

ലണ്ടൻ/കോട്ടയം∙ യുകെയിലെ സ്വിണ്ടനിൽ നിര്യാതയായ ഐറിൻ സ്മിത തോമസിന് (11) മലയാളി സമൂഹം കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി.
സ്വിണ്ടൻ ഹോളി ഫാമിലി ചർച്ചിൽ നടന്ന പൊതുദർശന ശുശ്രൂഷകളിൽ നൂറുകണക്കിന് ആളുകളാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്തത്. വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പൊതുദർശനം. ന്യൂറോളജിക്കൽ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ മാർച്ച് 4നാണ് ഐറിൻ മരണമടഞ്ഞത്. 2024 മാർച്ച് 22 നാണ് ഐറിൻ മാതാവിന് ജോലി ലഭിച്ചതിനെ തുടർന്ന് സഹോദരങ്ങൾക്ക് ഒപ്പം യുകെയിൽ എത്തിയത്.
യുകെയിലെ ക്നാനായ കത്തോലിക്കാ സഭയുടെ വൈദീകരായ ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. അജൂബ് അബ്രഹാം എന്നിവർ വിശുദ്ധ കുർബാനയ്ക്കും പൊതുദർശന ശുശ്രൂഷകൾക്കും മുഖ്യ കാർമികത്വം വഹിച്ചു.
പൊതുദർശന ശുശ്രൂഷകൾക്ക് ശേഷം വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാ. നാം ഡി ഒബി, വിവിധ ക്രിസ്തീയ സഭകളുടെയും മലയാളി അസോസിയേഷനുകളുടെയും പ്രതിനിധികളായ ഫാ. സിജോ ഫിലിപ്പ്, പാസ്റ്റർ സിജോ ജോയ്, റോബി മേക്കര, സുനിൽ ജോർജ്, ജോബി തോമസ്, ടെസ്സി അജി, റെയ്‌മോൾ നിദിരീ, റോയ് സ്റ്റീഫൻ, ബിനു ചാണ്ടപ്പിള്ള, ജിഷ പ്രദീഷ്, ഐറിനമോളെ ചികിൽസിച്ച ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റൽ ചിൽഡ്രൻസ് വാർഡ് പ്രതിനിധികൾ, പഠിച്ച സ്‌കൂളിലെ അധ്യാപക-വിദ്യാർഥി പ്രതിനിധികൾ എന്നിവർ ഉൾപ്പടെയുള്ളവർ അന്ത്യോപചാരമാർപ്പിച്ചു.
സംസ്കാരം മാർച്ച് 21 ന് ഐറിന്റെ ജന്മസ്ഥലമായ ഉഴവൂര്‍ പയസ്മൗണ്ടില്‍ നടക്കും. രാവിലെ 11 ന് ഉഴവൂർ പയസ് മൗണ്ടിലുള്ള കൊച്ചുകണ്ണുകുഴയ്ക്കൽ വീട്ടിൽ ആരംഭിക്കുന്ന പൊതുദർശന ശുശ്രൂഷകൾക്ക് ശേഷം ഉച്ച കഴിഞ്ഞു 3 ന് സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കാരം നടക്കും.