Breaking news

ക്‌നാനായ മക്കൾക്ക് ഒരു ഉണർത്തുപാട്ട്

ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞ ‘ഒരു ക്‌നാനായ വീരഗാഥ’ എന്ന ഗാനം ലോകത്തെമ്പാടുമുള്ള ക്‌നാനായക്കാരും അല്ലാത്തവരുമായുള്ള ജനഹൃദയങ്ങളിലേക്ക് ആവേശപൂർവ്വം ചേക്കേറിയിരിക്കുന്നു.ഏവരിലും ആവേശമുണർത്തുന്ന എഡി 345 ൽ ക്‌നായിത്തൊമ്മൻ എന്ന ചരിത്രപുരുഷന്റെ നേതൃത്വത്തിൽ നടന്ന കേരളകുടിയേറ്റം മുതൽ ആ സമുദായത്തിന്റെ ഇന്നുവരെയുള്ള ചരിത്രമാണ് ഈ ഗാനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. തികച്ചും ലളിതമായ രീതിയിൽ ക്‌നാനായ സമുദായ ചരിത്രം വിവരിക്കുന്ന ഈ ഗാനം ഈ സമുദായത്തിന്റെ പ്രത്യേകതകളും ആചാരരീതികളും സമ്പ്രദായങ്ങളും ഏവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചിരിക്കുന്നു എന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണം.ഇമ്പമാർന്ന ഈണത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം ഗായകൻ ശ്രീ. എം.ജി. ശ്രീകുമാറാണ്. ആലാപനത്തിന്റെ മികവുകൊണ്ടും സ്വതസിദ്ധമായ ആകർഷണ ശൈലികൊണ്ടും ഈ ഗാനത്തിന് മിഴിവേകുവാൻ അദ്ദേഹത്തിനു സാധിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം.
ഈ ഗാനം രചിച്ചിരിക്കുന്നത് യു.കെ.യിൽ ഏവർക്കും സുപരിചിതനായ ശ്രീ. സിറിയക് കടവിൽച്ചിറയാണ്. വിവിധ കലാമേഘലകളിൽ കഴിവ് തെളിയിച്ച ഇദ്ദേഹം താൻ ചെയ്ത നിരവധി ഷോർട്ട് ഫിലിമുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇതിനോടകം ഇടം നേടിയ ഒരു കലാകാരനാണ്.ചിക്കാഗോയിൽ സ്ഥിരതാമസക്കാരനും ഒരു ഗായകനുമായ ശ്രീ. ജൈറോസ് പതിയിൽ, ദുബായിൽ ജോലി ചെയ്യുന്ന ശ്രീ ജൈമോൻ മണ്ണാത്തുമാക്കിൽ എന്നിവർ ചേർന്നാണ് ‘ഒരു ക്‌നാനായ വീരഗാഥ’ നിർമ്മിച്ചിരിക്കുന്നത്. ദുബായിലെ സ്‌റ്റേജുകളിൽ നിരവധി നാടകങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള ശ്രീ. ജൈമോൻ മണ്ണാത്തുമാക്കിൽ തന്റെ ഭാവനയുടെ ചിറകുകളിൽ ഈ ഗാനത്തെ വർണ്ണപ്പകിട്ടുള്ള രംഗങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്നതിൽ വിജയിച്ചു എന്നു തീർച്ചയാണ്.ശ്രീ. കണ്ണൂർ ബാബു എന്ന അനുഗ്രഹീത കലാകാരനാണ് ഇതിന്റെ പശ്ചാത്തല സംഗീതം തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹത്തിന് അഭിമാനപൂർവ്വം ഓർത്തുവയ്ക്കുവാൻ ശേഷിയുള്ള ഒരു ഗാനമാണിതെന്ന് അടിവരയിട്ട് പറയുവാൻ സാധിക്കും.ഇതിനോടകംതന്നെ ജനലക്ഷങ്ങൾ ഏറ്റുവാങ്ങി നെഞ്ചോട് ചേർത്ത ഈ ഗാനം ക്‌നാനായ സമുദായത്തിന്റെ ഒരു ഉണർത്തുപാട്ടായി മാറിക്കഴിഞ്ഞു. ഓരോ ക്‌നാനായക്കാരന്റെയും ചുണ്ടുകളിൽ ഇനിയുള്ള കാലം ഈ ഗാനത്തിന്റെ ഈരടികൾ മുഴങ്ങിക്കൊണ്ടിരിക്കും എന്ന കാര്യത്തിൽ സംശയംവേണ്ട.
ഇതിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാ കലാപ്രവർത്തകർക്കും എല്ലാവിധ ഭാവുകങ്ങളും അഭിനന്ദനങ്ങളും നേരുന്നതിനോടൊപ്പം ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾ ഈ ടീമിൽ നിന്നും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തുകൊള്ളുന്നു.

ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞ ‘ഒരു ക്‌നാനായ വീരഗാഥ’താഴെ കാണാം

Facebook Comments

knanayapathram

Read Previous

സമാശ്വാസം കോവിഡ് പുനരധിവാസ പദ്ധതി കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Read Next

പ്രതിസന്ധികളില്‍ തളരാതെ ക്നാനായ സമുദായം