

ജോബി ഐത്തിൽ
(കഴിഞ്ഞ 20 വർഷമായി ഇംഗ്ലണ്ടിൽ മാനസികരോഗ ആശുപത്രിയിൽ മെന്റൽ ഹെൽത്ത് നഴ്‌സായി ജോലി ചെയ്യുകയും ഈ വിഷയത്തെക്കുറിച്ച് പഠിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആളാണ് ലേഖകൻ)
നമ്മുടെ സമൂഹത്തിൽ തുടരെ തുടരെ ഉണ്ടാകുന്ന ആത്മഹത്യകൾ ഏവർക്കും വളരെ വേദനകളാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ആത്മഹത്യ ചെയ്ത ആളുകളുടെ കുടുംബ അംഗങ്ങളെ സംബന്ധിച്ചിടത്തോളം അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വേദനകളും പറഞ്ഞ് അറിയിക്കാൻ പറ്റാത്തവയാണ് എന്ന് നമ്മുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.കഴിഞ്ഞത് കഴിഞ്ഞു ഇനിയും തുടർച്ചയായി ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടാകാതിരിക്കുവാൻ വേണ്ടി നമ്മളാൽ കഴിയുന്നത് ഒരു സമൂഹം എന്ന നിലയിൽ നമ്മുക്ക് ചെയ്യാൻ സാധിക്കണം. ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല എന്നുള്ള സത്യം മനസ്സിലാക്കി മാനസിക ആരോഗ്യ രംഗത്തെ എന്റെ വർഷങ്ങളായുള്ള പരിചയവും ഞാൻ ആത്മഹത്യയെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങൾ ഇവിടെ ഒന്ന് പ്രതിപാദിക്കാൻ ശ്രമിക്കുകയാണ്. എന്റെ ഈ ലേഖനം മൂലം ഒരാൾക്കെങ്കിലും മാറ്റി ചിന്തിക്കാൻ സാധിച്ചാൽ അവരുടെ മനസ്സുകളിൽ ജീവിതത്തിന്റെ വെളിച്ചം തുറക്കുവാന്ന് സാധിച്ചാൽ ഞാൻ ധന്യനായി .പ്രതീക്ഷയുടെ അവസാനത്തെ നാമ്പും നഷ്ടപ്പെടുമ്പോഴാണ് നമുക്കിടയിൽ ഒരാൾ ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കുന്നത്. അപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നം അല്ലെങ്കിൽ പ്രതിസന്ധി നേരിടുന്നൊരാളായിരുന്നു അവരെന്ന് ലോകം അല്ലെങ്കിൽ നമ്മൾ ഓരോരുത്തരും അറിയുന്നത്. പ്രവർത്തിയിൽ പെരുമാറ്റത്തിലെയോ സംസാരത്തിലെയോ നമ്മുടെ ചുറ്റുമുള്ളവരുടെ താളപിഴകൾ ഒന്നു ശ്രദ്ധിച്ചാൽ, അവരുടെ പ്രശ്നങ്ങൾക്കും സങ്കടങ്ങൾക്കും ഒന്നു കാതു കൊടുത്താൽ, ‘സാരമില്ല,നിങ്ങടെ ഒപ്പമുണ്ട്’ എന്നൊന്നു ചേർത്തു പിടിച്ചാൽ, പ്രിയപ്പെട്ട ചിലരെയെങ്കിലും ആത്മഹത്യയിൽ നിന്നു പിൻതിരിപ്പിച്ച് ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ നമ്മുക്ക് ഓരോരുത്തർക്കും കഴിയും.അതിനു ഈ ലേഖനം ഒരു ചെറിയ പ്രചോദനമാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയാണ് .
