Breaking news

മാതാപിതാക്കൾ ഇല്ലാത്ത കാലം

ജോബി ഐത്തിൽ

ഇന്ന് ജൂൺ 15 ലോകമെബാടും ഫാതേർസ് ഡേ ആഘോഷിക്കുന്നു. മാതൃദിനം പോലെ തന്നെ പ്രധാനമായ ഒന്നാണ് പിതൃദിനവും. കുട്ടികളുടെ ജീവിതത്തില്‍ അച്ഛന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് പിതൃദിനം ആഘോഷിക്കുന്നത്. പിതാവിനെയും പിതാവിനെപ്പോലെയുള്ള വ്യക്തികളുടെയും ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും പിതൃദിനം ആഘോഷിക്കുന്നു. ഓരോരുത്തരുടെയും ജീവിതത്തില്‍ അവരുടെ പിതാവിന്റെ സംഭാവനയും പ്രചോദനവും സ്വാധീനവും വളരെ വിലമതിക്കുന്ന ഒന്നാണ്. അമേരിക്കയിലും കാനഡയിലും ജൂണ്‍ മൂന്നാമത്തെ ഞായറാഴ്ചയും മറ്റ് രാജ്യങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളിലും ഇത് ആഘോഷിക്കപ്പെടുന്നു. നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിൽ മാതാപിതാക്കളുടെ പങ്ക് എന്താണെന്നു നമ്മളെ ഓർമ്മപ്പെടുത്തുന്ന ദിവസങ്ങളാണ് ഫാദേഴ്സ് ഡേയും, മദേഴ്സ് ഡേയും ഒക്കെ എന്നാൽ  ഇന്നത്തെ ദിവസം തന്നെ മാതാപിതാക്കൾ നമുക്കൊപ്പം ഇല്ലാതെ ഒരു കാലത്തേ കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?എന്റെ അഭിപ്രായത്തിൽ
ജീവിതത്തിൽ പല കാലങ്ങളുണ്ട് ബാല്യം , കൗമാരം , യവനകാലം  വാർദ്ധക്യം അങ്ങനെ കിടക്കുന്നു ഓരോ കാലങ്ങൾ പക്ഷേ എനിക്ക് തോന്നുന്നത് മാതാപിതാക്കൾ ഇല്ലാത്ത കാലമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടായ കാലം എന്ന് തന്നെ പറയാം. കാരണം നമ്മളെ ഓരോരുത്തരെയും മനസ്സിലാക്കുവാനും നമ്മളെ ഒരു നിബന്ധനകളും ഇല്ലാതെ സ്നേഹിക്കുവാനും നമുക്ക് എല്ലാം തുറന്നു പറയുവാനും നമ്മളെ എല്ലാവരെയും കൂട്ടിയിണക്കുന്നതും നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളാണ്. അവർ നമ്മളോടൊപ്പം ഇല്ലാത്ത കാലം ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും കാലമാണ്. പ്രത്യേകിച്ച് പ്രവാസികളായവർക്ക് നാടുമായുള്ള അവരുടെ ബന്ധം കൂട്ടിയിണക്കുന്നത് ഒരു പരിധിവരെയും നമ്മുടെ മാതാപിതാക്കളാണ്. മാതാപിതാക്കളുടെ കാലശേഷം ഇനിയെന്തിന് നാട്ടിൽ പോകുന്നു എന്ന് പല പ്രവാസികളും ചോദിക്കുന്നതായി കണ്ടിട്ടുണ്ട് കാരണം നമ്മളുടെ പ്രവാസി ജീവിതത്തിന്റെ ലീവിലെ വരവും കാത്തു നമ്മളെ ഏറെ കാത്തിരിക്കുന്നത് നമ്മുടെ പ്രിയ മാതാപിതാളാണ് അവർ ഇല്ലാതെ നമ്മൾ എത്തുമ്പോൾ വല്ലാത്ത ഒരു ശൂന്യതയാണ് ഒരു പ്രവാസിക്കും അനുഭവപ്പെടുന്നത്.

സാധാരണ അച്ഛൻ മരിച്ചാൽ പിന്നീട് നമുക്ക് ഒരു ആശ്രയമായി അമ്മയുണ്ടാവും. പക്ഷേ ഇവരുടെ രണ്ടുപേരുടെയും മരണത്തോടെ നമ്മൾ ഒറ്റപ്പെട്ട പോവുകയാണ് ചെയ്യുന്നത്.മാതാപിതാക്കളുടെ കാലശേഷം ഓരോരുത്തരും അവനവൻറെ ജീവിതത്തിലേക്ക് തിരിച്ചു പോകുന്ന ഒരു കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. മാതാപിതാക്കൾ ഉള്ള കാലം അവർ എവിടെയാണോ വസിക്കുന്നത് അവിടെ എല്ലാവരും ഒരുമിച്ചു കൂടുവാനും സന്തോഷങ്ങൾ പങ്കിടുവാനും സാധിക്കുന്നു അത് കുടുബബന്ധങ്ങളെ കൂടുതൽ തീവ്രമാക്കാൻ സാധിക്കുന്നു.മരണകിടക്കയിലും എന്റെ ‘അമ്മ എന്നോട് പറഞ്ഞത് എന്റെ മരണത്തോടെ നമ്മുടെ കുടുബത്തിലെ ബന്ധങ്ങൾ അറ്റ് പോകാതിരിക്കാൻ നോക്കണമെന്നാണ് കാരണം തങ്ങളെ കുടുബബന്ധങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഏറ്റവും ശ്രദ്ധിക്കുന്നത് നമ്മുടെ മാതാ പിതാക്കൾ തന്നെയാണ്.

ഏതു പ്രതിസന്ധിയിലും ഏതു വിഷമഘട്ടത്തിലും അമ്മേ എന്നോ അച്ഛൻ എന്നോ ഉറക്കെ വിളിക്കുവാൻ ഇല്ലാത്ത ഒരു കാലം അത് അനുഭവിച്ച് അറിഞ്ഞവർക്ക് അതിൻറെ വേദന മനസ്സിലാവുകയുള്ളൂ. നമ്മുടെ നേട്ടങ്ങളിലും കോട്ടങ്ങളിലും നമുക്ക് ഓടിച്ചെന്ന് പറയുവാൻ മാതാപിതാക്കൾ ഇല്ലാത്തത് ഒരു വലിയ വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. മാതാപിതാക്കൾ മരിച്ചതിനു ശേഷമാണ് നമ്മുടെ ജീവിതത്തിൽ അവർക്കുണ്ടായിരുന്ന പ്രാധാന്യം കൂടുതൽ മനസ്സിലാകുന്നത്. നമ്മുടെ ജീവിതത്തിൽ ഏറ്റവും വലുതായ കാര്യം നഷ്ടമായെന്നുള്ള ചിന്ത അവരുടെ മരണശേഷമേ നമ്മൾക്ക് ബോധ്യമാവുകയുള്ളൂ. നമ്മൾ ഒരു മകനോ മകളോ ആയിരിക്കുമ്പോൾ ഒരിക്കലും നമുക്ക് മാതാപിതാക്കളുടെ വില മനസ്സിലാവില്ല എന്നൽ നമ്മൾ ഒരു അച്ഛനോ അമ്മയോ ആയി കഴിയുമ്പോൾ നമുക്ക് മനസ്സിലാകും നമ്മുടെ മാതാപിതാക്കൾ നമുക്ക് വേണ്ടി എത്ര കഷ്ടപ്പാട് സഹിച്ചിട്ടുണ്ടെന്ന് എത്ര ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ടെന്ന്.

മാതാപിതാക്കളുടെ സ്വപ്‌നമാണ് നമ്മുടെ ജീവിതം അച്ഛന്റെ കൈപിടിച്ചാണ് നാം പിച്ച വെച്ചത്, അമ്മയുടെ താരാട്ട് പാട്ട് കേട്ടാണ് നമ്മൾ ഉറങ്ങിയിട്ടുള്ളത് അവര്‍ ചൊല്ലിത്തന്ന വാക്കുകള്‍ കേട്ടാണ് നാം വളര്‍ന്നത്. അതുകൊണ്ട് തന്നെ അവരുടെ സ്വപ്‌നമാണ് നമ്മുടെ ജീവിതം അവർ നമുക്ക് ഒപ്പം ഇല്ലാത്ത ഒരുകാലത്ത് മാത്രമേ നമുക്ക് ഇതൊക്കെ മനസ്സിലാവുകയുള്ളൂ.

