

ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി വലിയ പള്ളിയിലെ പുരാതന പ്രസിദ്ധമായ കരിങ്കൽ കുരിശിനോട് ചേർന്നുള്ള നവീകരിച്ച ചുറ്റുവിളക്കിന്റെ വെഞ്ചരിപ്പ് കർമ്മം ഫെബ്രുവരി 7 ന് രാവിലെ ആറു മണിക്കുള്ള വിശുദ്ധ കുർബാനയെ തുടർന്ന് നടത്തപ്പെടുന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അഫ്രേം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്.
1596 ൽ പണിപൂർത്തിയാക്കി 1599 ലെ വലിയ നോമ്പിലെ ദുഃഖ വെള്ളിയാഴ്ച ഗോവ മെത്രാപ്പോലീത്ത അലക്സ് മെനേസിസ് ഈ കുരിശിന്റെ കൂദാശ കർമ്മം നിർവഹിച്ചത്.
പത്തടി നീളവും വീതിയും ഉയരവും ഉള്ള പീഠത്തിൽ 40 അടി നീളത്തിൽ ഒറ്റക്കല്ലിൽ തീർത്ത കരിങ്കൽ കുരിശിന് ആകെ 50 അടി ഉയരം ഉണ്ട്. ഭാരതത്തിലെ ഏറ്റവും വലിയ ഒറ്റക്കല്ലിൽ തീർത്ത കുരിശാണിത്.
കാലചക്രത്തിന്റെയും കാലാവസ്ഥയുടെയും പ്രതികൂല കെടുതികളെ അതിജീവിച്ച് 430 വർഷം കടുത്തുരുത്തിയുടെ വിശ്വാസപ്രതീകമായി ഈ കരിങ്കൽ കുരിശ് നിലകൊള്ളുന്നു.
മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കൃതമാണ് അന്യാദൃശമായ കരിങ്കൽ കുരിശിന്റെ പീഠം. തിരുകുരിശിന്റെ തിരുശേഷിപ്പ് കരിങ്കൽ പേടകത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
കേരള സഭാ ചരിത്രത്തിലെ ധാരാളം ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ ഈ കരിങ്കൽ കുരിശ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പുമായി ആലോചിച്ച് 153 തിരികൾ ഉള്ള ചുറ്റുവിളക്ക് നവീകരിക്കുകയും ഇന്ന് നാനാജാതി മതസ്ഥരായ ഭക്തജനങ്ങൾക്കായി സമർപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികൾ എല്ലാ വെള്ളിയാഴ്ചകളിലും പ്രത്യേകിച്ച് ആദ്യ വെള്ളിയാഴ്ചകളിൽ ചുറ്റുവിളക്ക് തെളിച്ച് തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുന്നു. 2025ലെ മൂന്ന് നോമ്പ് തിരുനാളിന്റെ ഭാഗമായാണ് ഈ നവീകരണം നടന്നത്.