ആത്മഹത്യയും ചില യാഥാർഥ്യങ്ങളും
ഇപ്പോൾ ലഭ്യമായ കണക്കുകൾ അനുസരിച്ച് പുരുഷന്മാരാണ് സ്ത്രീകളേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. ഒരു പുരുഷൻ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത സ്ത്രീയെ അപേക്ഷിച്ച് നോക്കുമ്പോൾ നാലിരട്ടിയാണ്.എല്ലാ വർഷവും 1 കോടി മുതൽ 2 കോടി വരെ ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെടുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.നമ്മുടെ ഒരു കരുതലും അവബോധവും കൂടുതലായി ഈ കാര്യങ്ങളെ കുറിച്ചുള്ള അറിവും ഇനിയും ഒരു പരിധിവരെ ആത്മഹത്യ കണക്കുകൾ നമ്മുക്ക് കുറക്കാൻ സാധിക്കും.ആത്മഹത്യ ചെയ്യുന്നവരിൽ ഏകദേശം 20% പേർ ഇതിനുമുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവരാണ്. ഒരു പ്രാവശ്യം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെടുന്നവരിൽ ഭൂരിഭാഗം പേരും പിന്നീട് ആത്മഹത്യാ ശ്രമത്തിനു മുതിരാറില്ല അതോടോപ്പം ആത്മഹത്യാ ചെയ്യാൻ പോകുന്നവർ എന്തെങ്കിലും കാര്യത്തിൽ ഉദാഹരണത്തിന് ആരെയെങ്കിലും ആ സമയത്തു കാണുകയോ അവരുടെ ഫോണിൽ ആ സമയത്തു അടിയന്തരമായി ആരെങ്കിലും ഫോൺ വിളിക്കുകയോ അവരുടെ മൈൻഡ് distraract ചെയ്യുന്ന ഏതെങ്കിലും കാര്യങ്ങൾ ആ സമയത്തു സംഭവിച്ചാൽ ചെയ്താൽ അവർ ആ ഉദ്യമത്തിൽ നിന്നും അത്ഭുതകരമായി പിന്മാറാറുണ്ട്.ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് നമ്മൾക്കു അറിയാവുന്ന വിശ്വസിക്കുന്ന സഹോദരങ്ങൾ ആരെങ്കിലും നമ്മുക്ക് ചുറ്റും ഉണ്ടെങ്കിൽ നമ്മുടെ അകക്കണ്ണുകൾ ഒരു പ്രത്യേക കരുതൽ അവർക്കു ചുറ്റും ഉണ്ടായാൽ എന്നേക്കുമായി നമ്മുക്ക് ചിലപ്പോൾ ആ വ്യക്തിയെ ആത്മഹത്യയിൽ നിന്നും രക്ഷിക്കുവാൻ സാധിക്കും.
ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ
നിരവധി കാര്യങ്ങൾ കൊണ്ടാണ് ആളുകൾ ആത്മഹത്യാ തിരഞ്ഞെടുക്കുന്നത്.സർവ്വ സാധാരണമായി കുടുബ പ്രശ്നങ്ങൾ ,മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിൽ നഷ്ടപ്പെടുക, രോഗം, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കലഹം, കുറ്റബോധം,പരീക്ഷയിലെ പരാജയം, അടുത്ത ബന്ധുവിന്റെ മരണം,മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ് എന്നിവ
ആത്മഹത്യാ ചെയ്യാനുള്ള കാരണങ്ങൾ ആകാം.അതോടൊപ്പം മാനസിക രോഗങ്ങളായ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ,പോസ്റ്റ് സ്കീസോഫ്രീനിയ, അതിമദ്യപാനം, അമിത മയക്കുമരുന്നുപയോഗം തുടങ്ങിയവായും ഒരു പരിധിവരെ ആത്മഹത്യയ്ക്ക് കാരണമാകാറുണ്ട്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർ തീവ്രമായ മാനസിക വേദനയും വിഷാദവും അനുഭവിക്കുന്നു. ഇത് പെട്ടെന്നുണ്ടാകുന്ന പ്രതിഭാസമല്ല. നിസ്സഹായത, ഏകാന്തത, ഉയർന്ന തോതിലുള്ള അപകർഷബോധം,പങ്കു വയ്ക്കുവാൻ എല്ലാം വിശ്വസ്തതയോടെ തുറന്നു പറയുവാൻ അടുത്ത ഒരു സുഹൃത്ത് ഇല്ലാത്ത അവസ്‌ഥ മൂല്യമില്ലായ്മ, സങ്കടം എന്നീ വികാരങ്ങൾ അവരെ അലട്ടുന്നു.ഇവിടെയാണ് എല്ലാം തുറന്നു വിശ്വസ്ഥതയോടെ പറയുവാൻ ഒരു സുഹൃത്ത് ഉള്ളതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത് .