Breaking news

സഭയും സമുദായവും ഇന്നിന്റെ പശ്ചാത്തലത്തിൽ

സഭയും സമുദായവും ഇന്നിന്റെ പശ്ചാത്തലത്തിൽ എന്ന തലക്കെട്ടിൽ മെയ് 12 ലക്കം അപ്നാദേശിൽ ക്നാനായപത്രത്തിന്റെ അഡ്‌വൈസര്‍ കൂടിയായ ലേവി പടപ്പുരക്കൽ പ്രസിദ്ധീകരിച്ച ഏറെ കാലികവും ചിന്തോദീപ്തകവുമായ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ ഇവിടെ പൂനര്‍പ്രസദ്ധീകരിക്കുകയാണ് .ഏറെ ദീർഘിച്ച ലേഖനമായതിനാല്‍ സാമുദായിക തലം മാത്രമാണ് ഇവിടെ എടുത്ത് പ്രസിദ്ധീകരിക്കുന്നത്. സഭക്കും സമുദായത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച മഹാ പ്രതിഭയായിരുന്ന ക്നായി തോമ്മായുടെ ഓർമ്മദിനാചരണം നമ്മുടെ ദേവാലയങ്ങളിൽ പ്രത്യേകം പ്രാർത്ഥനകളോടെ എല്ലാ വർഷവും നടപ്പിലാക്കണം എന്ന അദ്ദേഹത്തിന്റെ നിർദേശം ക്നാനായ പത്രം സഹർഷം സ്വാഗതം ചെയ്യുന്നു.

യേശു ദൈവപുത്രനാണന്ന് ആദ്യമേ ഏറ്റു പറഞ്ഞ ആദിമ യഹൂദ ക്രിസ്ത്യാനികളുടെ നേര്‍തുടര്‍ച്ച എന്ന നിലയിലാണ് സഭയില്‍ സമുദായത്തിന്റെ പ്രസക്തി നിലനില്‍ക്കുന്നത്. ശക്തമായ വേരുകളോടെ വടവൃക്ഷമാകുന്ന സമുദായം നില്‍ക്കുമ്പോള്‍ ആ വൃക്ഷത്തിന്റെ ശിഖരങ്ങളും ഇലകളും ഇതരവിഭാഗങ്ങള്‍ക്ക് തണലായി തുടരേണ്ടിയിരിക്കുന്നു.

1674 വര്‍ഷങ്ങള്‍ക്കു മുന്‍പ് അലക്സാണ്ട്രിയായിലെ മാര്‍ അത്തനാസിയൂസ് മെത്രാന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രേഷിത ദൗത്യം ഏറ്റെടുത്ത ക്നായിത്തോമ്മായ്ക്കൊപ്പം ഉറഹായിലെ ജോസഫ് മെത്രാനും വൈദികരും ശെമ്മാശന്മാരും യാത്രാസംഘത്തിലുണ്ടായിരുന്നു. ഏറെ നാളുകള്‍ ദീര്‍ഘിച്ച യാത്രയിലും എല്ലാദിവസവും ഒരു സമൂഹമായി ചേര്‍ന്ന് ദിവ്യബലി അര്‍പ്പിച്ചിരുന്നു എന്ന് ചരിത്ര പുസ്തകങ്ങളില്‍ കാണുന്നുണ്ട്. ആത്മീയ ജീവിതത്തിന്‍റെ വ്യക്തമായ വൈദിക അല്‍മായ പങ്കാളിത്തം തുടക്കത്തില്‍ത്തന്നെ ക്നാനായ സമുദായത്തിനും ഉണ്ടായിരുന്നു എന്നതിന്‍റെ ആദ്യത്തെ തെളിവാണ് ഇത്. ഇവിടെ ദൈവപ്രമാണങ്ങളെയും കൂദാശകളെയും അറിഞ്ഞും ആദരിച്ചും ജീവിക്കണമെങ്കില്‍ വൈദിക സാന്നിദ്ധ്യം കൂടിയേ തീരൂ എന്ന് പൂര്‍വ്വപിതാക്കന്മാര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് നൈയ്യാമിക അപ്പസ്തോലിക പാരമ്പര്യത്തോട് കൂടിയവരെയും പ്രേഷിതയാത്രയില്‍ ഉള്‍പ്പെടുത്തിയത്. വിശ്വാസത്തെ പ്രോജ്വലിപ്പിച്ചുകൊണ്ടാണ് ക്നായിത്തോമ്മാ പാരമ്പര്യത്തെ ഉറപ്പിച്ച് നിര്‍ത്തിയത്; മറിച്ചായിരുന്നില്ല.
