
(“സാമീപ്യം സാന്ത്വനം” എന്ന പുസ്‌തകത്തിൽ നിന്നുള്ള ഭാഗം)
കാരിത്താസിലെ പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് എഴുതുമ്പോള്‍ ഒരിക്കലും എനിക്ക് വിസ്മരിക്കാന്‍ കഴിയാത്ത ഒരു വ്യക്തിയാണ് ദിവംഗതനായ കുന്നശ്ശേരി പിതാവ്. പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങളുമായി തുടക്കം മുതല്‍ തന്നെ സഹകരിച്ച വ്യക്തികളില്‍ ഒരാളും അദ്ദേഹമാണ്. പാലിയേറ്റീവ് കെയറിന്റെ തുടക്കകാലത്ത് ഞങ്ങള്‍ക്ക് സ്വന്തമായി വാഹനങ്ങളുണ്ടായിരുന്നില്ല. ടാക്‌സി പിടിച്ചായിരുന്നു ഹോം വിസിറ്റിന് പോകാറുണ്ടായിരുന്നത്. വലിയൊരു തുക മാസം തോറും അതിനായി ചെലവഴിക്കേണ്ടി വന്നിരുന്നു. അന്നൊന്നും കൃത്യമായ ഫണ്ട് പാലിയേറ്റീവ് യൂണിറ്റിന് ഉണ്ടായിരുന്നില്ല. കോട്ടയത്തിനുപുറമേ ഇടുക്കി,എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളുടെ പല ഭാഗങ്ങളിലും വരെ ടാക്‌സി പിടിച്ചുപോയിരുന്നത് ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. അന്നൊന്നും പഞ്ചായത്തുകള്‍ തോറുമോ പ്രാദേശികതലത്തിലോ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ഉണ്ടായിരുന്നില്ല.
മറ്റുള്ളവര്‍ അറിയിക്കുന്നത് അനുസരിച്ച് ദൂരെ സ്ഥലങ്ങളില്‍ വരെ പോകുമായിരുന്നു. ഇങ്ങനെ പലയാത്രകള്‍ക്ക് ടാക്‌സിവിളിച്ചുപോകുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. നമ്മുടെ സൗകര്യമനുസരിച്ച് വെയറ്റ് ചെയ്യാന്‍ പല ടാക്‌സിക്കാരും തയ്യാറാകുമായിരുന്നില്ല.
ഓരോ വീടിന്റെയും സാഹചര്യം മനസിലാക്കിയും വീട്ടുകാരോട് സംസാരിച്ചും ഏറെ സമയം ചെലവഴിക്കേണ്ടിവരുമായിരുന്നു. ടാക്‌സിയുടെ അസ്വസ്ഥമായ നീണ്ട ഹോണ്‍ വിളി കേട്ട് ചിലപ്പോഴെങ്കിലും മനസില്ലാമനസോടെ തിടുക്കത്തില്‍ രോഗിയെശുശ്രുഷിച്ച് മടങ്ങേണ്ടിയും വന്നിട്ടുണ്ട്. അന്നുമുതല്‍ മനസിലുള്ള ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വാഹനം. അതിനുവേണ്ടി പ്രാര്‍ത്ഥനകളുമുണ്ടായിരുന്നു. ആ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായിട്ടാണ് കുന്നശ്ശേരി പിതാവ് ഞങ്ങള്‍ക്ക് ഒരു വാഹനം വാങ്ങിച്ചുതന്നു. മാരുതി 800 ആയിരുന്നു അത്.
അതോടെ ഹോംവിസിറ്റും മറ്റും കൂടുതല്‍ സമയമെടുത്തും മനസറിഞ്ഞും നിര്‍വഹിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. പാലിയേറ്റീവ് കെയര്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന വലിയതിരിച്ചറിവ് കുന്നശ്ശേരി പിതാവിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കണ്ടുമുട്ടുന്ന അവസരങ്ങളിലെല്ലാം അദ്ദേഹം പാലിയേറ്റീവിന്റെപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയാറുണ്ടായിരുന്നു. വേണ്ടതായ നിര്‍ദ്ദേശങ്ങളും ആശയങ്ങളും നല്കുകയും ചെയ്തിരുന്നു.
അങ്ങനെയൊരു ദിവസം പാലിയേറ്റീവ് ഫണ്ടിലേക്ക് സംഭാവന നല്കാമോയെന്ന് ഞാന്‍ ചോദിച്ചു. പിതാവ് ആ അഭ്യര്‍ത്ഥനയെ സന്തോഷത്തോടെ സ്വീകരിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിന് അടുത്ത ഒരു തുക അദ്ദേഹം ഫണ്ടിലേക്ക് നല്കി. അതിനെതുടർന്ന് യൂണിറ്റിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പലതവണയും സാമ്പത്തികമായും സഹായിച്ചു.
തനിക്ക് സംഭാവന നൽകാന്‍ വരുന്നവരെക്കൊണ്ട് പാലിയേറ്റീവ് കെയറിന് സംഭാവന ചെയ്യിക്കാനും തന്റെ അടുക്കല്‍വരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ട് പാലിയേറ്റീവ് കെയറിന് സാമ്പത്തിസഹായം വാങ്ങിത്തരാനും അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു.
പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ഡോ.മേരി കളപ്പുരക്കൽ