്ട്ര ഇൻസ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജിയിലെ, പ്രൊജക്ട് കഴിഞ്ഞപ്പോൾ വയനാട്ടിൽ മുള കരകൗശല നിർമാണ സ്ഥാപനമായ ഉറവിൽ (uravu)എത്തി പരിശീലനത്തിൽ പങ്കെടുത്തു. മുള കൊണ്ടുള്ള നിർമാണ രീതികൾ പഠിച്ചു. അതിനു ശേഷം ദക്ഷിണകൊറിയയിൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി എത്തി. സാംസംഗ് ആർട് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട്, ടെക്‌നോളജി യൂണിവേഴ്‌സിറ്റി ഓഫ് കൊറിയ, സോൾ വിമൻസ് യൂണിവേഴ്‌സിറ്റി എന്നീ മൂന്ന് യൂണിവേഴ്‌സിറ്റികളും ചേർന്ന ഇവന്റ് ആയിരുന്നു നടന്നത്. സ്‌പെകുലേറ്റീവ് ഡിസൈനിൽ വർക് ഷോപ്പ് നടത്തി. വർക് ഷോപ്പ് വിജയമായിരുന്നു. തുടർന്നുള്ള രണ്ടു വർഷങ്ങളിലും വർക് ഷോപ്പ് നടത്താനായി ദക്ഷിണ കൊറിയയിൽ നിന്ന് ക്ഷണം ലഭിക്കുകയും വർക് ഷോപ്പ് നടത്തുകയും ചെയ്തിരുന്നു.
ഇതിനിടയിൽ തമിഴ്‌നാട്ടിൽ ഐഐടി മദ്രാസ്  റിസേർച്ച് പാർക്കിൽ മെഡിക്കൽ ഡിവൈസ് പ്രോജക്റ്റിൽ ( Medical Device Project) ഒരു മാസം റിസേർച്ചിനുള്ള അവസരം കിട്ടി. വ്യത്യസ്തരായ നിരവധി ആളുകളെ പരിചയപ്പെടാനും സാധിച്ചു. ഓരോ സ്ഥലത്ത് നിന്നും ഡിസൈൻ എന്താണ് എന്നതിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ലഭിച്ചു. അതിനു ശേഷം എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി സിംഗപ്പൂരിലേക്ക് പോയി പഠനം പൂർത്തിയാക്കി. തുടർന്ന് ലണ്ടനിൽ തിരിച്ചെത്തി അവസാന സെമസ്റ്റർ പൂർത്തിയാക്കി.
ഇല്ലിനോയിലേക്ക്
ബിരുദാനനന്തരബിരുദ പഠനം പൂർത്തിയാക്കിയ സമയത്താണ്  യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിൽ ഒരു റിസർച്ച് പൊസിഷൻ ഓപ്പൺ ആണെന്ന് അറിഞ്ഞത്. അപേക്ഷ സമർപ്പിച്ചു. യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഭിമുഖത്തിന് ക്ഷണം ലഭിച്ചു. രണ്ടു ഘട്ടമായിട്ടായിരുന്നു അഭിമുഖം. രണ്ടു വർഷത്തെ കരാറിലായിരുന്നു ചേർന്നത്. ആ കാലയളവിലാണ് അധ്യപനം ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞത്. രണ്ടാം വർഷമായപ്പോൾ അവിടെ അസിസ്റ്റന്റ് പ്രൊഫസറുടെ പുതിയ ഒരു ഒഴിവ് വന്നു. അതിന് അപേക്ഷിച്ചു. ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ അഭിമുഖം ആയിരുന്നു അത്. ആർട്ട് ആൻഡ് ഡിസൈൻ ഡിപ്പാർട്ട്‌മെന്റിന്റെയും അതോടൊപ്പം വിദ്യാർത്ഥികളുടെയും മികച്ച അഭിപ്രായം ലഭിച്ചത് ജോലി ലഭിക്കുന്നതിന് തുണയായി. അങ്ങനെയാണ് യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിൽ അസിസ്റ്റന്റ് പ്രഫസർ ഓഫ് ഇൻഡസ്ട്രിയൽ ഡിസൈൻ ആയി ജോലിയിൽ പ്രവേശിച്ചത്.
എന്താണ് ഇൻഡസ്ട്രിയൽ ഡിസൈൻ