നമുക്ക് തന്നെ ഏറ്റവും വലിയ അനുഗ്രഹമാണ് നമ്മുടെ മാതാപിതാക്കൾ അവരുടെ കാൽ ചുവട്ടിലാണ് സ്വർഗ്ഗം. ഒരു കുടുംബം ഉണ്ടെങ്കിൽ അതിലെ ആണിക്കല്ലാണ് അമ്മ ഒരു വീടിൻറെ നിലനിൽപ്പിന് തൂണുകൾ വേണമെങ്കിൽ ഒരു കുടുംബത്തിൻറെ നിലനിൽപ്പിന് മാതാപിതാക്കളുടെ സാന്നിധ്യം അത്യാവശ്യമാണ്.ഒരു ആൽമരം പോലെ തണലേകുന്ന അമ്മയുടെ പകരം വെക്കാൻ ലോകത്ത് എന്തുണ്ട് .നമ്മുടെ ഓരോരുത്തരുടെയും ജനനവും വളർച്ചയും സംഭവിക്കുന്നത്  മാതാപിതാക്കളിലൂടെയാണ് . അമ്മയാണ് ഏറെ ക്ലേശിച്ച് ഗർഭം ചുമക്കുന്നതും പ്രസവിക്കുന്നതും, വളരെ പ്രയാസപ്പെട്ട് നമ്മളെ പോറ്റി വളർത്തിയതും നമ്മുടെ അമ്മയാണ് . നമ്മളെ ചെറുപ്പം മുതൽ സംരക്ഷിച്ചതും ചികിത്സിച്ചതും പഠിപ്പിച്ചതും ഒക്കെ ചെയ്തത് നമ്മുടെ അച്ഛനാണ്. ഉണ്ണാനും ഉടുക്കാനും ആവശ്യമായത് നൽകിയത് നമ്മുടെ അച്ഛനും അമ്മയും ആണ്. മുണ്ടു മുറുക്കിയൂടുത്ത് അവർ ഉണ്ണാതെയും ഉറങ്ങാതെയും മാറ്റിവെച്ച് അവരുടെ ജീവിതം മറന്നു നമുക്കായി ജീവിത സൗകര്യങ്ങളൊരുക്കിയതു നമ്മുടെ മാതാപിതാക്കന്മാരാണ്. കരയാനല്ലാതെ മറ്റൊന്നുമറിയാതെയും,കാലിട്ടടിക്കാനല്ലാതെ ഒന്നിനും കഴിയാതെയും പിറന്നു വീണ നമ്മളെ ഓരോരുത്തരെയും പത്തിരുപതു വയസ്സുവരെ, നീണ്ട രണ്ടു പതിറ്റാണ്ടുകാലം പ്രയാസം സഹിച്ചും കഠിനമായി അധ്വാനിച്ചും വളർത്തിയതും സംരക്ഷിച്ചതും നമ്മുടെ മാതാപിതാക്കളാണ്. അഥവാ ദൈവത്തെ കഴിച്ചാൽ നമ്മളെ നമ്മൾ ആക്കിയതിൽ ഏറ്റവും കൂടുതൽ പങ്കു വഹിച്ചത് നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കൾ തന്നെയാണ്.ജീവിതത്തിൽ എന്ത് നേടിയാലും നിൻറെ ആത്മാവ് നശിച്ചാൽ എന്ത് ഫലം എന്ന് പറയുന്നതുപോലെ തന്നെയാണ് ജീവിതത്തിൽ നിങ്ങൾ എന്തൊക്കെ നേടിയാലും എന്തൊക്കെ വെട്ടിപ്പിടിച്ചാലും അത് കണ്ടു അഭിമാനിക്കുവാൻ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്കൊപ്പം ഇല്ല എന്നുള്ളത്. കാരണം നിങ്ങളുടെ നേട്ടങ്ങളിൽ മനസ്സ് തുറന്ന് സന്തോഷിക്കുവാൻ നിങ്ങളുടെ മാതാപിതാക്കളോളം ആർക്കും സാധിക്കില്ല എന്നുള്ളത് ഒരു ചരിത്ര വസ്തുതയാണ്. കാലത്തിൻറെ കുത്തൊഴുക്കിൽ നിങ്ങളെ ആരൊക്കെ തള്ളിപ്പറഞ്ഞാലും പടിക്കു പുറത്താക്കിയാലും നിങ്ങളെ ചേർത്തുനിർത്തുന്നത് നിങ്ങളുടെ മാതാപിതാക്കൾ മാത്രമായിരിക്കും.

