Breaking news

പ്രതിസന്ധികളില്‍ തളരാതെ ക്നാനായ സമുദായം

ലേവി പടപുരയ്‌ക്കൽ

നൂറ്റാണ്ടുകളുടെ ചരിത്രവും പേറി തങ്ങളുടെ വംശശുദ്ധിയും കാത്ത് അണയാത്ത ക്രൈസ്തവ വിശ്വാസവും വഹിച്ച് ക്‌നാനായ സമുദായം ഇന്നും നിലനിൽക്കുന്നു. ലോകത്ത് ഇത്രമാത്രം, പൂർവ്വപിതാവായ അബ്രഹാം വരെ എത്തിനിൽക്കുന്ന ശ്രേഷ്ഠമായ പാരമ്പര്യത്തിന്റെ വക്താക്കളായി തുടരുന്ന മറ്റ് ക്രൈസ്തവ വിഭാഗങ്ങളോ ക്രൈസ്തവേതര വിഭാഗങ്ങളോ ഇല്ല എന്നതാണ് വാസ്തവം. യേശു ദൈവപുത്രനാണെന്ന് ആദ്യമേ ഏറ്റുപറഞ്ഞ ആദിമ യഹൂദ ക്രിസ്ത്യാനികളുടെ നേര്‍തുടര്‍ച്ചയാണ് ഇന്ന് ലോകത്ത് കാണുന്ന ക്നാനായ സമുദായം. പാരമ്പര്യങ്ങൾക്ക് വേണ്ടി മാത്രമായോ വംശശുദ്ധിക്കുവേണ്ടി മാത്രമായോ നിലനിൽക്കുന്ന അല്ലെങ്കിൽ നിലനിർത്തുന്ന ഒന്നു മാത്രമല്ല ക്‌നാനായ സമുദായം. യേശുവിലുള്ള വിശ്വാസം ഏറ്റവും വലുതാണെന്നും യേശു ദൈവപുത്രനെന്നു ഉറച്ച് വിശ്വസിക്കുകയും വിശ്വസിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ദൈവജനമാണ് ക്‌നാനായ സമുദായം. യഹൂദ വംശത്തിന്റെ തുടർച്ചയും അപ്പസ്‌തോലന്മാരുടെ പിൻഗാമികളും അടങ്ങുന്ന ഒരു ചെറിയ ആട്ടിൻപറ്റം ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമായി ഇന്നും ജീവിക്കുന്നു. കാലഘട്ടത്തിന്റെ പ്രത്യേകതകൾ കൊണ്ടോ പലവിധ തെറ്റിദ്ധാരണകൾ കൊണ്ടോ ഈ ന്യൂനപക്ഷ സമുദായത്തിന്റെ അസ്തിത്വത്തെക്കുറിച്ച് കോടതിയിൽപ്പോലും ഇന്ന് പലരും ചോദ്യം ചെയ്യപ്പെടുന്നു.

സ്വന്തം താൽപര്യപ്രകാരം സമുദായംവിട്ട് വിവാഹിതരാകുന്നവർ പിന്നീട് തങ്ങൾക്കും സമുദായത്തിൽ തുടർന്നു നിൽക്കുവാൻ അവകാശമുണ്ടെന്നും സമുദായത്തിന്റെ ആനുകൂല്യങ്ങൾക്ക് തങ്ങളും അർഹരാണെന്നുമുള്ള വാദം എത്രയോ അർത്ഥശൂന്യമാണ്. കാരണം, ക്‌നാനായ സമുദായത്തിന്റെ നിലനിൽപ്പ് എന്നത് ക്‌നാനായ സമുദായത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹ ബന്ധംവഴിയാണ്. സമുദായം വിട്ട് വിവാഹം ചെയ്തവരെ സ്വീകരിക്കുക വഴി സമുദായം സമുദായം അല്ലാതെ മാറുന്നു. അപ്പോൾ പ്രത്യേകത ഇല്ലാത്ത സമുദായത്തിന്റെ ആനുകൂല്യം ലഭിക്കണം എന്നത് യുക്തിക്കു നിരക്കാത്ത വാദമാണ്. ആരോപണങ്ങൾ പലപ്പോഴും നിരത്തുന്നത്. കാലങ്ങളായി നിൽക്കുന്ന മറ്റ് രൂപതകളല്ലെന്നും സമുദായം വിട്ട് മാറി വിവാഹം ചെയ്യുന്നവരാണെന്നും തിരിച്ചറിയേണ്ടതുണ്ട്.തന്നെയുമല്ല ,സ്വന്തം താല്പര്യ പ്രകാരം സമുദായം വിട്ട് മാറി ഇതര രൂപതകളിൽ അംഗങ്ങൾ ആകുന്നവരോടോ അവരുടെ കുടുബാംഗങ്ങളോടോ അതിരൂപതയോ സമുദായമോ യാതൊരു വിധ നീരസവും കാണിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.ഇതിന്റെയൊക്കെയും യഥാർഥ വസ്തുത സമുദായം മാറിപോയവർക്ക് അറിയാമെങ്കിലും തനിക്ക് ശേഷം പ്രളയം ആകണം എന്ന ചിന്തയാണ് ചിലരെ അസ്വസ്‌തരാക്കുന്നതും തുടർന്ന് പോരുന്ന സമുദായത്തിൽ പ്രതിസന്ധികൾ സൃഷ്‌ടിക്കുവാൻ ആഗ്രഹിച്ചു ബോധപൂർവം സത്യത്തെ വളച്ചൊടിച് നിയമ വഴികൾ അന്വേഷിക്കുന്നതും.

ഈ സമുദായം അപ്രസക്തമെന്നു മറ്റ് രൂപതകളോ സഭാ വിഭാഗങ്ങളോ പറയില്ല കാരണം, ക്രൈസ്തവസഭക്കു ക്‌നാനായ സമുദായം നൽകിയതും നൽകിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകളെക്കുറിച്ച് വ്യക്തമായി അവർക്കു അറിയാം.ക്‌നായിത്തോമായുടെ പ്രേഷിത കുടിയേറ്റത്തെ വിലയിരുത്തുമ്പോൾ ഒരു മഹാ സംഭവമായി വീക്ഷിക്കുവാനെ സാധിക്കൂ. ഹൈന്ദവ വിശ്വാസം മാത്രമുണ്ടായിരുന്ന ഭാരതമണ്ണിൽ മാർ തോമാസ്ലീഹായാൽ സ്ഥാപിക്കപ്പെട്ട ക്രൈസ്തവ വിശ്വാസത്തെ ക്ഷയോന്മുഖാവസ്ഥയിൽ നിന്നും തളിർപ്പിച്ച് പുഷ്പിപ്പിച്ചത് വഴി കേരള സഭയ്ക്കു മാത്രമല്ല ഭാരതസഭയ്ക്കും അഭിമാനകരമാക്കിയത് ക്‌നായിതോമായാണ്. ചേരമാൻ പെരുമാൾ ഹൈന്ദവമണ്ണിൽ ക്‌നായിതോമാക്കും കൂട്ടർക്കും കരം ഒഴിവാക്കി പട്ടണവും പള്ളിയും പണിത് കൊടുത്തു എന്നതും എഴുപത്തി രണ്ട് പദവികൾ നൽകി ആദരിച്ചു എന്നതും ചരിത്രസത്യമാണ്. ഇതുവഴി മാർത്തോമ്മാ ക്രിസ്ത്യാനികൾക്കും കൂടുതൽ അംഗീകാരം ലഭിക്കുവാൻ കാരണമായി. കാലം ഇത്രയേറെ കഴിഞ്ഞിട്ടും മറ്റ് മതസ്ഥരെ അംഗീകരിക്കുവാൻ തയ്യാറാകാത്ത ചില മതമൗലിക രാജ്യങ്ങളെ നമ്മൾ കാണുമ്പോൾ നൂറ്റാണ്ടുകൾക്കു മുൻപ് ഇതര മതവിഭാഗത്തിനു കൂടുതൽ അധികാരാവകാശങ്ങൾ നൽകി സ്വീകരിച്ചത് ക്‌നായിത്തോമ്മായുടെ വ്യക്തിത്വം അറിഞ്ഞതുകൊണ്ട് മാത്രമാണ്.

ക്രൈസ്തവ സഭക്ക് നവജീവൻ നൽകുവാൻ അന്നും ഇന്നും സമുദായത്തിനു സാധിക്കുന്നു എന്നതിനാൽ ആർക്കും ഈ സമുദായത്തെ നിഷേധിക്കുക സാധ്യമല്ല. ഇതരസമുദായങ്ങളോട് എക്കാലവും യേശുവിന്റെ സ്‌നേഹവും കരുണയും വാത്സല്യവും മാത്രമെ ഈ സമുദായം പകർന്ന് നൽകിയിട്ടുള്ളൂ. സമുദായത്തിൽ നിന്നും മാറി വിവാഹം ചെയ്തവരോട് ഒരു നീതികേടും കാണിക്കുന്നില്ല. കാരണം സമുദായം സമുദായമായി തുടർന്നു നിൽക്കുവാൻ ആഗ്രഹിക്കുന്നത് നിലവിലുള്ള സമുദായാംഗങ്ങളുടെ മൗലിക സ്വാതന്ത്ര്യമാണ്. കാരണം സ്വാതന്ത്ര്യം ഏവർക്കും ഒന്നുപോലെ വിലപ്പെട്ടതാണല്ലോ. കത്തോലിക്കാ സഭയുടെ പരമോന്നതമായ റോമാസിംഹാസനം അംഗീകരിച്ച് നൽകിയ ഈ സമുദായത്തെ വിമർശിക്കുവാനും പരിഹസിക്കുവാനും തയ്യാറാകുന്നത് ചരിത്രാവബോധം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. ചരിത്ര സത്യങ്ങൾ യഥാംവിധം പഠിക്കുവാനും പഠിച്ച് ബോധ്യപ്പെട്ടതിനെ അംഗീകരിക്കുവാനും അത് പ്രാവർത്തിക തലത്തിൽ എത്തിക്കുവാനും കഴിഞ്ഞെങ്കിലേ ഏതൊരു സഭയും സമൂഹവും രാഷ്ട്രവും ആരോഗ്യപരമായ വളർച്ചയിലേക്ക് എത്തൂ.

ക്‌നാനായ സമുദായത്തിന്റെയും കോട്ടയം രൂപതയുടേയും നിലനിൽപ്പിനെപ്പോലും ചോദ്യംചെയ്യുന്ന തരത്തിലുള്ള കീഴ്‌ക്കോടതി-ഹൈക്കോടതി നിരീക്ഷണങ്ങളും വിധികളുമൊക്കെ ഓരോ സമുദായാംഗങ്ങളേയും അക്ഷരാർത്ഥത്തിൽ അസ്വസ്ഥരാക്കിയിരിക്കുന്നു. സഭാനേതൃത്വവും സംഘടനാ നേതൃത്വവും ഒന്നുപോലെ ഉണർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സാധിക്കണം. നമ്മുടെ അതിരൂപതയിലെ എല്ലാ സംഘടനകളും കൂട്ടായ്മകളും വിദേശത്തും സ്വദേശത്തുമുള്ള ക്‌നാനായ ജനം ഒരൊറ്റ ശബ്ദമായി മാറേണ്ടിയിരിക്കുന്നു. നമ്മുടെ എല്ലാ സമുദായ സംഘടനകളും എത്രയും വേഗം പ്രതിനിധി സഭാ യോഗങ്ങളോ പൊതുയോഗങ്ങളോ വിളിച്ചു കൂട്ടി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയും സമുദായത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ സത്വരനടപടികള്‍ സ്വീകരിക്കുകയും വേണം. പതിവിന് വിപരീതമായി കോടതിയിൽ നൽകിയിരിക്കുന്ന സമുദായ നിർവചനത്തിൽ എന്തെങ്കിലും പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുവാൻ സഭാനേതൃത്വവും സംഘടനാ നേതൃത്വവും തയ്യാറാകുകയും നമ്മുടെ സമുദായത്തിന്റെ ഭരണഘടന വ്യക്തമായും സ്പഷ്ടമായും തയ്യാറാക്കി കൃത്യമായി സൂക്ഷിക്കുകയും വേണം. നമ്മുടെ പൈതൃകവും പാരമ്പര്യാനുഷ്ടാനങ്ങളും ചരിത്ര വസ്തുതകളും മറ്റുള്ളവർക്ക് വിട്ടുകൊടുക്കാതെ സുരക്ഷിതമായി സംരക്ഷിക്കപ്പെടണം. കോട്ടയം അതിരൂപതക്കുള്ളിലെ വൈദിക സന്യസ്ഥ അൽമായ ബന്ധം ശക്തിപ്പെടണം.

നവമാധ്യമങ്ങളിലൂടെ സഭാസമുദായ നേതൃത്വത്തിനെതിരെ എന്തും പറയാം എന്തും എഴുതാം എന്ന മനോഭാവത്തിൽ നിന്നും പിൻതിരിഞ്ഞ്, സമുദായത്തിലുള്ള ഓരോ വ്യക്തികളെയും അവരുടെ ബലഹീനതകളോട് ചേർന്നു നിന്ന് സ്‌നേഹിക്കുവാനും പരസ്പരം തിരുത്തുവാനും അംഗീകരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കഴിയുമ്പോൾ മാത്രമേ ഞാൻ എന്റെ സമുദായത്തെ സ്‌നേഹിക്കുന്നു എന്നു പറയുന്നതിൽ അർത്ഥം കണ്ടെത്തുവാൻ കഴിയൂ. “ഒന്നിച്ചു നിന്നാൽ നാമൊരു ശക്തി ഭിന്നിച്ചു നിന്നാൽ വീണതുതന്നെ” എന്ന ചിന്താ വാക്യം നമ്മുടെ മനസ്സുകളിൽ ആഴത്തിൽ കോറിയിടേണ്ടിയിരിക്കുന്നു. ക്‌നാനായ സമുദായത്തിന്റെയും കോട്ടയം അതിരൂപതയുടെയും നിലനിൽപ്പിനായുള്ള അക്ഷീണയത്നത്തിനായി സഭാ സമുദായ നേതൃത്വത്തോട് നമ്മുക്ക് ചേർന്ന് നിൽക്കാം . അതുവഴി പൂർവപിതാക്കളോടുള്ള ആദരവ് നമുക്കു നിലനിർത്താം. തുടർന്നും ഒരു കെടാവിളക്കുപോലെ ലോകമെങ്ങും പ്രകാശം പരത്തിക്കൊണ്ട് സ്വർഗ്ഗത്തെ ലക്ഷ്യംവച്ച് ക്‌നാനായ സമുദായവും കോട്ടയം അതിരൂപതയും മുന്നേറട്ടെ എന്നാശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു.

Facebook Comments

knanayapathram

Read Previous

ക്‌നാനായ മക്കൾക്ക് ഒരു ഉണർത്തുപാട്ട്

Read Next

ഫാ സജി തോട്ടത്തിൽ യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലിൻ

Most Popular