തങ്ങൾക്ക് എല്ലാം തുറന്നു പറയുവാൻ തങ്ങളുടെ ബുദ്ധിമുട്ടുകളിൽ ഒപ്പം നിൽക്കുവാൻ കരുത ലായി,സ്വാന്ത്വനമായി ഒരു നല്ല സുഹൃത്ത് ഉണ്ടെങ്കിൽ ഒരു പരിധിവരെയും നമ്മൾക്ക് ആത്മഹത്യാ തടയനാവും എന്ന് ഞാൻ വിശ്വസിക്കുകയാണ് .കുറച്ചു കൂടി സയന്റിഫിക് ആയി പറയുകയാണെങ്കിൽ തലച്ചോറിൽ ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോപിക് ഫാക്റ്റർ (BDNF) എന്ന വസ്തുവിന്റെ അളവ് കുറവായിരിക്കുന്ന അവസ്ഥയ്ക്ക് ആത്മഹത്യയുമായി ബന്ധമുണ്ടെന്ന് കണ്ടിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നവരിൽ സീറോടോണിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററും കുറവാണെന്ന് കാണപ്പെട്ടിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ …..
ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യ്കതികൾ എന്തെങ്കിലും സൂചന മുൻകൂട്ടി സൂചന നൽകുന്നത് എന്റെ എക്സ്പെരിയൻസ് അനുസരിച്ചു വളരെ കുറവാണ്.ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടും മരണപ്പെടാതിരുന്നവർ ഐകകണ്ഠ്യേന പറയുന്നൊരു കാര്യമാണ്, കുശലാന്വേഷണം നടത്താനും പ്രശ്നങ്ങൾ കേൾക്കാനും മനക്ലേശം ഉൾക്കൊള്ളാനും മരണവാഞ്ഛയിൽനിന്നു പിന്തിരിപ്പിക്കാനുമൊക്കെ ആരെങ്കിലുമൊന്നു മുന്നോട്ടുവന്നിരുന്നെങ്കിൽ എന്ന്.എങ്കിലും താഴെ പറയുന്ന കുറച്ചു കാര്യങ്ങൾ ആത്മഹത്യയുടെ മുന്നറിയിപ്പായി ഒരു പരിധിവരെ കണക്കാവുന്നതാണ് ഒന്ന് പ്രത്യേകം ശ്രദ്ധിക്കുക താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നവരെല്ലാംആത്മഹത്യ ചെയ്യുമെന്ന് തെറ്റിദ്ധരിക്കരുതേ.ആത്മഹത്യയെയോ സ്വയം ഉപദ്രവിക്കുന്നതിനെയോ കുറിച്ചു എപ്പോഴും സംസാരിക്കുക, താൻ എല്ലാവർക്കുമൊരു ഭാരമായിത്തീർന്നെന്ന മട്ടിലോ പ്രത്യാശ നഷ്ടപ്പെട്ട രീതിയിലോ സംസാരിക്കുക, വിലപിടിപ്പുള്ള, ഏറെ ഇഷ്ടത്തോടും അഭിമാനത്തോടും കൊണ്ടുനടന്നിരുന്ന വസ്തുവകകൾ ആർക്കെങ്കിലും കൊടുത്തൊഴിവാക്കുക, അടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ പതിവില്ലാത്ത വിധം സന്ദർശിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുക, അല്ലെങ്കിൽ എല്ലാവരിൽ നിന്നും എല്ലാറ്റിൽ നിന്നും ഒഴിഞ്ഞുമാറാൻ തുടങ്ങുക എന്നിവ ഇതിൽ പ്രധാനമാണ്.അമിതമദ്യപാനമുള്ളവരിലും, മുമ്പ് ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുള്ളവരിലും, വിഷാദം പോലുള്ള മാനസികരോഗങ്ങളുള്ളവരിലും, മുൻപ് ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുള്ള കുടുംബങ്ങളിൽ നിന്നുള്ളവരിലും ഇത്തരം സൂചനകളെ കൂടുതൽ ഗൗരവത്തിലെടുക്കേണ്ടതുമുണ്ട്..ഇതിനെല്ലാത്തിനേക്കാൾ ഉപരി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്വഭാവത്തിൽ പൊടുന്നനെ കാണുന്ന വലിയ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാക്കി അവരോടു സംസാരിച്ചാൽ ഒരു പക്ഷെ നിങ്ങൾ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നിങ്ങളോട് സംസാരിക്കാൻ തയ്യാറായേക്കും.