നമ്മുക്ക് വേണ്ടി ജീവിതം ഹോമിച്ച നമ്മുടെ മാതാപിതാക്കളോട് ഏതവസ്ഥയിലും നമ്മൾ മോശമായി പെരുമാറരുത്.അവരോട് കയർത്ത് സംസാരിക്കരുത്. അവരെ അവഗണിക്കരുത്. പരമാവധി സഹായ സഹകരണങ്ങൾ അവർക്ക് ചെയ്തു കൊടുക്കണം. അവരെ നന്നായി പരിഗണിക്കുകയും പരിരക്ഷിക്കുകയും വേണം. അവർ മോശമായി പെരുമാറിയാലും തിരിച്ച് അങ്ങനെ ചെയ്യാതിരിക്കുവാൻ നമുക്ക് സാധിക്കണം . അവർക്ക് മനോവേദന ഉണ്ടാക്കുന്ന ഒരു സമീപനവും ഉണ്ടാവരുത്. മാതാപിതാക്കളുടെ വികാരം വ്രണപ്പെടുകയോ അഭിമാനം ക്ഷതപ്പെടുയോ ചെയ്യുന്ന ഒന്നും മക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കട്ടെ അതിനെല്ലാം ഈ ഫാദേഴ്സ് ഡേ ഒരു ഓർമ്മപ്പെടുത്തൽ ആകട്ടെ കാരണം അവരുടെ കാലശേഷം പിന്നീട് നമ്മൾ എന്ത് അവർക്കു വേണ്ടി ചെയ്യണമെന്ന് ആഗ്രഹിച്ചാലും ഒന്നും തിരിച്ചു നൽകുവാൻ നമുക്ക് സാധിക്കുന്നതല്ല എന്നുള്ള സത്യം വിസ്മരിക്കരുത് .

വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍. സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. ലാഭേച്ഛ നോക്കാതെ സദാ സമയവും സ്വന്തം മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണ് ഓരോ മത പിതാക്കളും.മക്കളും മാതാ പിതാക്കളും തമ്മിലുള്ള ബന്ധത്തിന്‍റെ ഇഴയടുപ്പം അനീര്‍വചനീയമാണ്. മക്കളുടെ ജനനം മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ആ ബന്ധം സുദൃഢമായി കൊണ്ടോയിരിക്കും.ജീവിതത്തിന്‍റെ അടക്കവും അനക്കവും മക്കള്‍ക്ക് വേണ്ടിചെലവഴിക്കാനാണ് ഓരോ മാതാപിതാക്കൾക്കും ഇഷ്ടം .മക്കള്‍ ജീവിതത്തിൽ സ്വായത്തമാക്കുന്ന നേട്ടങ്ങള്‍ ജീവിതത്തിലെ കര്‍മ്മസാഫല്യത്തിന്‍റെ ആനന്ദവും മക്കളുടെ വീഴ്ചകൾ അസ്സഹനീയ വേദനയുമാണ് മാതാപിതാക്കൾക്ക് സമ്മാനിക്കുന്നത് എന്നത  നാമൊരോരുത്തരും അനുഭവസ്ഥരാണ്.മാതാപിതാക്കളുടെ വളര്‍ച്ചയും തളര്‍ച്ചയും മക്കളെ ആശ്രയിച്ചാണെന്ന് ചുരുക്കം.

