ദോഹ: ഖത്തറിലെ ക്നാനായ സമുദായങ്ങളുടെ ഐക്യം വിളിച്ചോതിക്കൊണ്ട് ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷനും (QKCA) ക്നാനായ യാക്കോബായ സമൂഹവും ചേർന്ന് സംഘടിപ്പിച്ച “ഖത്തർ ക്നാനായ സംഗമം 2025” വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. നവംബർ 14 വെള്ളിയാഴ്ച ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന സംഗമത്തിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലധികം ക്നാനായ സഹോദരങ്ങളാണ് അണിനിരന്നത്.
ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രസിഡന്റ് മണികണ്ഠൻ AP സംഗമം ഉദ്ഘാടനം ചെയ്തു. ദോഹ സെന്റ് പീറ്റേഴ്സ് ക്നാനായ യാക്കോബായ പള്ളി വികാരി ഫാ. അജു കെ. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ICBF പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യപ്രഭാഷണം നടത്തി. QKCA പ്രസിഡണ്ട് ജിജോയ് ജോർജ് എല്ലാവർക്കും സ്വാഗതമാശംസിച്ചു. ചീഫ് കോഓർഡിനേറ്റർ ആയ ജേക്കബ് ചെറിയാൻ നന്ദി അർപ്പിച്ച ചടങ്ങിൽ, ഖത്തറിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക വ്യക്തിത്വങ്ങളായ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറും നോർക്ക ബോർഡ് മെമ്പറുമായ ഇ എം സുധീർ, ഇൻകാസ് ജനറൽ സെക്രട്ടറി കെ വി ബോബൻ, SMCA പ്രസിഡണ്ട് ജോയി ആന്റണി, പരിപാടിയുടെ പ്രീമിയം സ്പോൺസർ ടെക്സാസ് സ്റ്റഡി അബ്രോഡ് എം ഡി ഏലിയാസ് ഡേവിഡ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ മുഖ്യാതിഥികൾ, സ്പോൺസർമാർ, ഖത്തറിൽ 25 വർഷം പൂർത്തിയായ ക്നാനായ സമുദായാംഗങ്ങൾ, ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ജോപ്പച്ചൻ തെക്കേക്കുറ്റ് എന്നിവരെ മെമന്റോ നൽകി ആദരിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തിയ ടാഗ് ലൈൻ, ലോഗോ മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനം നടത്തി. ഇരുവിഭാഗങ്ങളിലെ കുട്ടികൾ ചേർന്ന് അവതരിപ്പിച്ച ക്നാനായ സമുദായത്തിന്റെ തനതായ പൈതൃകം വിളിച്ചോതുന്ന മെഗാ പരിചമുട്ടുകളി, മെഗാ മാർഗംകളി എന്നിവയും
കലാ-സാംസ്കാരിക വിരുന്നും പുരാതനപാട്ടുകളും നടത്തുകയുണ്ടായി.
വിവിധ പ്രായക്കാർക്കുള്ള ഗെയിമുകളോടെ ആരംഭിച്ച സംഗമം പൊതുസമ്മേളനത്തിന് ശേഷം വർണ്ണാഭമായ കലാ-സാംസ്കാരിക വിരുന്നായി മാറി. വിവിധ കൾച്ചറൽ പ്രോഗ്രാമുകളും പുരാതന പാട്ടുകളുടെയും നാടൻ പാട്ടുകളുടെയും അവതരണവും നടന്നു.
സംഗമത്തിന് ആവേശകരമായ സമാപനം കുറിച്ചത്, പുരാതന പാട്ടുകൾ കോർത്തിണക്കിയ ചെണ്ടമേളം ഫ്യൂഷൻ മ്യൂസിക് പ്രോഗ്രാം ആയിരുന്നു. പരമ്പരാഗതവും ആധുനികവുമായ കലാരൂപങ്ങളുടെ ഈ സമന്വയം കാണികൾക്ക് പുത്തൻ അനുഭവമായി.
സംഗമത്തിന്റെ വിജയത്തിനായി ഫാ. അജു കെ തോമസ്, പരിപാടിയുടെ ചീഫ് കോർഡിനേറ്റേഴ്സ് ആയ ജിജോയ് ജോർജ്, ജേക്കബ് ചെറിയാൻ, സൂരജ് തോമസ്, എബിൻ പയ്യനാട് എന്നിവരെ കൂടാതെ ഇരു സംഘടനകളുടെയും കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി.

Facebook Comments