

പയ്യാവൂർ : പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജിൽ സംഘടിപ്പിച്ച ഫീൽഡ് വിസിറ്റ് ഏറെ ശ്രദ്ധേയമായി. നിർമിത ബുദ്ധി, ഡേറ്റ സയൻസ്, മെഷീൻ ലേണിങ്, ഡീപ് ലേണിങ് എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവിധ വീഡിയോകളും മറ്റും ഫലപ്രദമായി പ്രയോജനപ്പെടുത്തി സെഷനുകൾ നയിച്ചു. സാങ്കേതികതയുടെ ലോകത്തെ സംബന്ധിച്ച് പുത്തൻ അറിവുകൾ നൽകിയ ശില്പശാല ഉന്നതവിദ്യാഭ്യാസ രംഗത്ത് വരും കാലഘട്ടത്തിലെ അനന്തസാധ്യതകൾ കൂടി കുട്ടികൾക്ക് മുന്നിൽ അനാവരണം ചെയ്തു. വിമൽ ജ്യോതി എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിഭാഗത്തിലെ അധ്യാപകരായ അശ്വതി റ്റി എസ്, സൗമ്യ തോമസ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്. കോളജിലെ സെൻട്രൽ ലൈബ്രറി, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന നീറ്റ്, യു ജി സി നെറ്റ് തുടങ്ങിയ മത്സര പരീക്ഷകൾ ക്രമീകരിക്കാൻ സജ്ജമായ കമ്പ്യൂട്ടർ ലാബ്, മെക്കാനിക്കൽ ലാബ് എന്നിവയും കുട്ടികൾ സന്ദർശിച്ചു. കോളജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകൻ ഡോ. മനോജ് വി. തോമസ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അധ്യാപകൻ ഷാജി എം എ,
പബ്ലിക് റിലേഷൻസ് ഓഫീസർ സെബാസ്റ്റ്യൻ, സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ചുമതലയുള്ള അധ്യാപകരായ ലിബിൻ കെ. കുര്യൻ, സിസ്റ്റർ ജോമിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Facebook Comments