സൗകര്യങ്ങളുടെയും പുരോഗതിയുടെയും പാരമ്യത കൈയിലൊതുക്കിയ നവ തലമുറ പലപ്പോഴും മാതാപിതാക്കളെ മറന്നു അപഥസഞ്ചാരത്തിലാണ്.കുഞ്ഞു നാളില്‍ മൈയ്യും മനസ്സും സമര്‍പ്പിച്ച് പോറ്റി വളര്‍ത്തിയവരെ അകലേക്ക് അടിച്ചോടിക്കുന്ന രോദനമൂറുന്ന കഥകള്‍ നാം ദിനേനെ കേട്ട്കൊണ്ടിരിക്കുന്നു.കുഞ്ഞായിരിന്നപ്പോള്‍,വാത്സല്യവും പരിചരണവും സ്നേഹവും മതിവരുവോളം ആസ്വദിച്ചും അനുഭവിച്ചും വളര്‍ന്നവര്‍ ആ വികാരങ്ങള്‍ തിരിച്ച് നല്‍കേണ്ട സമയത്ത് മുഖം തിരിച്ച് നില്‍കുന്നു നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു .ജീവിതത്തില്‍ സയാഹ്ന ദശ അഭിമുഖീകരിക്കേണ്ടതാണെന്ന തിരിച്ചറിവില്ലാതെ.വീടിന്‍റെ പടിക്ക്പുറത്ത് സ്ഥാനം നല്‍കി ആ സ്നേഹഗോപുരങ്ങളെ ഇല്ലാതാക്കാന്‍ വ്യഗ്രതകൂട്ടൂന്നവര്‍ ഭാവി മറന്ന് പ്രതികരിക്കുന്നവരാണ്.പരാജയം വഴികളില്‍ കാത്തിരിക്കുന്നെന്ന ഓര്‍മ സൂക്ഷിക്കുന്നത് നന്ന്. വൃദ്ധ പരിചരണ സൗധങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഈ സമിപനത്തെ പൂര്‍ണമായും ശരിവെക്കുന്നുണ്ട്.വിശാദം നിറഞ്ഞ വൃദ്ധ മുഖങ്ങളും രോദനങ്ങളും പുതു തലമുറയുടെ ജീര്‍ണതബാധിച്ച മനസ്സുകളുടെ പ്രവര്‍ത്തന പ്രതിഫലമാണ്

ഈ ഫാദേഴ്സ് ഡേയിൽ ഓരോരുത്തരും തങ്ങളുടെ അച്ഛന്മാരെ ഓർക്കുവാൻ ഇടയാകട്ടെ. മകളുടെ ആദ്യസ്‌നേഹവും മകന്റെ ഹീറോയും ആയിരിക്കും എപ്പോഴും അച്ഛന്‍. അതുകൊണ്ട് തന്നെയാണ് ഓരോ പിതൃ-പുത്ര സ്‌നേഹവും വ്യത്യസ്തമാവുന്നതും. ത്യാഗങ്ങള്‍ സഹിച്ചാണ് ഓരോ ദിവസവും അച്ഛന്‍ നമ്മളെ മുന്നോട്ട് കൊണ്ട് പോവുന്നത് എന്നുള്ളത് നാം മനസ്സിലാക്കേണ്ടതാണ്. അച്ഛന്റെ സ്മരണ നിലനിര്‍ത്തുന്നതിനും അച്ഛനില്ലാത്ത കാലം നമ്മുടെ ജീവിതത്തിലെ ഏറ്റവും ദുരന്തകാലമാണ് മനസ്സിലാക്കി ഈ ഫാദേഴ്സ് ഡേ നമുക്ക് നമ്മുടെ മാതാപിതാക്കളെ കൂടുതൽ സ്നേഹിക്കാൻ ശ്രമിക്കുക.. പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട് മാതാപിതാക്കളെ നോക്കുന്ന മക്കൾക്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകുമെന്ന് അത് പലപ്പോഴും ഞാൻ നേരിൽ മനസ്സിലാക്കിയിട്ടുമുണ്ട്.പണ്ട് എവിടെയോ വായിച്ച് ഒരു ജാപ്പനീസ് പഴഞ്ചൊല്ലിൽ ഇങ്ങനെ പറയുന്നു ഒരു പിതാവിന്റെ നന്മ പർവതത്തേക്കാൾ ഉയർന്നതാണ്, അമ്മയുടെ നന്മ കടലിനേക്കാൾ ആഴമുള്ളതാണ്. നമ്മൾ ജനിച്ച നാൾ മുതൽ,നമുക്ക് ആവശ്യമായതെല്ലാം തന്നത് നമ്മുടെ മാതാപിതാക്കളാണ് .

