നട നടായോ നട……..
കേട്ടില്ലേ …..നട വിളിയുടെ ആരവം? അത് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം……ഒരു കോരിത്തരിപ്പ്……..ഒരു ഗൃഹാതുരത്വം……അത് പറഞ്ഞാൽ മനസ്സിലാകണമെങ്കിൽ ഒരു ക്നാനായക്കാരനായി ജനിക്കണം. തീർച്ചയായും….. നമ്മുടെ കാർന്നോന്മാർ പകർന്നു തന്ന ആ പാരമ്പര്യം….തലമുറകൾ താണ്ടിവന്ന തനിമയാർന്ന വിശ്വാസ പൈതൃകം ……..അതിന്റെ തനിമയും കെട്ടുറപ്പും ഇന്നും ഈ 21 ആം നൂറ്റാണ്ടിൽ ഈ യൂറോപ്പിന്റെ മണ്ണിലും തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ന് ലോകമെമ്പാടും ആ സമുദായ സ്നേഹത്തിന്റെയും കുടുംബ ഐക്യത്തിന്റെയും തിരി തെളിക്കപ്പെട്ടു കഴിഞ്ഞു. ക്നാനായ ജനതയുടെ പുത്തൻ തലമുറ ഇതാ പ്രസരിപ്പോടെ ദൈവസ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശ വാഹകരായിരിക്കുന്നു..അന്ന് AD 345 ൽ നമ്മുടെ പിതാമഹന്മാർ, കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ആ സുദിനം…… ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ പോലെ ഞാൻ മനസ്സിൽ കാണുന്നു.
Edesha യിലെ ജോസഫ് മെത്രാന് ലഭിച്ച സ്വപ്ന ദർശന പ്രകാരം, മാർത്തോമാ ശ്ലീഹയിലൂടെ ക്രിസ്ത്യാനികളാകുകയും, എന്നാൽ വേണ്ടത്ര നേതൃത്വമില്ലാതെ ക്ഷയിച്ചുകൊണ്ടിരുന്നതുമായ കേരളത്തിലെ ശേഷിച്ച ക്രിസ്ത്യാനികളെ ശക്തിപ്പെടുത്തുക എന്ന ദൗത്യം, ഒരു പ്രേഷിത കുടിയേറ്റത്തിനു നമ്മുടെ പിതാമഹന്മാരെ പ്രചോദിതരാക്കി. വഴികാട്ടിയായ ക്നായി തോമയുടെ നേതൃത്വത്തിൽ 7 ഇല്ലങ്ങളിൽ നിന്നുമുള്ള 72 കുടുംബങ്ങളിലെ 400 ഓളം ആളുകൾ 3 കപ്പലുകളിലായി അന്ന് കൊടുങ്ങല്ലൂരിൽ വന്നു ഇറങ്ങി.
അതെ ആ 3 കപ്പലുകൾ……ദാവീദ് രാജാവിന്റെ പതാകയുമേന്തി മുൻപേ പോന്ന Babylonia എന്ന കപ്പലും, കുരിശു രൂപമുള്ള റോമൻ പതാകയുമായി രണ്ടാമത്തെ കപ്പലും Eddessa യുടെ പതാകയുമേന്തി മൂന്നാമത്തെ കപ്പലും …….തീർച്ചയായും..ദൈവത്താൽ നയിക്കപ്പെട്ട ഒരു കുടിയേറ്റ യാത്രയായിരുന്നു അത് …….സുവിശേഷ പ്രഘോഷണ ദൗത്യവുമായി വന്ന നമ്മുടെ പിതാക്കൻകന്മാർക്ക് ആത്മീയ നേതൃത്വമേകാൻ ഉറഹായിലെ മാർ യൂസേപ്പു മെത്രാനും 4 ശെമ്മാശന്മാരും ഒപ്പമുണ്ടായിരുന്നു……..ക്രി
കൊടുങ്ങല്ലൂരെത്തിയപ്പോൾ 72 പദവികൾ കൊടുത്തുകൊണ്ടാണ് ചേരമാൻ പെരുമാൾ അവരെ കേരളമണ്ണിലേക്ക് സ്വീകരിച്ചത്. അതെ…….സൂര്യ ചന്ദ്രന്മാർ ഉള്ളിടത്തോളംകാലം നിലനിൽക്കുന്ന പദവികൾ കേരള സഭയെ പണിതുയർത്തിയ ജനത……..ആരാധനാ അനുഷ്ടാനങ്ങളും സുറിയാനി ക്രമങ്ങളും സംഭാവന നൽകിയ ജനത…….സഭയെ പണിതുയർത്തിയപ്പോഴും തനതായ കുടുംബ ബന്ധവും സമുദായ ഐക്യവും കാത്തു സൂക്ഷിച്ച ജനത……
ഇന്നും ഈ 2018 ലും……ഈ ക്നാനായ സമുദായം നിലനിൽക്കുന്നത് ഇഴ മുറിയാത്ത കുടുംബ ബന്ധം തലമുറകളോളം കാത്തുസൂക്ഷിക്കുമെന്നുള്ള ഉറപ്പോടുകൂടിയാണ്. അതെ ആ ഉറപ്പാണ് പുത്തൻ തലമുറയുടെ ആവേശം.ആഗോള കത്തോലിക്ക സഭയിലെ കെട്ടുറപ്പുള്ള സമുദായമായി ഇന്നും നിലനിൽക്കുവാൻ ക്നാനായക്കാർക്ക് വേണ്ടി മാത്രമായി 1911 ൽ കോട്ടയം രൂപത അനുവദിച്ചുതന്ന പത്താം പീയൂസ് മാർപാപ്പയെ സ്നേഹാദരവോടെ അനുസ്മരിക്കാം.
