Breaking news

അധ്യാപകരോടുള്ള നീതി നിഷേധം; കലക്ടറേറ്റ് മാര്‍ച്ചുമായി എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍

കോട്ടയം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് 2018 മുതലുള്ള അധ്യാപക നിയമനങ്ങള്‍ ക്രമപ്പെടുത്താതെ അധ്യാപകരെ പെരുവഴിയിലാക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയാണ് കേരളാ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍്റെ ആഭിമുഖ്യത്തില്‍ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, വിജയപുരം രൂപതകള്‍ സംയുക്തമായി പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഗാന്ധി സ്ക്വയര്‍ മുതല്‍ കലക്ടറേറ്റ് വരെ അയ്യായിരത്തോളം അധ്യാപക / അനധ്യാപകര്‍ വായ മൂടിക്കെട്ടി റാലിയില്‍ പങ്കെടുത്താണ് തങ്ങളുടെ പ്രതിഷേധം അറിയച്ചത്. ഗാന്ധി സ്ക്വയറില്‍ നിന്നാരംഭിച്ച റാലി വിജയപുരം രൂപത സഹായ മെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ ഫ്ളാഗ് ഓഫ് ചെയ്തു. അധ്യാപകര്‍ക്ക് അഭിമാനബോധത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

കുട്ടികളെ ദേശസ്നേഹവും പൗരബോധവും മൂല്യങ്ങളും പരിശീലിപ്പിക്കുന്ന അധ്യാപകര്‍ക്ക് ചെയ്യുന്ന ജോലിക്ക് ശമ്പളം നല്‍കാതെ പെരുവഴിയിലാക്കിയിരിക്കുന്ന ഭരണകര്‍ത്താക്കള്‍ക്ക് ലജ്ജ തോന്നണമെന്ന് തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ കൂറിലോസ്. കേരള സര്‍ക്കാര്‍ അധ്യാപക നിയമന കാര്യത്തില്‍ എന്‍.എസ്.എസിനു നല്‍കിയ നീതി ക്രൈസ്തവ അധ്യാപകരുടെ കാര്യത്തില്‍ അനീതിയാക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

കലക്രേ്ടറ്റിനു മുമ്പില്‍ ചേര്‍ന്ന പ്രതിഷേധ സമ്മേളനത്തില്‍ കേരളാ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡണ്ട് ടോം മാത്യു അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കലക്രേ്ടറ്റിനു മുമ്പിലേക്ക് വായ മൂടിക്കെട്ടി പ്രതിഷേധ റാലി സംഘടിപ്പിച്ച അധ്യാപകരുടെ സമരപരിപാടി ഗാന്ധിജി നടത്തിയ ദണ്ഡിയാത്രയെ അനുസ്മരിപ്പിക്കുന്നുവെന്നും ഇനിയും അധ്യാപകരെ വെയിലത്തു നിര്‍ത്തിയാല്‍ വോട്ടു ചോദിച്ചു വരുമ്പോള്‍ ഉത്തരം ലഭിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡൊമിനിക് ഐലൂപ്പറമ്പില്‍, സുജി പുല്ലുകാട്ട് (കോട്ടയം), ബിബിന്‍ ബെന്നി (പാല ഷൈനി കുര്യാക്കോസ്, ജോബി വര്‍ഗ്ഗീസ് (പാലാ), വിന്‍സന്‍്റ് ജോര്‍ജ് (കാഞ്ഞിരപ്പള്ളി) തുടങ്ങിയവര്‍ പ്രസംഗിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍മാരായ ഫാ. ജോര്‍ജ് പുല്ലുകാലായില്‍ (പാല), ഫാ. ആന്‍്റണി പാട്ടപ്പറമ്പില്‍ (വിജയപുരം), ഫാ. തോമസ് പുതിയാകുന്നേല്‍ (കോട്ടയം), ഫാ. ആന്‍്റണി മൂലയില്‍ (ചങ്ങനാശ്ശേരി) എന്നിവരും ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്‍്റുമാരായ ബിജു വി.എം. (വിജയപുരം), ഈശോ തോമസ് (ചങ്ങനാശ്ശേരി) തുടങ്ങിയവരോടൊപ്പം ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ഭാരവാഹികളും രൂപത സെക്രട്ടറിമാരും ഭാരവാഹികളും നേതൃത്വം നല്‍കി.

Facebook Comments

Read Previous

ഈ വർഷത്തെ യു കെ ഉഴവൂർ സംഗമത്തിന് പ്രത്യേകതകൾ ഏറെ. സംഗമത്തിന് രെജിസ്ട്രേഷൻ മുതൽ അവസാനം വരെ സമ്മാന പെരുമഴ. ലെസ്റ്ററിൽ വച്ച് നവംബർ 15ന് ഉഴവൂർ സംഗമം നടത്തപ്പെടുന്നു. രെജിസ്ട്രേഷൻ പുരോഗമിക്കുന്നു

Read Next

കല്ലറ പഴുക്കാത്തറയിൽ പി.കെ. ഫിലിപ്പ് (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE