കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധങ്ങളായ വരുമാന സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്രെഡിറ്റ് പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളിലെ സ്വാശ്രയ സംഘാംഗങ്ങള്‍ക്ക് വരുമാന സംരംഭങ്ങള്‍ തുടങ്ങുന്നതിനായി സ്വാശ്രയ സംഘങ്ങളില്‍ നിന്നുള്ള നിക്ഷേപതുക റിവോള്‍വിംഗ് സംവിധാനത്തില്‍ ലഭ്യമാക്കും. സ്വാശ്രയസംഘങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ സേവനങ്ങള്‍ ഗ്രാമങ്ങളിലെ വരുമാന സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്വാശ്രയസംഘാംഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ചെറുകിട വരുമാന സംരംഭങ്ങളിലൂടെ വരുമാനം കണ്ടെത്തി ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ക്രഡിറ്റ് പദ്ധതി വഴിയൊരുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്വാശ്രയസംഘ കൂട്ടായ്മകള്‍ ദൃഢപ്പെടുത്തി പരസ്പരം സഹായിച്ച് മുന്നേറുവാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോര്‍ഡിനേറ്റര്‍മാരായ മേഴ്‌സി സ്റ്റീഫന്‍, ബിജി ജോസ്, സ്വാശ്രയ സംഘ പ്രതിനിധി ലിസ്സി തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063