ഒരു പ്രശ്‌നം കണ്ടെത്തി പരിഹരിക്കുന്നതിനുള്ള സംയോജിതമായിട്ടുള്ള ഒരു പ്രക്രിയയാണ്  ഡിസൈൻ. ഒരു പ്രശ്‌നം കാണുക, അത് പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുക. ഒരു പ്രശ്‌നം കണ്ടെത്താനുള്ള കഴിവ് വേണം, ഒപ്പം കൃത്യമായ ആസൂത്രണത്തോടെ അത് പരിഹരിക്കാനുള്ള കഴിവ് കൂടെ വേണം. കൃത്യമായ ഈ ആസൂത്രണമാണ് ഡിസൈൻ എന്ന് അറിയപ്പെടുന്നത്.  ചുരുക്കത്തിൽ ആശയം കണ്ടെത്തി അത് ഫലപ്രാപ്തിയിൽ എത്തിക്കുന്നതാണ് ഡിസൈൻ.
ഇൻഡസ്ട്രിയൽ ഡിസൈൻ എന്നു പറയുന്നത് പ്രധാനമായും പ്രൊഡക്ട് ഡിസൈനിനെയാണ്. ഒരു മൊട്ടുസൂചി നിർമിക്കുന്നത് പോലും ഇൻഡസ്ട്രിയൽ ഡിസൈനിന്റെ ഭാഗമാണ്. എത്രത്തോളം കലാപരമായി ഒരു പ്രൊഡക്ട് നിർമിക്കുന്നു എന്നതാണ് പ്രധാനം. ഒരു ആശയത്തിന്റെ രൂപരേഖ തയ്യാറാക്കുക.  അതിന് കൃത്യമായ രൂപം നൽകി സൃഷ്ടിച്ച്, ഉപഭോക്താക്കൾക്ക് പ്രാപ്യമായ രീതിയിൽ ആക്കുന്നതാണ് പ്രൊഡക്ട് ഡിസൈൻ. ചുരുക്കത്തിൽ  ഇൻഡസ്ട്രിക്ക് വേണ്ടി ഒരു ആശയം സൃഷ്ടിച്ച് അതിനെ നിർമിച്ചെടുക്കുന്നതാണ്  ഇൻഡസ്ട്രിയൽ ഡിസൈൻ. വൈവിധ്യമാർന്ന നിരവധി കാഴ്ചപ്പാടുകൾ ഇതിന് ആവശ്യമാണ്. എൻജിനിയറിംഗ്, മാനേജ്‌മെന്റ്, സൈക്കോളജി, സൊസൈറ്റി, കൾച്ചറൽ തുടങ്ങിയ വിഷയങ്ങളിൽ ഇൻഡസ്ട്രിയൽ ഡിസൈനർക്ക് അറിവുണ്ടായിരിക്കണം. കൂടാതെ, ഗവേഷണം നടത്താൻ അറിഞ്ഞിരിക്കണം. ഒരു പ്രൊഡക്ട് ഡിസൈൻ ചെയ്യുന്ന സമയത്ത് മേൽപ്പറഞ്ഞ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഡിസൈൻ മനസ്സിൽ കാണാൻ ഡിസൈനർക്ക് കഴിഞ്ഞിരിക്കണം.
ഗവേഷണം തിയററ്റിക്കൽ ഡിസൈനിൽ
എങ്ങനെയാണ് നന്നായി ഡിസൈൻ ചെയ്യാൻ കഴിയുക എന്നതിലാണ് ഇപ്പോൾ ഗവേഷണം നടത്തി കൊണ്ടിരിക്കുന്നത്. നമുക്ക് ഒരു കാര്യം ഡിസൈൻ ചെയ്യാൻ കഴിയുന്ന അതേ സമയത്ത് തന്നെ അത് ചെയ്യുന്നത് സമൂഹത്തിന് നല്ലതാണോ എന്നതും കൂടിയാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന് സോഷ്യൽ മീഡിയ, ഫേസ്ബുക്ക്, ടിക് ടോക്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഇതെല്ലാം ആളുകളെ പരസ്പരം കണക്ട് ചെയ്യുന്നു. എന്റർടയിൻമെന്റ് പ്ലാറ്റ്‌ഫോം എന്നതിന് അപ്പുറത്തേക്ക് ഒരു അഡിക്ഷൻ എലമെന്റ് ഉണ്ട് അതിന്. അതിനപ്പുറം ഇത് ഒരു ബിസിനസ് കൂടിയാണ്. കൂടുതൽ സമയം ആളുകളെ എങ്ങനെ സോഷ്യൽ മീഡിയയിൽ ഇരുത്താം, കൂടുതൽ ലാഭം എങ്ങനെ ഉണ്ടാക്കാം എന്നതെല്ലാമാണ് ഇതിന്റെ ലക്ഷ്യങ്ങൾ. എന്റെ ഗവേഷണത്തിലേക്ക്
വരികയാണെങ്കിൽ ഇതെല്ലാം തെറ്റായ ഒരു ഡിസൈൻ ആണ്. ഏതൊരു കാര്യവും ഡിസൈൻ ചെയ്യുന്ന സമയത്ത് അത് കൊണ്ടുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ചും ധാരണയുണ്ടായിരിക്കണം. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തുന്നത്. ഗവേഷണത്തോടൊപ്പം യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിൽ അധ്യപനവും നടത്തുന്നുണ്ട്.
ഡിസൈൻ ലോകത്തേക്ക് കടന്നുവരുന്നവരോട്
യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിൽ വിദ്യാർത്ഥികളായി ഇന്ത്യക്കാർ ഉണ്ടെങ്കിലും മലയാളികൾ തീരെയില്ല. ഈ മേഖലയിലെ വിജയം എന്നു പറയുന്നത് നമ്മുടെ ക്രിയേറ്റിവിറ്റിയെ ആശ്രയിച്ചിരിക്കും. കഴിവും പ്രാവീണ്യവും ഒപ്പം ശരിയായ മനോഭാവവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമുള്ള ആർക്കും ഈ മേഖലയിലേക്ക് വരാം. കൂടുതൽ ഡിസൈനേഴ്‌സും ക്രിയേറ്റേഴ്‌സും ഇന്ത്യയിൽ നിന്ന് വരണമെന്ന് വലിയ ആഗ്രഹമുണ്ട്. ക്രിയേറ്റീവ് ഫീൽഡിലേക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ ഈ ജോലിക്ക് ആവശ്യമായ കഴിവ് എന്താണെന്ന് മനസ്സിലാക്കുകയും അത് വളർത്തിയെടുക്കുകയും പഠിക്കുകയും ചെയ്യുക. ഓൺലൈനിലും യുട്യൂബിലും സൗജന്യമായി ലഭിക്കുന്ന നിരവധി ട്യൂട്ടോറിയലുകൾ ഉണ്ട്. നമ്മുടെ വർക്കുകൾ കൃത്യമായ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചാൽ നമ്മുക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. ഇന്ത്യയിൽ അഹമദാബാദിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, ഐ ഐ ടി മുംബൈ, ഐഐടി ഡൽഹി, സൃഷ്ടി ഇൻസ്‌റിറ്റിയൂട്ട് ഓഫ് ആർട്ട് ആൻഡ് ഡിസൈൻ ആൻഡ് ടെക്‌നോളജി ബംഗളൂരു, മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പുനെ എന്നിവയെല്ലാമാണ് ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങൾ. കൊല്ലത്തുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (Kerala State Institute of Design, Kollam) കേരളത്തിലെ പ്രധാന ഡിസൈൻ ഇൻസ്‌റിറ്റിയൂട്ട് ആണ്.
ഈ രംഗത്തേക്ക് കടന്നുവരുന്നവരോട് പറയാനുള്ളത് എന്ത് കാര്യം ചെയ്യുമ്പോഴും നല്ലതിനു വേണ്ടി ചെയ്യുക. സ്വയം നേട്ടമുണ്ടാക്കുന്നതിന് അപ്പുറത്തേക്ക് സമൂഹത്തിന് അല്ലെങ്കിൽ ചുറ്റുമുള്ളവർക്ക് നല്ലത് വരുന്നതിനു വേണ്ടി ആയിരിക്കണം ഓരോ ഡിസൈനും. നമ്മുടെ കഴിവ് അനുസരിച്ച് മറ്റുള്ള ആൾക്കാരെ സഹായിക്കുക, മറ്റുള്ള ആൾക്കാരെ സഹായിക്കുന്നതിനു വേണ്ടി നമ്മുടെ കഴിവ് വർദ്ധിപ്പിക്കുക എന്നുള്ളതാണ് വ്യക്തിജീവിതത്തിലും പ്രഫഷനിലും സാവിയോയുടെ ലക്ഷ്യം.
സാവിയോയുടെ പിതാവ് ജോസ് മാത്യുവും അമ്മ ടെസ്സി ജോസഫും സഹോദരിയും യുകെയിൽ താമസിക്കുന്നു. സാവിയോയുടെ മാതാപിതാക്കൾ യുകെ എൻ എച്ച് എസ്  ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നു. സഹോദരി ആഞ്ചല ആൻ ജോസ്  ഡോക്ടറായി ജോലി ചെയ്യുകയാണ്.

 

Facebook Comments

Read Previous

കെവിന്‍ മൂന്നുപറയിലിന് കൈപ്പുഴ സെന്റ്‌ ജോര്‍ജ് വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്വീകരണം നൽകി.

Read Next

റോക്‌ലാൻഡ് ക്നാനായ സെൻറ് മേരീസ് കത്തോലിക്ക ഇടവക സമൂഹം റവ .ഫാ .ഡോക്ടർ ബിബി തറയിലിന് ഊഷ്മളമായ യാത്രയപ്പ് നൽകി :