

ഭാരതകത്തോലിക്കാസഭയിലെ ആദ്യത്തെ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗവും, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഥമ അംഗവും, കാരിത്താസ് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയറിന്റെയും പയ്യാവൂര്‍ മേഴ്‌സി ഹോസ്പിറ്റലിന്റെയും സ്ഥാപകയുമായ ഡോ. മേരി കളപ്പുരയ്ക്കലിന് ഇന്ന് തൊണ്ണൂറാംപിറന്നാള്‍. പാലിയേറ്റീവ് കെയര്‍ എന്ന പേര് മലയാളികള്‍ക്കു സുപരിചിതമാകുന്നതിനും അതിന്റെ പ്രസക്തി തിരിച്ചറിയുന്നതിനും മുമ്പ് അവികസിത മലബാറില്‍ 1970 കളില്‍ തന്നെ വീടുകള്‍ തോറും കയറിയിറങ്ങി സാന്ത്വനചികിത്സ നല്കിയിരുന്ന വ്യക്തിയായിരുന്നു ഡോ. മേരി.
മലബാറിന്റെ ആരോഗ്യരംഗത്തും, നാടിന്റെ വികസനത്തിനും ആര്‍ക്കും അവഗണിക്കാനാവാത്ത സംഭാവനകള്‍ നല്കിയതിന്റെ പേരില്‍ മലബാറിന്റെ അമ്മ എന്ന വിശേഷണത്തിനും അവാര്‍ഡിനും അര്‍ഹയായ ഡോക്ടര്‍ മേരി, സഭയുടെയും സമൂഹത്തിന്റെയും ഉന്നമനം മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. തൊണ്ണൂറിന്റെ തികവില്‍ നില്ക്കുമ്പോഴും മറ്റുള്ളവരെ സഹായിക്കാനുളള അവസരങ്ങള്‍ യാതൊന്നും പാഴാക്കാറുമില്ല. അതിനായി നിരവധി കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയിട്ടുമുണ്ട്.
വിദേശികളും, സ്വദേശികളുമായ തന്റെ സുഹ്രുത്തുക്കളിൽനിന്നും പണം കണ്ടെത്തി സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നതും, നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതും ഇന്നും തുടർന്നുപോരുന്നു. കോട്ടയം രൂപതയുടേയും, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് ഡോ.മേരി.
ആതുരാശുശ്രൂഷാരംഗത്ത് 57 വര്‍ഷം സുത്യര്‍ഹമായ സേവനം കാഴ്ചവച്ച ഡോക്ടര്‍ 86 ാം വയസിൽ കാരിത്താസ് ആശുപത്രിയിൽനിന്നും 2021 മാര്‍ച്ചിലാണ് വിരമിച്ചത്.
കോട്ടയം കൂടല്ലൂര്‍ കളപ്പുരയ്ക്കല്‍ ജോസഫിന്റെയും കൊച്ചന്നായുടെയും ഏഴുമക്കളില്‍ മൂത്തയാളായി 1935 ഏപ്രില്‍ 30 നായിരുന്നു ജനനം. ജര്‍മ്മനിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം തിരികെയെത്തിയ ഡോക്ടര്‍ മേരിയെ കോട്ടയം രൂപതാധ്യക്ഷനായിരുന്ന
മാര്‍. തോമസ് തറയില്‍ കാരിത്താസ് ഹോസ്പിറ്റലിന്റെ പ്രധമ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിക്കുകയായിരുന്നു.
പേരൂര്‍ സൗഭാഗ്യയില്‍ ഇന്ന് (30/04/24) വൈകുന്നേരം നാലുമണിക്ക് ലളിതമായ ചടങ്ങുകളോടെ ഡോക്ടര്‍ മേരിയുടെ നവതിയാഘോഷങ്ങള്‍ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളും, കുടുംബാംഗങ്ങളും, അഭ്യൂദയാകാക്ഷികളും ചേര്‍ന്ന് നടത്തും. ചടങ്ങുകളുടെ പേരിലുള്ള ആഘോഷങ്ങള്‍ക്കും ധൂര്‍ത്തിനുമെതിരെ നിരന്തരം ശബ്ദിക്കുകയും എഴുതുകയും ചെയ്യുന്ന ഡോക്ടര്‍ക്ക് ഈ ദിവസവും വളരെ ലളിതമായി ആചരിക്കാനാണ് താല്പര്യം. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ് ജനറല്‍ സിസ്റ്റര്‍ ലിസി ജോണ്‍, ഡോ. ജോജോ വി ജോസഫ് , എഴുത്തുകാരൻ വിനായക് നിർമൽ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോട് അനുബന്ധിച്ച് രോഗീപരിചരണവും സാന്ത്വനചികിത്സയും എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടര്‍ മേരി രചിച്ച “സാമീപ്യം സാന്ത്വനം” എന്ന കൃതിയുടെ പ്രകാശനവും നടക്കും. മഷിക്കൂട്ടാണ് പ്രസാധകര്‍.