പ്രിയ ക്‌നാനായ സഹോദരീ സഹോദരങ്ങളെ,
കോവിഡ് മഹാമാരി ശക്തമായി തുടരുന്ന ഈ കാലഘട്ടത്തില്‍ നിങ്ങളെല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കോവിഡ് ബാധയില്‍ നിന്നും വിമുക്തി നേടിയ വ്യക്തികളെയും കുടുംബങ്ങളെയും പ്രത്യേകമായി കോവിഡ് മൂലം മരണമുണ്ടായ കുടുംബങ്ങളെയും ഞാന്‍ പ്രത്യേകം അനുസ്‌മരിക്കുകയും അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ക്‌നാനായ നവീകരണ സമിതി എന്ന സംഘടന കോട്ടയം അതിരൂപതയ്‌ക്കെതിരെ നല്‍കിയ കേസില്‍ കോട്ടയം സബ്‌കോടതി 2021 ഏപ്രില്‍ 30ന് പുറപ്പെടുവിച്ച വിധിയെപ്പറ്റി യും തുടര്‍ന്ന് പ്രസ്‌തുത വിധിക്കു ലഭിച്ച സ്റ്റേയെക്കുറിച്ചും അതിരൂപത നല്‍കിയ പത്രക്കുറിപ്പിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ഇതിനോടകം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. ക്‌നാനായ സമുദായത്തിനു പുറത്തുനിന്നും ജീവിതപങ്കാളിയെ സ്വീകരിച്ചവരെയും അവര്‍ക്കുണ്ടാകുന്ന മക്കളെയും തെക്കുംഭാഗ ജനതയ്‌ക്കായി മാത്രം അനുവദിച്ചുതന്ന കോട്ടയം അതിരൂപതയില്‍ ചേര്‍ക്കണമെന്ന കോടതി വിധി തികച്ചും അപ്രതീക്ഷിതവും എന്നെയും ക്‌നാനായ സമുദായത്തിലെ ഓരോരുത്തരെയും ഏറെ വേദനിപ്പിക്കുന്നതും ആകുലപ്പെടുത്തുന്നതുമാണ്.
വളരെ ശ്രദ്ധയോടും കരുതലോടും കൂടി നമ്മള്‍ ഈ കേസിന്റെ നടപടിക്രമങ്ങള്‍ നടത്തിയിട്ടും നമുക്കെതിരായി വിധിയുണ്ടായപ്പോള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുവാനും പ്രസ്‌തുത വിധിക്കു സ്റ്റേ നേടുവാനും അതിരൂപത ഉടന്‍തന്നെ നടപടിയെടുത്തു. നമ്മുടെ അപ്പീല്‍ പരിഗണിച്ച് സബ്‌കോടതിവിധി ജില്ലാ കോടതി സ്റ്റേ ചെയ്‌തുവെന്നത് തീര്‍ച്ചയായും ആശ്വാസകരമാണ്.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെ അതിരൂപതയെ നയിച്ച എന്റെ മുന്‍ഗാമിയായ അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ക്‌നാനായ ജനതയെ അനുസ്‌മരിപ്പിച്ചിരുന്ന ഒരു ചെറിയ ദൈവവചനമുണ്ട്, “ചെറിയ അജഗണമേ ഭയപ്പെടേണ്ട”(ലൂക്ക 12,32). ദൈവത്തിന്റെ സംരക്ഷണയില്‍ എക്കാലവും വളര്‍ന്നുവന്ന ക്‌നാനായ സമുദായത്തിന്റെ തനിമയും സ്‌നേഹവും കൂട്ടായ്‌മയും നമ്മുടെ അഭിമാനവും മഹത്തായ പാരമ്പര്യവുമാണ്.