ഇന്നും AD 345 ൽ ഏറ്റെടുത്ത അതേ പ്രേഷിത ദൗത്യവുമായി ലോകമെങ്ങും ക്നാനായ മക്കൾ കടന്നു ചെന്നിരിക്കുകയാണ്……കുടിയേ
സ്നേഹം കൈമാറപ്പെടട്ടെ….കുടുംബ ബന്ധങ്ങൾ കെട്ടുറപ്പുള്ളതാകട്ടെ………
ചരിത്രം ആവർത്തിക്കപ്പെടുന്നു…..പുതിയ കുടിയേറ്റ ഭൂമികൾ ക്നാനായ ജനതക്കായി തുറക്കപ്പെട്ടിരിക്കുന്നു……അന്ന് കൊടുങ്ങല്ലൂരിൽ കാലുകുത്തിയ തൊമ്മന്റെ മക്കൾ കൈപ്പുഴയും നീണ്ടൂരും ഉഴവൂരും കടുത്തുരുത്തിയും മലബാറും അടക്കിവാണ് ………ഭാരത മണ്ണിന്റെ ഭൂമിശാസ്ത്ര പരിധികളും കവിഞ്ഞു, അമേരിക്കൻ ഐക്യ നാടുകളും യൂറോപ്യൻ രാജ്യങ്ങളും, ഓസ്‌ട്രസ്‌ലിയായും മിഡിൽ ഈസ്റ്റും ഉൾപ്പെടുന്ന ആറു ഭൂഖണ്ഡങ്ങളും ക്നാനായ സമുദായ സംഗമ വേദികളാക്കിയിരിക്കുന്നു.
സംസ്കാരങ്ങൾക്കതീതമായി എതിർപ്പുകളിലും മുറിപ്പെടുത്തലുകളിലും തളരാതെ ദൃഢമായ ക്നാനായ സംസ്കാരം നിലനിർത്തിയ ജനത….ബന്ധങ്ങൾ തിരിച്ചറിയുന്ന ജനത….ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാർ എല്ലാവരും യഹൂദന്മാരായിരുന്നു. ക്രിസ്തു സ്നേഹത്താൽ ജ്വലിച്ചിരുന്ന അവർ ക്രിസ്തു ഏൽപ്പിച്ച സുവിശേഷ പ്രഘോഷണ ദൗത്യ നിർവ്വഹണത്തിനായാണ് ചോര ചിന്തിയതും പീഡനമേറ്റതും. ക്നാനായക്കാരന്റെ പൂർവ്വികരായ ആദിമ യഹൂദ ക്രിസ്ത്യാനികൾക്ക് ഉണ്ടായിരുന്ന ഇതേ ദൗത്യവും കർമ്മ തീക്ഷണതയുമാണ്, ഉറ്റവരോടും ഉടയവരോടും, ജനിച്ച നാടിനോടും യാത്രപറഞ്ഞു, ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടുവാൻ കേരള മണ്ണിലേക്കുള്ള യാത്രക്ക് പ്രചോദനമേകിയതും ഇന്നോളംവരെ ഒരേ ദൗത്യമുള്ള, കെട്ടുറപ്പുള്ള സമൂഹമായി നിലനിൽക്കാൻ സാധിച്ചതും. ഈ സുവിശേഷ പ്രഘോഷണ ദൗത്യം നിറവേറ്റുവാനും തുടരുവാനും ഓരോ ക്നാനായക്കാരനും ബാധ്യസ്ഥരാണ്.
