മനുഷ്യൻ ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയതിന്റെ 53 – മത് വാർഷികം കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിൽ സമുചിതമായി ആചരിച്ചു.
നീൽ ആംസ്ട്രോങ്ങിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ബഹിരാകാശ യാത്രികന്റെ വേഷം ധരിച്ച് സ്കൂൾ അധ്യാപകൻ ശ്രീ.ടോം ജോൺ ഓരോ ക്ലാസ് മുറിയിലും ചെന്ന് 1969 ജൂലൈ 21ലെ ആദ്യ ചാന്ദ്ര യാത്രയുടെ ലഘു വിവരണം കുട്ടികൾക്ക് വളരെ ആകർഷകമാകുന്ന രീതിയിൽ നൽകി. ഒപ്പം കുട്ടികളുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലൂടെ ചാന്ദ്ര യാത്രയുടെ പ്രസക്തി എന്തെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി.
ജ്യോതി ശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ കുട്ടികളെ ഓർമിപ്പിക്കുവാനും അവയെപ്പറ്റി കൃത്യമായ അവബോധം നൽകുവാനും ലക്ഷ്യം വെച്ചായിരുന്നു ഇത്. വളരെ കൗതുകത്തോടും ജിജ്ഞാസയോടും കൂടെയായിരുന്നു കുട്ടികൾ അവതരണത്തെ വീക്ഷിച്ചത്. ഉച്ചത്തിൽ കൈയടിച്ചും ആഹ്ലാദരവത്തോടും കൂടെയാണ് കുട്ടികൾ ‘ബഹിരാകാശയാത്രികനെ’ അവരുടെ ക്ലാസ്സിൽ നിന്നും യാത്ര യയച്ചത്.
ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷങ്ങൾക്ക് ഹെഡ്മാസ്റ്റർ. ശ്രീ ക്രിസ്റ്റിൻ സാർ, അധ്യാപകരായ ഫാ. ബിനു, ശ്രീമതി ബോബിചാക്കോ , ശ്രീമതി സിമി ജോൺ, ശ്രീ.മാത്യു എന്നിവർ നേതൃത്വം നൽകി.
Facebook Comments