പതിനാറില്‍പരം നൂറ്റാണ്ടുകള്‍ നമ്മുടെ കാരണവന്മാര്‍ കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിച്ചു കൈമാറിയ വിശുദ്ധ പാരമ്പര്യത്തിനു ദൈവദാസന്‍ മാക്കീല്‍ പിതാവിന്റെ കഠിനപരിശ്രമത്തിലൂടെ 1911 ല്‍ വിശുദ്ധ പത്താം പിയൂസ് മാര്‍പ്പാപ്പയാല്‍ നല്‍കപ്പെട്ട സഭാപരമായ അംഗീകാരമാണല്ലോ ക്‌നാനായക്കാര്‍ക്കുവേണ്ടിയുള്ള കോട്ടയം വികാരിയാത്ത്. എന്റെ മുന്‍ഗാമികളായ രൂപതാദ്ധ്യക്ഷന്മാരിലൂടെ കൈമാറപ്പെട്ട് ഇപ്പോള്‍ എന്നിലേല്‍പ്പിക്കപ്പെട്ടിരിക്കുന്ന കോട്ടയം അതിരൂപത, ശ്രദ്ധാപൂര്‍വ്വം പരിപാലിക്കുന്ന സ്വവംശവിവാഹനിഷ്‌ഠയും അതിനോടനുബന്ധിച്ചുള്ള അനുഷ്‌ഠാന ക്രമങ്ങളും നിര്‍വിഘ്‌നം കാത്തുസൂക്ഷിക്കാന്‍ ദൈവതിരുമുമ്പാകെ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ഭാരതീയ നിയമവ്യവസ്ഥകളുടെയും സഭാനിയമങ്ങളുടെയും നമ്മുടെ പാരമ്പര്യങ്ങളുടെയും ചുവടുപിടിച്ച് നമുക്ക് അര്‍ഹമായ നീതി ലഭിക്കുവാനും ക്‌നാനായ പൈതൃകം സംരക്ഷിക്കുവാനും ഞാന്‍ എന്നും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനായുളള പരിശ്രമങ്ങള്‍ തീവ്രമായി നടത്തുന്നതുമാണ്.
ഒരു കോടതിവിധിയില്‍ തകരാനോ തളരാനോ ഉള്ളവരല്ല വലിയ പ്രതിസന്ധികളെ അതിജീവിച്ചിട്ടുള്ള ക്‌നാനായക്കാര്‍. കേസിന്റെ വിധിയുണ്ടായ അന്നുതന്നെ അതിരൂപതയിലെ എല്ലാ വൈദികരുമായും തുടര്‍ന്ന് വിധി പകര്‍പ്പു ലഭിച്ചതിനുശേഷം അതിരൂപതയിലെ പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ എന്നീ കാനോനിക സമിതികളുമായും ഇക്കാര്യത്തെക്കുറിച്ചു ഞാന്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുകയും അവരുടെ അഭിപ്രായങ്ങള്‍ ശ്രവിക്കുകയും ചെയ്‌തു. ഈ കേസില്‍ കക്ഷിചേര്‍ന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് കേസിന്റെ ഫലപ്രദമായ നടത്തിപ്പിനുവേണ്ടി ചെയ്‌ത ശക്തമായ ഇടപെടലുകള്‍ ഞാന്‍ നന്ദിയോടെ അനുസ്‌മരിക്കുന്നു. കേസിന്റെ മുന്‍പോട്ടുള്ള നടത്തിപ്പില്‍ അതിരൂപതയ്‌ക്കും ക്‌നാനായ സമുദായത്തിനും ഏറ്റം അനുകൂലമായ വിധി മേല്‍കോടതിയില്‍ നിന്നും ലഭിക്കത്തക്ക രീതിയില്‍ നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ക്‌നാനായ സമുദായത്തിലെ ഓരോരുത്തരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നീതിക്കായി ന്യായാധിപന്റെ വാതില്‍ക്കല്‍ തളരാതെ മുട്ടിയ വിധവയെപ്പോലെ (ലൂക്ക 18) നമ്മുടെ അതിരൂപതയ്‌ക്കും ക്‌നാനായ സമുദായത്തിനും മേല്‍ക്കോടതിയില്‍ നിന്നും നീതി ലഭിക്കുവാനും നമുക്കു ലഭിച്ചിരിക്കുന്ന സഭാസംവിധാനം അഭംഗൂരം നിലനിര്‍ത്തുവാനും സര്‍വ്വാത്മനാ പരിശ്രമിച്ച് സമുദായത്തോടൊപ്പം എക്കാലവും മുന്‍നിരയില്‍ ഞാനുമുണ്ടാകും. പൂര്‍വ്വപിതാവായ അബ്രാഹത്തിന്റെ അചഞ്ചലമായ ദൈവവിശ്വാസം പ്രതിസന്ധികളില്‍ മാതൃകയും പ്രചോദനവുമാകുകയും നമ്മെ ശക്തിപ്പെടുത്തുകയും വേണം. നമ്മുടെ പിതാക്കന്മാരെ കൈപിടിച്ചു നടത്തിയ ദൈവം നമ്മെയും ഉള്ളംകൈയ്യില്‍ സംരക്ഷിക്കുമെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