ആത്മഹത്യ തടയാൻ സഹായിക്കുന്ന ചില കാര്യങ്ങൾ
ഇതിനെ പ്രധാനമായും രണ്ടായി തിരിക്കാം ആദ്യത്തേത് ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയും അങ്ങനെയുള്ള ചിന്തകൾ നിങ്ങളുടെ മനസ്സിലേക്ക് വരുന്നവർക്കും എന്തൊക്കെ ചെയ്യാം എന്നത് ആദ്യമെഴുതാം..ഞാൻ മുൻപ് പറഞ്ഞതുപോലെ ഏറ്റവും ആദ്യം എല്ലാവർക്കും വേണ്ടത് തങ്ങളുടെ പ്രശ്നങ്ങളും ,ബുദ്ധിമുട്ടുകളും മറ്റെല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുവാനും വിശ്വസ്തനായ നിങ്ങളെ ആപത്തു കളത്തിൽ സപ്പോർട്ട് ചെയ്യുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന ഒരു സുഹൃത്താണ്. നമ്മുടെ മനസ്സിലെ വിഷമങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാൻ ഒരാളുണ്ടെങ്കിൽ തന്നെ നമ്മുടെ പകുതി പ്രശ്നങ്ങൾക്കും ഒരു പരിഹാരമാകും. അതോടൊപ്പം നിങ്ങൾ ഏത് പ്രശ്നത്തിന്റെ പേരിലാണോ നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് അതിനെ ചോദ്യം ആകാതെ ഉത്തരമാക്കി മാറ്റിയെടുക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ഭർത്താവിൽ നിന്നോ ഉണ്ടാകുന്ന ഗാർഹിക പീഡനം മൂലം നിങ്ങൾ എന്ത് ചെയ്യുമെന്ന് ക്വസ്റ്റ്യൻ ഉണ്ടാക്കതെ നിങ്ങൾക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടായാൽ അതിനെ എങ്ങനെയൊക്കെ ഒരു ആൻസർ ആക്കി മാറ്റാമെന്ന് ചിന്തിക്കുക. നിങ്ങൾ തന്നെ നിങ്ങളുടെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തിയാൽ നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായി. അതുപോലെതന്നെ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾ ഒരു പേപ്പറിലേക്ക് എഴുതുന്നത്. ഉദാഹരണത്തിന് മുകളിൽ പറഞ്ഞ ഗാർഹിക പീഡനം തന്നെ എടുക്കാം. ആദ്യത്തെ ഓപ്ഷൻ അതായത് ഓപ്ഷൻ വൺ പോലീസിൽ റിപ്പോർട്ട് ചെയ്യുക അത് കൊണ്ട് പ്രയോജനം ലഭിച്ചില്ലെങ്കിൽ രണ്ടാമത്തെ ഓപ്ഷനായ ആ കുടുംബത്തിൽ നിന്നും മാറി താമസിക്കാനുള്ള അവസരമൊരുക്കുക. അതിനും നിങ്ങളുടെ കാര്യത്തിൽ ഒരു പരിഹാരമായി ഇല്ലായെങ്കിൽ മൂന്നാമത്തെ ഓപ്ഷനായ ഡൈവോഴ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതൊരു ഉദാഹരണമായിട്ട് പറഞ്ഞതാണ് കാരണം നിങ്ങളുടെ ഓരോ പ്രോബ്ലത്തിനും സൊലൂഷൻ ചെയ്യാൻ പറ്റിയ പല കാര്യങ്ങളും നിങ്ങൾക്ക് തന്നെ കണ്ടുപിടിക്കാം എന്നതാണ് ഞാൻ ഇതുകൊണ്ടും മനസ്സിലാക്കാൻ ശ്രമിക്കുന്നത്. അങ്ങനെ നിങ്ങൾ ജീവിതത്തിൽ അനുഭവിക്കുന്ന ഓരോ ബുദ്ധിമുട്ടുകളും നിങ്ങൾക്ക് നിങ്ങളുടേതായ രീതിയിൽ തന്നെ നിരവധി ഓപ്ഷനുകൾ ഉണ്ടാക്കി ആ പ്രോബ്ലത്തിൽ നിന്നും മുക്തി നേടാവുന്നതാണ് നിങ്ങൾ തന്നെ നിങ്ങളുടെ ചോദ്യങ്ങൾക്കു ഉത്തരങ്ങൾ കണ്ടു പിടിക്കുമ്പോൾ മനസ്സിലാകും നിങ്ങളുടെ പ്രോബ്ലെംസ് എത്ര ചെറുതായിരുന്നു എന്ന് കാരണം ഈ രീതിയിൽ ശ്രമിച്ചാൽ സൊല്യൂഷൻ ചെയ്യാൻ സാധിക്കാത്ത ഒരു പ്രോബ്ലെവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവില്ല . അതോടൊപ്പം ആത്മഹത്യ ചിന്തകൾ നിങ്ങളുടെ മനസ്സിൽ എത്തുമ്പോൾ നിങ്ങളുടെ മുമ്പോട്ടുള്ള പോസിറ്റീവ് ലൈഫിനെ കുറിച്ച് ചിന്തിച്ചാൽ ഒരു പരിധിവരെ നിങ്ങളുടെ നെഗറ്റീവ് ചിന്തകൾ നിങ്ങളിൽ നിന്നും മാറാൻ സഹായിക്കും ഉദാഹരണത്തിന് ഇങ്ങനെയുള്ള നെഗറ്റീവ് ചിന്തകൾ വരുമ്പോൾ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന നിങ്ങളുടെ മക്കളെ കുറിച്ചോ നിങ്ങൾക്ക് വരാനിരിക്കുന്ന നല്ല ഒരു ഹോളിഡേയെ കുറിച്ചോ അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. പിന്നെ വേണ്ടത് ഡിപ്രഷൻ , post natal depression തുടങ്ങിയ മാനസിക രോഗങ്ങളിൽ നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അതിനു വേണ്ട ചികിത്സ നേടുക. കാരണം നമുക്കൊരു പനി വന്നാൽ അതിന് മരുന്ന് കഴിക്കാതെ നമുക്ക് ആ പനി വിട്ടുമാറില്ല അതുപോലെതന്നെയാണ് മാനസിക രോഗങ്ങളും തക്ക സമയത്ത് വേണ്ട ട്രീറ്റ്മെൻറ് എടുത്താൽ ഏതു മാനസിക രോഗങ്ങളും സുഖപ്പെടുത്താവുന്നതാണ്. പലപ്പോഴും ഡിപ്രഷനിൽ കൂടി പോകുന്നവർക്ക് ആത്മഹത്യ ചിന്തകൾ ഉള്ളവർക്ക് ഒരു നല്ല കൗൺസിലിംഗ് കിട്ടിയാൽ ഒരു പരിധിവരെയും നിങ്ങളുടെ പ്രശ്നങ്ങൾ പരിഹാരമാകും.അത് പോലെ വേണ്ട മറ്റൊരു കാര്യമാണ് നല്ല ഉറക്കം .ഓരോ ദിവസവും ആറു മണിക്കൂറെങ്കിലും നിങ്ങൾക്ക് ഉറങ്ങാൻ സാധിച്ചാൽ അത് ഒരു പരിധിവരെ നിങ്ങൾ ഉറക്കത്തിൽ നിന്നും ഉണർന്നു കഴിയുമ്പോൾ ഒരു പോസിറ്റിവ് വൈബ് നൽകുവാനും അത് വഴി ആരോഗ്യമുള്ള ഒരു നല്ല മനസ്സ് നൽകുവാനും സാധിക്കും.ഉറക്കം പോലെ തന്നെയുള്ള മറ്റൊരു കാര്യം തന്നെയാണ് നമ്മുടെ ശരീരത്തിന് വേണ്ട വ്യായാമം ചെയ്യുക എന്നുള്ളത് .നിങ്ങൾ ചുമ്മാതെ ഇരിക്കുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ ഒന്ന് നടക്കാൻ പോകുക നല്ല ഫ്രഷ് എയർ നിങ്ങളുടെ മനസ്സിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പോസിറ്റീവ് ചിന്തകൾ ആക്കി മാറ്റും.പിന്നെ സമയം കിട്ടുമ്പോഴൊക്കെ തന്നെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുക നല്ല സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുക , സോഷ്യൽ കാര്യങ്ങളിൽ വ്യാപൃതരാകുക, എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാതെ സമയം കിട്ടുമ്പോൾ അയൽപക്കത്തെ വീടുകളിലൊക്കെ പോയി സംസാരിക്കുക,വല്ലപ്പോഴുമൊക്കെ യാത്രകൾ പോവുക ഇതൊക്കെ നിങ്ങളുടെ പ്രശ്നങ്ങളൊക്കെ ഒരു പരിധിവരെ മറക്കാൻ നിങ്ങളെ സഹായിക്കും. എല്ലാ നഷ്ടപ്പെട്ടു എന്ന് നിങ്ങൾ ചിന്തിക്കുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുക ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ബുദ്ധിമുട്ടുന്ന നിങ്ങളെക്കാൾ നൂറുകണക്കിന് ഇരട്ടി ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന ആളുകൾ നിങ്ങളുടെ ചുറ്റും കാണാം അവരെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലാകും നിങ്ങളുടെ പ്രശ്നങ്ങൾ എത്ര നിസ്സാരമാണെന്ന് .പാച്ചാത്യ രാജ്യങ്ങളിൽ പ്രത്യേകിച്ചും യു കെ പോലുള്ള രാജ്യങ്ങളിൽ ഇങ്ങനെയുള്ള ആളുകളെ സഹായിക്കാൻ Cognitive Behavioral Therapy-Suicide Prevention (CBT-SP), Dialectical Behavior Therapy (DBT),എന്നിവ ലഭ്യമാണ്.
ഇനി മറ്റുള്ളവർക്ക് (ചുറ്റുമുള്ളവർക്ക് )
എങ്ങനെ ആത്മഹത്യ തടയാൻ സാധിക്കും എന്ന് നോക്കാം .
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് മനസ്സുതുറന്നു സംസാരിക്കാനും ഉള്ളിലെ സങ്കടവും കോപവുമൊക്കെ ബഹിർഗമിപ്പിക്കാനും അവസരം നൽകുക.അവരെ മനസ്സിലാക്കുവാൻ ശ്രമിക്കുക.ക്ഷമയോടെ, ശാന്ത ശീലനായി സശ്രദ്ധം കാതുകൊടുക്കുക വെളിപ്പെടുത്തുന്ന കാര്യങ്ങൾ ശരിയോ തെറ്റോ തുടങ്ങിയ വിലയിരുത്തലുകൾക്ക് മുതിരാതിരിക്കുക.അവരുടെ ജീവൻ നിങ്ങൾക്കും വേറെയും പലർക്കും പ്രാധാന്യമുള്ളതാണ് എന്നറിയിക്കുക.അവരുടെ ലൈഫ് മറ്റുള്ളവരാൽ ഡെയിഞ്ചർസ് ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ പോലീസിനെയോ മറ്റു ഉത്തരവാദ്യത്വപെട്ടവരെയോ വിവരം അറിയിക്കുക ,തർക്കാലത്തേക്ക് അവർക്ക് സുരക്ഷിതമായി താമസിക്കാനുള്ള അവസരങ്ങൾ ഒരുക്കുക. ആത്മഹത്യാചിന്തകൾ പലപ്പോഴും താത്ക്കാലികം മാത്രമാണെന്ന് ഓർമിപ്പിക്കുക.ആത്മഹത്യ നടപ്പാക്കാൻ പദ്ധതിയിട്ടിട്ടുണ്ടോ, സാമഗ്രികൾ വല്ലതും സ്വരുക്കൂട്ടിയിട്ടുണ്ടോ, സമയം നിശ്ചയിച്ചിട്ടുണ്ടോ എന്നൊക്കെ ആരായുക.അതോടൊപ്പം അവർ മാനസിക രോഗങ്ങളാൽ ബുദ്ധിമുട്ടു അനുഭവിക്കുന്നുണ്ടെങ്കിൽ അവർക്ക് വേണ്ട ട്രീറ്റ്മെന്റ് കൊടുക്കുവാൻ വേണ്ട കാര്യങ്ങൾ ചെയ്യുക .ഇനി അവർ അതിന് സമ്മതിക്കുന്നില്ല എങ്കിൽ അവരെ പറഞ്ഞു കാര്യങ്ങൾ ബൊധ്യപ്പെടുത്തുക. തക്ക സമയത്ത് ഇടപെടുകയും ചികിത്സ തേടുകയും ചെയ്താൽ ജീവിതത്തിന്റെ താളം നഷ്ടപ്പെടാതെ സഹായിക്കാൻ നമുക്ക് കഴിയും. മാനസിക രോഗി എന്ന പേരു വീഴുമോ എന്ന ഭയമാണ് പലപ്പോഴും കൗൺസിലിംഗിൽ നിന്നും സൈക്കോളജി/ സൈക്യാട്രി ചികിത്സകളിൽ നിന്നും ബഹുഭൂരിപക്ഷം പേരും വഴി മാറി നടക്കാൻ കാരണം അതിന് മാറ്റം വരുത്തേണ്ടത് ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ സമൂഹമാണ് ,മാനസിക രോഗങ്ങൾ വരുന്നത് ആ വ്യക്തിയുടെ കുറ്റം അല്ല എന്നും മറ്റു അസുഗന്തങ്ങൾ പോലെ ഇതും ഒരു രോഗാവസ്‌ഥ ആണെന്ന് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഇതിനൊക്കെ ഒരു മാറ്റം വരവുന്നെതേയുള്ളു .മുകളിൽ പറഞ്ഞ കാര്യങ്ങൾ എന്റെ പരിമിതമായ അറിവിന്റെയും പ്രവർത്തി പരിചയവും മുൻ നിറുത്തി എഴുതിയതാണ് . തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക.മുൻപ് പറഞ്ഞതുപോലെ ഒരാൾക്കെങ്കിലും ഈ ലേഖനം കൊണ്ട് പ്രോയോജനം ഉണ്ടായാൽ ഞാൻ ധന്യനായി .ഇനിയും ഒരു ആത്മഹത്യയും നമ്മുടെ സമൂഹത്തിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ,നമ്മുടെ ബന്ധു മിത്രാദികൾക്ക് ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടൊപ്പം എല്ലാവരും സുരക്ഷിതരായിരിക്കട്ടെ നമ്മുടെ ചുറ്റുമുള്ളവർക്ക് കാവലായി കരുത്തായി ഉണ്ടാകുവാൻ നമുക്ക് ഏവർക്കും സാധിക്കട്ടെ എന്നും ഈ അവസരത്തിൽ ആശംസിക്കുകയാണ്