ജന്മം കൊണ്ടും കർമ്മം കൊണ്ടും ക്നാനായക്കാരനാകണമെന്നു പറയുമ്പോൾ, ഒരു യഥാർത്ഥ ക്നാനായക്കാരൻ കർമ്മനിരതനാകണമെന്നും, അവന്റെ ജന്മം തന്നെ പൂർവ്വികർ ഏറ്റെടുത്ത സുവിശേഷ ദൗത്യ നിർവ്വഹണത്തിനായിരിക്കണമെന്നും ചൂണ്ടിക്കാണിക്കുന്നു. ക്രിസ്തുവുമായുള്ള ഒരു ആത്മീയ ബന്ധം നിലനിർത്തുവാൻ ജന്മമെടുത്തവനാണ് ഓരോ ക്നാനായക്കാരനും. ക്രിസ്തു ഏൽപ്പിച്ച ദൗത്യത്തിനായി ചോര ചിന്തുവാൻ തയ്യാറാകുന്നവനാണ് യഥാർത്ഥ ക്നാനായക്കാരൻ…..തന്റെ ദൗത്യം തിരിച്ചറിഞ്ഞ ക്നാനായക്കാരൻ.
ജന്മം ശാരീരികമാണെങ്കിലും കർമ്മം ഒരു ആത്മീയ സമർപ്പണമാണ്. ശരീരത്തിന്റെ ശക്തിയും ബന്ധവുമല്ല, മറിച്ച് ആത്മാവിന്റെ ശക്തിയും ആത്മീയ ബന്ധവുമാണ് ദൗത്യനിർവ്വഹണത്തിനു സഹായിക്കുന്നത്. വികാരമല്ല, വിവേകവും ജ്ഞാനവുമാണ് വേണ്ടത്. വികാരം ശരീരത്തിൽ നിന്നും, വിവേകവും ജ്ഞാനവും ആത്മാവിൽ നിന്നും പുറപ്പെടുന്നു.
ഈക്കാലമൊക്കെയും ക്നാനായ സമുദായത്തെ കെട്ടുറപ്പിൽ നിലനിർത്തിയത് ആരുടെയും വികാരപരമായ പ്രവർത്തനം കാരണമോ രക്തം രക്തത്തെ തിരിച്ചറിഞ്ഞതുകൊണ്ടോ അല്ല…… മറിച്ച്, ക്രിസ്തുവിന്റെ ദൗത്യമേറ്റെടുത്ത പ്രാർത്ഥനാനിരതരായ യഥാർത്ഥ ക്നാനായക്കാരന്റെ കർമ്മം നിറവേറ്റുകയും,
ജന്മംകൊണ്ടും കർമ്മംകൊണ്ടും ഓരോ ക്നാനായക്കാരനിലും നിക്ഷിപ്തമായിരിക്കുന്ന ദൗത്യം നിറവേറ്റുകയും, ദൈവവുമായും സഹോദരങ്ങളുമായും ആത്മീയ ബന്ധം നിലനിർത്തുകയും ചെയ്യുന്നവരുടെമേൽ ദൈവം ചൊരിയുന്ന സ്നേഹവും കരുണയും മൂലമാണ്.
ദൈവമാണ് ഈ സമുദായത്തെ നിലനിർത്തിയതും, നിലനിർത്തുന്നതും, നിലനിർത്താൻ പോകുന്നതും. ക്രിസ്തു ഏൽപ്പിച്ച സുവിശേഷ പ്രഘോഷണ ദൗത്യം നിർവ്വഹിക്കുന്നിടത്തോളം കാലം…..നമ്മുടെ പിതാമഹന്മാർ ഏറ്റെടുത്ത കർമ്മം നിറവേറ്റിടുന്നിടത്തോളം കാലം….. ദൈവം ഈ സമുദായത്തെ നിലനിർത്തിക്കൊള്ളും. മറിച്ച്, ദൈവഹിതം നിറവേറ്റാതെ, സ്വന്തം ശക്തിയിൽ ആശ്രയിച്ചാൽ തകർന്നു വീഴുന്നത് ജീവിതങ്ങളും സമുദായത്തിന്റെ കെട്ടുറപ്പുമായിരിക്കും.
ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക;ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്;ഞാന്‍ ഭൂമിയില്‍ ഉന്നതനാണ് (സങ്കീര്‍ത്തനങ്ങള്‍ 46:10).
ഓരോ ക്നാനായക്കാരനെയും ഏൽപ്പിച്ച ദൗത്യം നിറവേറ്റുക, ശാന്തമായിരിക്കുക, ദൈവകരങ്ങളിൽ സമർപ്പിക്കുക. സ്നേഹ ചങ്ങലകൾ തീർത്തു കെട്ടുറപ്പുള്ള സമൂഹമായി പ്രേക്ഷിത ദൗത്യ പ്രയാണം തുടരാം.
മറക്കാതിരിക്കാം നമ്മുടെ ദൗത്യത്തെ….സമർപ്പിക്കാം ദൈവകരങ്ങളിൽ …..ക്രിസ്തുവിനു സാക്ഷികളായി തലമുറ തലമുറ കൈമാറി പകർന്നിടാം നവസുവിശേഷ ചൈതന്യം.