നമ്മുടെ കുട്ടികളുടെ ജീവിതത്തിൽ മാതാപിതാക്കൾക്ക് മാറ്റാനാവാത്ത പങ്കാണുള്ളത്. ഈ ബന്ധം ഒരു കുട്ടിയുടെ മാനസിക, ശാരീരിക, സാമൂഹിക, വൈകാരിക വികാസത്തിലും അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിലും സന്തോഷത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് മാതാപിതാക്കൾ ഉള്ള കാലം നിങ്ങളുടെ മക്കളെ അവർക്കൊപ്പം സമയം ചിലവഴിക്കാൻ അനുവദിക്കുക അങ്ങനെയുള്ള കുട്ടികൾ അവരുടെ ജീവിതത്തിൽ വലിയ മൂല്യങ്ങളാണ് നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളിൽ നിന്നും പഠിക്കുന്നത് അത് അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ വളരെയധികം ഉപകരിക്കും.

മണ്മറഞ്ഞു പോയ നമ്മുടെ മാതാപിതാക്കൾ ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നുള്ളതാണ് യാഥാർഥ്യം നമ്മുടെ മനസ്സുകളിൽ ഉണ്ടെങ്കിലും
ഒരിക്കൽ കൂടി തങ്ങളുടെ മാതാപിതാക്കൾ തങ്ങളെ കാണാൻ എത്തണമെന്ന് ആഗ്രഹിക്കാത്ത എത്ര മക്കളുണ്ട്? അവരുടെ സാമിപ്യവും സ്നേഹവും ഒരിക്കൽ കൂടി വേണമെന്ന് സ്വപ്നം കാണാത്ത ആരുമുണ്ടാവില്ല എന്നുള്ളത് ഒരു വസ്തുതയാണ് .മാതാ പിതാക്കളില്ലാത്ത ഓരോ ദിവസവും നമ്മുടെ ചിന്തയിൽ എപ്പോഴെങ്കിലും അവർ ഉണ്ടാവും.ചുമ്മാതെ ഇരിക്കുമ്പോൾ നീലാകാശത്തു നോക്കുമ്പോൾ അവർ നമ്മളെ നോക്കി അവിടെയുണ്ടാകും എന്ന തോന്നൽ ആർക്കാണ് ഉണ്ടാകത്തത് .

ഈ ഫാദേഴ്സ് ഡേയില് നമ്മൾക്ക് ഓരോരുത്തർക്കും നമ്മുടെ മാതാപിതാക്കളെ കുറിച്ച് ഓർക്കാൻ സാധിക്കട്ടെ കുറച്ചുകൂടി അവരെ സ്നേഹിക്കുവാൻ അവരെ പരിരക്ഷിക്കുവാൻ സാധിക്കട്ടെ… കാരണം അവരില്ലാത്ത കാലം അവർക്കു എന്തൊക്കെ കൊടുക്കണമെന്ന് വെച്ചാലും നമുക്ക് ഒരിക്കലും അത് സാധിക്കില്ല .ഈ ഫതേർസ് ഡേയിൽ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നവർക്കും മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്കും അവർ ചെയ്ത നന്മകൾ ഓർക്കുവാൻ അവരുടെ സ്നേഹം മനസ്സിലാക്കുവാൻ ഒരു ഓർമ്മപ്പെടുത്തൽ ആകട്ടെ.. ലോകത്തിലെ എല്ലാ മാതാപിതാക്കളും സന്തോഷമായിരിക്കട്ടെ  ഒരിക്കൽ കൂടി ക്നാനായ പത്രത്തിന്റെ എല്ലാ വായനക്കാർക്കും എൻറെ ഹൃദയം നിറഞ്ഞ ഫാദേഴ്സ് തേടി ആശംസകൾ

Facebook Comments

Read Previous

കൺവൻഷൻ പൊതുസമ്മേളന കമ്മറ്റിയ്ക്ക് പത്തരമറ്റേകാൻ പനംകാലായോടൊപ്പം പരിചയസമ്പന്നരായ സമുദായ സ്നേഹികൾ

Read Next

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം.