Breaking news

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

കോട്ടയം: നിറപുഞ്ചിരിയും സന്തോഷത്തിന്റെ ആരവങ്ങളുമായി അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നു. ഭിന്നശേഷിയെ വിഭിന്നശേഷികള്‍കൊണ്ട് നേരിടാന്‍ പോന്ന ഇച്ഛാശക്തിയോടെ എത്തിച്ചേര്‍ന്ന അവരെ ബലൂണുകളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി ഈ കുരുന്നുകള്‍ക്ക്്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവത്തിനായി തെള്ളകം ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ്, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ സിസ്റ്റര്‍ ജോയ്‌സി എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍, അഗാപ്പെ ഭവന്‍, കൈപ്പുഴ, കുമരകം എന്നീ അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായുള്ള ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനങ്ങളും തൊഴില്‍ സംരംഭക സാധ്യതകളും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച് വരുന്നത്.
Facebook Comments

Read Previous

എങ്ങും കൺവൻഷൻ ലഹരി: കമ്മറ്റികൾ പ്രവർത്തനം തുടങ്ങി:ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഒരു മാസം മാത്രം

Read Next

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു