Breaking news

12-ാമത് യു.കെ-മടമ്പം സംഗമം “ഓർമ്മയിലെ മടമ്പം” വർണാഭമായി

ബർമ്മിഹാം: പിറന്ന നാടിൻ്റെ മധുര സ്മരണകളുമായി “ഓർമ്മയിലെ മടമ്പം” യു.കെയിലെ മടമ്പം-അലക്സ് നഗർ പ്രദേശത്തുള്ളവർ സോളിഹള്ളിൽ ഒത്തുകൂടി. യുകെയിലെ പ്രവാസി സംഗമങ്ങളിൽ ഏറ്റവും ജനപങ്കാളിത്തം ഉള്ള സംഗമങ്ങളിൽ ഒന്നായ മടമ്പം പ്രവാസി സംഗമം 2022 ജൂലൈ 23ന് സോളിഹൾ സെൻ്റ് മേരീസ് ഹോബ്സ് മോട്ട് ചർച്ച് ഹാളിൽ വച്ച് പ്രൗഢഗംഭീരമായി നടത്തി. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷക്കാലമായി യു.കെയിൽ താമസിക്കുന്ന മടമ്പംകാരുടെ പന്ത്രണ്ടാമത് സംഗമമാണ് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം  നടന്നത്. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളും അവിസ്മരണീയമായ സൗഹൃദ സ്മരണകളും പങ്കുവച്ചപ്പോൾ സംഗമത്തിനെത്തിയവരുടെ മനസിൽ ആഹ്ലാദം തിരതല്ലി. സോളിഹളളിലെ ജിൽസ് – ജീന ആദോപ്പള്ളിയിൽ ദമ്പതികളാണ് സംഗമത്തിന് ആഥിത്യം വഹിച്ചത്.
അനേക വർഷം മടമ്പം മെരിലാൻഡ് ഹൈസ്കൂളിൽ രസതന്ത്രം, ഇംഗ്ലീഷ്  അധ്യാപകനായിരുന്ന ഫിലിപ്പ് തോമസ് സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ. ടോമി നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. ശ്രീമതി. ജീന ജിൽസ് സംഗമത്തിന് എത്തിച്ചേർന്ന എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു. തുടർന്ന് കുട്ടികളുടെയും, മുതിർന്നവരുടെയും വ്യത്യസ്തങ്ങളായ കലാപരിപാടികളും ഗെയിംസുകളും അരങ്ങേറി. ഭാവി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു 5 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും, അടുത്ത സംഗമം ഡർബിയിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. മത്സരങ്ങളിൽ വിജയികളായവർക്കും, നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കൾക്കും സ്നേഹ സമ്മാനങ്ങൾ വിതരണം നടത്തുകയും ചെയ്തു. വിഭവസമൃദ്ധമായ തനിനാടൻ കേരള ഭക്ഷണവും ഒരുക്കിയിരുന്നു. ഷാജി.പി.മത്തായി, സാബു ജോൺ, ജിൽസ് ജോസഫ്, മനോജ് ലൂക്കോസ്, ഷിജു എം. അലക്സ്, സണ്ണി ജോൺ, ജ്യോതിസ് വിനോദ്, ജീന ജിൽസ്,ജിഷാ ബിനോയി, ബിനോയി ലൂക്കാ,ജോസ് കുര്യാക്കോസ്, സജി അബ്രാഹം  എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. അടുത്ത വർഷം കാണാം എന്ന് ശുഭപ്രതീക്ഷയോടെ വൈകുന്നേരം 8 മണിയോടുകൂടി സംഗമത്തിന് സന്തോഷപൂർവ്വം പരിസമാപ്തി കുറിച്ചുകൊണ്ട് ഏവരും യാത്ര തിരിച്ചു.                                 
Facebook Comments

knanayapathram

Read Previous

തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതി പരിശീലനം സംഘടിപ്പിച്ചു

Read Next

ന്യൂജേഴ്സിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