കൊടുങ്ങല്ലൂരിലെ കുടിയേറ്റത്തിനുശേഷം 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെ സഭയില്‍ അതിസങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ആരംഭിച്ചപ്പോഴും തുടര്‍ന്ന് 1653 ല്‍ കൂനന്‍ കുരിശ് സത്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴും ക്നാനായ സമുദായത്തിലെ ബഹുഭൂരിപക്ഷവും മാതൃസഭയോട് ചേര്‍ന്ന് റോം നിശ്ചയിച്ച് അയച്ച ഗാര്‍സ്യാമെത്രാന് പിന്തുണ നല്‍കി എന്നത് അന്നത്തെ ദൃഢമായ വൈദിക അല്‍മായ ബന്ധത്തിന്‍റെ പരിണിതഫലമായിരുന്നു. സഭയെയും വിശ്വാസത്തെയും മാറ്റിനിര്‍ത്തിക്കൊണ്ട് സമുദായത്തില്‍ നിലനില്‍പ്പില്ല എന്നുകൂടി കൂട്ടിവായിക്കേണ്ടതുണ്ട്. സഭയോടും സഭാധികാരികളോടും ചേര്‍ന്നുനിന്നുകൊണ്ട് ആവശ്യമായ പരിവര്‍ത്തനങ്ങളും നയരൂപീകരണവും സാധിതമാകുന്നതിന് ശ്രമിക്കുക എന്നതാണ് കരണീയം. നാളിതുവരെ സമുദായം നേടിയിട്ടുള്ളതൊക്കെയും ഈ വിധമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. എല്ലാത്തിനും പെട്ടെന്ന് പരിഹാരം എന്ന ഉപരിപ്ലവമായ ചിന്താധാരയാണ് നമ്മെ പലപ്പോഴും നയിക്കുന്നത്. പ്രത്യാശയുടെ കുറവാണ് ഇതിന്‍റെ അടിസ്ഥാന കാരണം.ഒരു ക്നാനായ ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തില്‍ ആഴപ്പെടുക എന്നതാണ് ആദ്യത്തെ ചുമതല. മാമോദീസയിലൂടെ യേശുവിന്‍റെ സഭയില്‍ അംഗമായിത്തീര്‍ന്ന ഒരുവന്‍ യേശുവിന്‍റെ പ്രബോധനമനുസരിച്ച് ജീവിച്ച് മരിച്ച് നിത്യരക്ഷ പ്രാപിക്കുക എന്നതാണ് വിശ്വാസത്തിന്‍റെ സാരാംശം. വിശ്വാസത്തോടൊപ്പം സാമുദായികാനുഷ്ഠാനങ്ങളില്‍ ജീവിക്കുന്ന ഒരുവന്‍ സഭാധികാരികളുടെ നിര്‍ദ്ദേശോപദേശങ്ങള്‍ കൂടി സ്വീകരിക്കുവാന്‍ ബാദ്ധ്യസ്ഥനാണ്. നിയമവും അനുസരണയും ഇല്ലാത്ത ഏത് വ്യവസ്ഥിതിയും അത് രാഷ്ട്രമാകട്ടെ, മതമാകട്ടെ, സഭയാകട്ടെ, സമുദായമാകട്ടെ, സ്ഥാപനമാകട്ടെ, കുടുംബമാകട്ടെ കാലക്രമേണ ദുര്‍ബലമായി നാശമടയുന്ന സ്ഥിതിവിശേഷം ഈ വര്‍ത്തമാനകാലത്തും നമ്മള്‍ കാണുന്നുണ്ട്.പഴയ നിയമത്തിലെ പുറപ്പാട് പുസ്തകത്തില്‍ യഹോവയായ ദൈവം തന്‍റെ സ്വന്തം ജനമായ ഇസ്രായേല്‍ മക്കള്‍ക്ക് നല്‍കിയ നിയമങ്ങളും ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ച് ജീവിച്ചപ്പോള്‍ അനുഗ്രഹങ്ങളും അഭിവൃദ്ധിയും ലഭിച്ചതും എന്നാല്‍ ഇവമറന്ന് ജീവിച്ചപ്പോള്‍ അവരെ ശിക്ഷിക്കുന്നതും വീണ്ടും പശ്ചാത്തപിച്ച് തിരികെ വരുമ്പോള്‍ ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുന്നതുമായ നിരവധി സംഭവങ്ങള്‍ വചനത്തില്‍ ഉടനീളം കാണാം.
ഒരു ക്നാനായക്കാരന്‍ എന്ന നിലയില്‍, തന്‍റെ സമുദായത്തെ നെഞ്ചോട് ചേര്‍ത്തുവച്ച് സ്നേഹിക്കുവാന്‍ ബാദ്ധ്യസ്ഥനുമാണ്. പലപ്പോഴും ഇക്കാര്യത്തില്‍ താളം പിഴയ്ക്കുന്നതിന്‍റെ കാരണം ക്നായിത്തോമ്മായെ യഥാവിധം മനസ്സിലാക്കുവാന്‍ പുതിയ തലമുറയ്ക്ക് കഴിയാതെവരുന്നു എന്നതിനാലാണ്. സത്യവിശ്വാസത്തിനുവേണ്ടി അദ്ദേഹം അനുഭവിച്ച ജീവിതസഹനം ഇന്നോളം ക്നാനായ സമുദായത്തിലെ ഒരംഗവും അനുഭവിച്ചിട്ടില്ല എന്നതാണ് വാസ്തവം. പ്രേഷിത കുടിയേറ്റ യാത്രയില്‍ അദ്ദേഹം അനുഭവിച്ച യാതനകള്‍ ഭാഗികമായെങ്കിലും മനസ്സിലാക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്തെ അടുത്തറിയുവാന്‍ സാധിക്കുക.വാര്‍ത്താവിനിമയ ബന്ധംപോലും ഇല്ലാതിരുന്ന അന്നത്തെ ഇരുണ്ടകാലഘട്ടത്തില്‍ ഒട്ടനവധി പ്രതിസന്ധികളെ ക്നായി തോമ്മായ്ക്ക് തരണംചെയ്യേണ്ടതുണ്ടായിരുന്നു. പിറന്നവീടും വളര്‍ന്നനാടും പഠനവും ജോലിയും പൂര്‍വപാരമ്പര്യങ്ങളും എല്ലാം വിട്ട് അപരിചിതമായ അന്യദേശത്തേക്ക് യാത്രതിരിക്കുവാന്‍ കൂട്ടത്തിലുള്ളവരെ പ്രാപ്തരാക്കുക എന്നത് എത്രയോ വലിയ സങ്കീര്‍ണ്ണതകള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാവണം. ഭാരമൃഗങ്ങളെ തയ്യാറാക്കി മരുഭൂമിയിലൂടെ ദീര്‍ഘയാത്ര ചെയ്ത് വേണമായിരുന്നു കടല്‍ത്തീരത്തേക്ക് എത്തുവാന്‍. യാത്രയ്ക്കാവശ്യമായ വസ്ത്രവും വെള്ളവും ഭക്ഷണവും മരുന്നും പണവും വൈദ്യസഹായവും എന്നുവേണ്ട കരയിലും കടലിലുമുള്ള കവര്‍ച്ചക്കാരെയും കടല്‍ക്കൊള്ളക്കാരെയും പോലും നേരിടുന്നതിനുള്ള അതിവിപുലമായ സന്നാഹം അദ്ദേഹത്തിന് കാലേകൂട്ടി ഒരുക്കേണ്ടതുണ്ടായിരുന്നു. ദുര്‍ഘടമായിരുന്ന ഈ യാത്രയിലും അദ്ദേഹത്തെ നയിച്ചത് സ്വതസിദ്ധമായുണ്ടായിരുന്ന ദൃഢനിശ്ചയവും അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ദൈവാശ്രയബോധവുമായിരുന്നു. മൂന്ന് പായ്ക്കപ്പലുകളിലായി രണ്ട് മാസത്തോളം ദീര്‍ഘിച്ച ഈ യാത്രയെ ലോകചരിത്രത്തിലെ തന്നെ സാഹസിക പ്രേഷിതയാത്രയായി വിശേഷിപ്പിക്കപ്പെട്ടു.കുടിയേറ്റശേഷം ജനത്തെ പുതിയ മണ്ണില്‍ വിന്യസിപ്പിക്കുവാനും കുടിയേറ്റ സംഘത്തിലുണ്ടായിരുന്ന ആദ്ധ്യാത്മിക നേതൃത്വത്തെ വേണ്ടവിധം ക്രമപ്പെടുത്തുവാനും അതിശക്തമായ ഉച്ചനീചത്വം നിലനിന്നിരുന്ന ഒരു വ്യവസ്ഥിതിക്കുള്ളില്‍ കുടിയേറ്റ ജനത്തിന് സര്‍വസ്വാതന്ത്ര്യങ്ങളും ചേരമാന്‍ രാജാവില്‍ നിന്ന് വാങ്ങിയെടുക്കുവാനും നിരവധി പ്രതിസന്ധികളെ അദ്ദേഹത്തിന് തരണം ചെയ്യേണ്ടതായും വന്നു.

ക്നായിത്തോമ്മായുടെ വരവിനുശേഷം മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കും ക്നാനായക്കാര്‍ക്കൊപ്പം അധികാരങ്ങളും പദവികളും നേടിക്കൊടുത്ത ധിഷണശാലിയായിരുന്നു ക്നായിത്തോമ്മാ. സ്വാര്‍ത്ഥതയുടെ തെല്ലൊരംശവും കടന്നുവരാതെ സത്യവിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്തുവാന്‍ അഹോരാത്രം കഷ്ടപ്പെട്ട ക്നായിത്തോമ്മാ സീറോ മലബാര്‍ സഭയ്ക്ക് ശക്തമായ അടിത്തറ പാകുവാന്‍ ഇടവരുത്തി. ഈ പ്രേഷിതവര്യന് സ്വന്തം ജനത്തിനുള്ളില്‍പ്പോലും അര്‍ഹമായ പ്രാധാന്യം കൊടുത്ത് ആദരിക്കുന്നുണ്ടോ എന്ന് ഒരു പുനര്‍വിചിന്തനം ആവശ്യമാണ്.

രക്തസാക്ഷിത്വം വരിച്ചില്ലെങ്കില്‍കൂടിയും വിശ്വാസ പ്രഘോഷണത്തിലൂടെയും സഹന ജീവിതത്തിലൂടെയും യേശുവിന് യഥാവിധം സാക്ഷ്യം വഹിച്ച യേശുവിന്‍റെ ധീരപടയാളിതന്നെയായിരുന്നു ക്നായിത്തോമ്മാ. സഭയെയും സമുദായത്തെയും സ്നേഹിച്ച ഈ യുഗപ്രഭാവന് എല്ലാ വര്‍ഷവും അദ്ദേഹത്തിന്‍റെ ഓര്‍മ്മദിനം സമുദായത്തിന്‍റെ കെട്ടുറപ്പിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ ആചരിക്കുന്നത് ഏറ്റവും ഉചിതമായിരിക്കും. കേരളസഭയിലെ രണ്ടാമത്തെ അപ്പസ്തോലന്‍ എന്ന് നിസ്തര്‍ക്കം വിശേഷിപ്പിക്കാവുന്ന ക്നായിത്തോമ്മാ ഇതിന് തികച്ചും അര്‍ഹനാണ്.

കാലാകാലങ്ങളായി സമുദായം തുടര്‍ന്ന് വരുന്ന പല ആചാരാനുഷ്ഠാനങ്ങളും ഇതരവിഭാഗങ്ങള്‍ അനുവര്‍ത്തിക്കുന്നത് സമുദായാംഗങ്ങളില്‍ ആശങ്കയും ഉത്കണ്ഠയും സൃഷ്ടിക്കാറുണ്ട്. സുറിയാനി ഭാഷയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന ക്നാനായ വൈദികരുടെ എണ്ണം കുറഞ്ഞുവരുകയും ഇതര വിഭാഗങ്ങളില്‍ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. നമ്മുടെ ചരിത്രത്തെ വളച്ചൊടിച്ച് ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നൂതന പ്രവണത ഇതര വിഭാഗങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു. പൈതൃകമായി നമുക്ക് ലഭിച്ചിട്ടുള്ളതിനെയും സ്വന്തമായി നമ്മള്‍ ആര്‍ജ്ജിച്ച് എടുത്തതിനെയും വേലികെട്ടി സംരക്ഷിക്കേണ്ട ബാധ്യത ഇനിയെങ്കിലും നമ്മള്‍ ഏറ്റെടുത്തേ തീരു. സമുദായത്തില്‍ നിലനിന്നിരുന്ന പല ആചാരങ്ങളും കലാരൂപങ്ങളും ഇന്ന് നഷ്ടമായിട്ടുണ്ട്. വിശ്വാസത്തോട് ചേര്‍ന്ന ആചാരാനുഷ്ഠാനങ്ങളുടെ അര്‍ത്ഥംഗ്രഹിച്ച് അവയെ പുനര്‍ജീവിപ്പിക്കുവാന്‍ പുതിയ തലമുറയ്ക്ക് കഴിയണം. വിശ്വാസവുമായി ചേരാത്ത ആചാരങ്ങള്‍ ദുരാചാരങ്ങളാണെന്ന് തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കുകയും വേണം. അല്ലെങ്കില്‍ അത് പാപത്തിലേക്കും ദൈവശിക്ഷയിലേക്കും നയിക്കും.
സഭയോടൊത്തുനിന്നുകൊണ്ടുതന്നെ സ്വവംശവിവാഹ നിഷ്ഠ പാലിക്കേണ്ട ധാര്‍മ്മിക ബാധ്യതകൂടി ഓരോ ക്നാനായക്കാരനും കാലങ്ങളായി ഏറ്റെടുത്തു. അവന്‍റെ ചിന്തയിലും നടപ്പിലും എടുപ്പിലുമൊക്കെ ക്നാനായ വികാരവും അവനോടൊപ്പം ജീവിക്കുന്നു. എന്നാല്‍ ലോകവും കാലവും മാറിയ ഈ ആധുനിക യുഗത്തില്‍, പിതൃവര്യന്മാരിലൂടെ കൈമാറിക്കിട്ടിയ ഉല്‍കൃഷ്ടമായ സ്വവംശവിവാഹനിഷ്ഠ മക്കളിലൂടെ നഷ്ടമാവുമോ എന്ന ഭയപ്പാട് മാതാപിതാക്കളില്‍ ശക്തമാണ്. വൈദികന്‍ കൂദാശകളിലൂടെ ആത്മീയ ചൈതന്യം പകര്‍ന്ന് നല്‍കുമ്പോള്‍ ക്നാനായ സമുദായത്തിന്‍റെ ചരിത്രവും സ്വവംശവിവാഹ നിഷ്ഠയുടെ പ്രാധാന്യവും മക്കള്‍ക്ക് പറഞ്ഞുകൊടുക്കുവാനുള്ള ധാര്‍മ്മിക ബാധ്യത മാതാപിതാക്കള്‍ക്ക് ഉള്ളതാണ്. അങ്ങനെയെങ്കില്‍ പൊതുവീക്ഷണത്തില്‍ വിശ്വാസവും പാരമ്പര്യവും ഒന്നിച്ച് വളരും.
കുടിയേറ്റശേഷം ഇന്നുള്ള നരവംശ ഗണിതശാസ്ത്ര പ്രകാരം ദശലക്ഷത്തിന് മുകളില്‍ സ്വവംശവിവാഹനിഷ്ഠ പാലിക്കുന്ന ക്നാനായ സമുദായാംഗങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. ഇന്ന് നാം അത്രയും ഇല്ലാത്തതിന്‍റെ കാരണവും സ്വാഭാവികമായി ചിന്തിക്കേണ്ടതാണ്.ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന സമയത്ത് ഉയര്‍ന്ന വിദ്യാഭ്യാസം, ഉയര്‍ന്ന ജോലി, ഉയര്‍ന്ന സാമ്പത്തികം എന്നീ കാര്യങ്ങളില്‍ അമിതശ്രദ്ധ ചെലുത്തുന്നതു വഴിയും സഭയില്‍ നിന്നും കൂദാശ ജീവിതത്തില്‍ നിന്നുമുള്ള അകല്‍ച്ച, ചരിത്രാവബോധക്കുറവ്, വൈദിക സന്ന്യസ്തര്‍ക്കെതിരെ സ്വന്തം കുടുംബത്തില്‍ നിന്നും മാധ്യമ പ്രചരണങ്ങള്‍ വഴിയും ലഭിക്കുന്ന തെറ്റായ അറിവുകള്‍, പഠന-ജോലിക്കാര്യങ്ങള്‍ക്കായി സ്വന്തം നാടും വീടും വിട്ട് അന്യദേശത്ത് ചെന്ന് ഇതര വിഭാഗങ്ങളുമായി ഇടപെടുന്ന സാഹചര്യം, സ്വന്തം ഇഷ്ടമനുസരിച്ച് അന്യസമുദായങ്ങളില്‍ നിന്നും വിവാഹ പങ്കാളിയെ സ്വീകരിക്കല്‍, പുതിയ തലമുറയുടെ പുത്തന്‍ കാഴ്ചപ്പാടും ചിന്തകളും, ഉച്ചനീചത്വം മാറിക്കൊണ്ടിരിക്കുന്ന പുതിയ വ്യവസ്ഥിതി ഇങ്ങനെ പലവിധ കാരണങ്ങളാല്‍ സമുദായാംഗങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു.
കേരളത്തിലെ സീറോ മലബാര്‍ സഭയുടെ അധികാര പരിധിക്ക് വെളിയിലും വിദേശരാജ്യങ്ങളിലും സ്ഥാപിതമായിക്കൊണ്ടിരിക്കുന്ന ക്നാനായ മിഷന്‍, ക്നാനായക്കാര്‍ക്കുവേണ്ടി മാത്രമായിട്ടാണെങ്കില്‍പ്പോലും നോൺ എൻഡോഗമസ് മിഷനുകളായാണ് അനുവദിച്ച് തന്നിരുന്നത്. എൻഡോഗമസ് മിഷനുകൾ അനുവദിച്ച് കിട്ടുവാനും കോട്ടയം അതിരൂപതാദ്ധ്യക്ഷന് ലോകം മുഴുവനിലുള്ള ക്നാനായക്കാരുടെമേല്‍ അജപാലനാധികാരം ലഭിക്കുക എന്നതും കാലാകാലങ്ങളായി ഏതൊരു ക്നാനായക്കാരന്‍റെയും ഹൃദയാഭിലാഷം തന്നെയാണ്. എന്നാല്‍ ഉടന്‍ ഇക്കാര്യത്തില്‍ സാധ്യത ഇല്ലായെന്ന് ഉറപ്പിച്ച് പറയുന്നിടത്ത്, വളരുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ “ക്നാനായ” എന്നെങ്കിലും പറയുവാന്‍ സാധിക്കണമെങ്കില്‍ ഈ സഭാ സംവിധാനത്തെ വേദനയോടെയാണെങ്കിലും സ്വീകരിച്ചേ മതിയാകൂ. അല്ലാത്തപക്ഷം ലത്തീന്‍ ആരാധന ക്രമത്തില്‍ തുടരുന്ന കുട്ടി ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം എങ്ങനെ ക്നാനായ സമുദായത്തെ മനസ്സിലാക്കും? എങ്ങനെ എന്‍ഡോഗമിയില്‍ പങ്കാളിയാകും?. താല്‍ക്കാലികമായെങ്കിലും ഈ സംവിധാനങ്ങളോട് യോജിച്ച് നിന്നുകൊണ്ട് നമ്മുടെ ഐക്യബോധം പ്രകടമാക്കി നമ്മുടെ ആവശ്യം നേടിയെടുക്കുക എന്നതാണ് ഏറ്റവും കരണീയം.പൂര്‍ണ്ണത ദൈവത്തിന് മാത്രമായി ദൈവംതന്നെ നിശ്ചയിച്ചിരിക്കവെ സഭാസമുദായ നേതൃത്വത്തിനെതിരെ പരസ്യമായി വിമര്‍ശിക്കാതെ അതത് വേദികളില്‍ പറഞ്ഞ് പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. പരസ്പര പ്രോത്സാഹനവും സഹകരണവും അംഗീകാരവും ആദരവും സമുദായത്തിനുള്ളില്‍ ആകമാനം വ്യാപിക്കുമ്പോള്‍ സഭാസമുദായ വളര്‍ച്ചയ്ക്കുവേണ്ടി ഒരു ജീവിതം മുഴുവന്‍ ഹോമിക്കപ്പെട്ട ക്നായിത്തോമ്മായുടെ നിസ്വാര്‍ത്ഥ സേവനം തലമുറകള്‍ ഓര്‍മിക്കുവാനും എക്കാലവും ഒരുനിധിപോലെ അത് മനസ്സില്‍ സൂക്ഷിക്കുവാനും വിശ്വാസവും സ്വവംശവിവാഹ നിഷ്ഠയും ഒന്നുപോലെ പാലിക്കുവാനും ഇടവരും എന്നതില്‍ യാതൊരു സംശയവുമില്ല. അങ്ങനെ നമ്മുടെ തലമുറകള്‍ക്ക് ഉത്തമ മാതൃക നല്‍കി ക്രിസ്തുവിന് സാക്ഷ്യം വഹിക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

പ്രീ മാര്യേജ് കോഴ്സ് : സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Read Next

കണ്ണങ്കര നികര്‍ത്തില്‍ N.T. ലൂക്കോസ് നിര്യാതനായി. LIVE TELECASTING AVAILABLE