

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
51 യൂണിറ്റുകളിൽ നിന്നും 57 യൂണിറ്റുകളിലേയ്ക്ക് വളർന്ന് പ്രവാസ ലോകത്തെ വിസ്മയ നക്ഷത്രമായി നിലകൊള്ളുന്ന UKKCA യുടെ 2025ലെ ആദ്യ നാഷണൽ കൗൺസിൽ ജനുവരി 25ന് ബർമിംഗ്ഹാമിൽ വച്ച് നടന്നു. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട നാഷണൽ കൗൺസിൽ അംഗങ്ങൾ ചേർന്ന് മെനോറ വിളക്കിലെ തിരികൾ തെളിയിച്ച് യൂന്നിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സംഘടനയ്ക്ക് കരുത്തേകാനായി കടന്നു വന്നു.
പ്രതിസന്ധിഘട്ടങ്ങളിൽ എന്നും നിർണ്ണായക തീരുമാനങ്ങളെടുത്ത് അതിശക്തമായി മുന്നോട്ട് നീങ്ങുന്ന സംഘടനയ്ക്ക് വരും കാലങ്ങളിൽ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനായി സ്ഥിരമായി ഫൈനാൻസ് ടീമിനെ നിയമിയ്ക്കാനും, 8000 പേർ ആർത്തിരമ്പിയ കഴിഞ്ഞ വർഷത്തെ കൺവൻഷൻ വേദിതന്നെ 2025ലും കൺവൻഷൻ വേദിയാക്കാനും തീരുമാനമെടുത്ത നാഷണൽ കൗൺസിൽ അംഗങ്ങൾ സംഘടനയുടെ യശസ്സ് ഉയർത്തിപ്പിടിയ്ക്കാനായി ഒരുമിച്ചത് അഭിമാനകരമായി.
വെസ്റ്റേൺ സൂപ്പർമെയർ,മിൽട്ടൺ കെയിൻസ്, കെൻഡൽ,പ്ലെമോത്ത്,സ്കാർബറോ.ഹാരോഗേറ്റ് എന്നീ പുതിയ യൂണിറ്റുകളിൽ നിന്നെത്തിയ യൂണിറ്റ് ഭാരവാഹികൾക്ക് നാഷണൽ കൗൺസിൽ ഹൃദ്യമായ സ്വാഗതമേകി.സമുദായവികാരം ഹൃദയത്തിൽ നിറച്ച്, സമുദായത്തിനുവേണ്ടി പടച്ചട്ടയണിഞ്ഞ നാഷണൽ കൗൺസിൽ അംഗങ്ങളുടെ ഒത്തുചേരൽ വേദിയായ നാഷണൽ കൗൺസിൽ UKKCA എന്ന സംഘടനയുടെ ശോഭനമായ ഭാവിയുടെ നേർക്കാഴ്ച്ചയായിരുന്നു.
അതിവേഗം പണി പൂർത്തിയാകുന്ന ആസ്ഥാന മന്ദിരം,നൂറുകണക്കിന് കുടുംബങ്ങൾ ഏറ്റെടുത്ത സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ, ആഗോള ക്നാനായ സമൂഹമേറ്റെടുത്ത ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ ഒക്കെയായി മുന്നോട്ട് പോകുന്ന UKKCA യുടെ വളർച്ചയുടെ വഴിത്താരയിൽ പുതിയ അധ്യായമാകും ഈ പുതുവർഷം എന്നാണ് 2025ലെ ആദ്യ നാഷണൽ കൗൺസിൽ സൂചിപ്പിയ്ക്കുന്നത്.
UKKCA പ്രസിഡൻ്റ് സിബി കണ്ടത്തിൽ, വൈസ് പ്രസിഡൻ്റ്: ഫിലിപ്പ് പനത്താനത്ത്, സെക്രട്ടറി സിറിൾ പനംകാല, ട്രഷറർ റോബി മേക്കര, ജോയൻ്റ് ട്രഷറർ റോബിൻസ് പഴുക്കായിൽ, അഡ്വൈസർമാരായ ലൂബി വെള്ളാപ്പള്ളിൽ, മാത്യു പുളിക്കത്തൊട്ടിയിൽ എന്നിവർനാഷണൽ കൗൺസിലിന് നേതൃത്വമേകി.