വേദനയോടെ ഒരു കാര്യം പറയട്ടെ, ഈ അവസരത്തില്‍ അതിരൂപതാനേതൃത്വത്തെ പൊതുവായും വ്യക്തിപരമായി എന്നെയും ആക്ഷേപിച്ചു ചിലര്‍ നടത്തുന്ന പ്രചരണങ്ങള്‍ ശരിയായ വസ്‌തുതകള്‍ മനസ്സിലാക്കാതെയാണ്. ക്‌നാനായ സമുദായത്തിന്റെ താല്‌പര്യം സംരക്ഷിക്കുന്നതിലും കോട്ടയം അതിരൂപതയുടെ സഭാപരമായ അസ്‌തിത്വം നിലനിര്‍ത്തുന്നതിലും മുന്‍രൂപതാധ്യക്ഷന്മാര്‍ സ്വീകരിച്ച നിലപാടുകളിലൊന്നിലും ഒരു മാറ്റവും ഞാന്‍ ഇതുവരെ വരുത്തിയിട്ടില്ലെന്നും ഇനി വരുത്തുകയില്ലെന്നും നേരത്തെ ഞാന്‍ 245-ാം നമ്പര്‍ സര്‍ക്കുലറിലൂടെ അറിയിച്ചിരുന്നുവല്ലോ. തെക്കുംഭാഗ ജനതയ്‌ക്കുവേണ്ടിയുള്ള കോട്ടയം അതിരൂപതയുടെ മെത്രാനെന്ന നിലയില്‍ ക്‌നാനായ മക്കളുടെ വിശ്വാസവും പാരമ്പര്യവും സഭാത്മക ജീവിതവും കാര്യക്ഷമമായി നിലനിര്‍ത്തുകയെന്നുള്ളത് പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വമായി ഞാന്‍ കരുതുന്നു. ഈ വസ്‌തുതകള്‍ മനസ്സിലാക്കിയും തെറ്റിദ്ധാരണകള്‍ പരത്താതെയും തെറ്റിദ്ധാരണകളില്‍ വശംവദരാകാതെയും നമ്മുടെ തനിമയും ഒരുമയും വിശ്വാസനിറവും പരിപോഷിപ്പിച്ച് സ്വവംശവിവാഹനിഷ്‌ഠ പാലിച്ചു തുടര്‍ന്നും ജീവിക്കുവാന്‍ നമുക്കു കഴിയണം.
ഇസ്രായേല്‍ മക്കള്‍ മോശയുടെ കരങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്താന്‍ സഹായിച്ചതുപോലെ (പുറപ്പാട് 17) ക്‌നാനായ മക്കള്‍ ഒറ്റക്കെട്ടായി നിന്ന് അതിരൂപതയുടെയും ക്‌നാനായ സമുദായത്തിന്റെയും സംരക്ഷണത്തിനായി നേതൃത്വം കൊടുക്കുവാന്‍ പ്രാര്‍ത്ഥനവഴിയും സഹകരണം വഴിയും ഈ സാഹചര്യത്തില്‍ എന്നെ ശക്തിപ്പെടുത്തണമെന്ന് എല്ലാ ക്‌നാനായ മക്കളോടും ഞാന്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. അതിരൂപതാദ്ധ്യക്ഷനെന്ന നിലയില്‍ ഈ ദിവസങ്ങളില്‍ എനിക്കു നിങ്ങള്‍ നല്‍കിയ വലിയ കരുതലും സഹകരണവും പിന്തുണയും ഉപദേശങ്ങളും പ്രാര്‍ത്ഥനകളും സൂര്യചന്ദ്രന്മാരുള്ളിടത്തോളം കാലം ക്‌നാനായ സമുദായം ദൈവപരിപാലനയില്‍ തുടര്‍ന്നും മുന്നേറുമെന്നതിനുള്ള തെളിവായി ഞാന്‍ കാണുന്നു.
ക്‌നാനായ സമുദായത്തെയും തെക്കുംഭാഗജനതയെയും ഇല്ലാതാക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. സ്വവംശവിവാഹനിഷ്‌ഠ പാലിച്ചുകൊണ്ടു മുമ്പോട്ടുനീങ്ങുന്ന യുവതീയുവാക്കള്‍ ഉള്ളിടത്തോളം കാലം ഈ സമുദായം സഭയുടെ സംരക്ഷണയില്‍ പിതാക്കന്മാരുടെ അനുഗ്രഹത്താല്‍ ശക്തമായി തന്നെ മുമ്പോട്ടു പോകും. ഈശോയുടെ തിരുഹൃദയത്തിന്റെ അനുഗ്രഹങ്ങളും പരിശുദ്ധകന്യകാമറിയത്തിന്റെയും വിശുദ്ധ പത്താംപിയൂസിന്റെയും മാദ്ധ്യസ്ഥവും നമ്മെ നിരന്തരം സഹായിക്കുമാറാകട്ടെ.
മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത