

കടുത്തുരുത്തി വലിയപള്ളിയുടെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങൾ എല്ലാവരും ഒത്തുചേർന്ന് ഡിസംബർ 23 തിങ്കളാഴ്ച ക്രിസ്തുമസ് സന്ദേശ യാത്ര നടത്തി. വൈകുന്നേരം 7 മണിക്ക് വലിയ പള്ളി അങ്കണത്തിൽ നിന്ന് അലങ്കരിച്ച പുൽക്കൂടിന്റെയും വാദ്യമേളങ്ങളുടെയും ഓരോ വാർഡിൽ നിന്നും ഉള്ള ക്രിസ്തുമസ്പാപ്പാമാരുടെയും അകമ്പടിയോടെ കടുത്തുരുത്തി ടൗൺ ഓപ്പൺ സ്റ്റേഡിയത്തിലേക്കായിരുമന്നു സന്ദേശ യാത്ര. യാത്ര വലിയ പള്ളി ഇടവക വികാരി ഫാദർ തോമസ് ആനിമൂട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തു. സന്ദേശയാത്ര കടുത്തുരുത്തിയിൽ എത്തിയപ്പോൾ കടുത്തുരുത്തിയിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ആയി കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് ക്രിസ്മസ് കരോളും മറ്റു കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു. മധുര പലഹാര വിതരണത്തിനു ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സന്ദേശയാത്ര സമീപ പ്രദേശങ്ങളിൽ ക്രിസ്മസിന്റെ സന്ദേശം എത്തിച്ചു. കടുത്തുരുത്തി വലിയ പള്ളി കൂടാരയോഗ കേന്ദ്ര കമ്മിറ്റി, കെ.സി. സി.,കെ.സി. ഡബ്ലിയു.എ., കെ.സി.വൈ.എൽ. തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകി. വലിയപള്ളി വികാരി റവ. ഫാ. തോമസ് ആനിമൂട്ടിൽ, സഹവികാരി ഫാ. സന്തോഷ് മുല്ലമംഗലത്ത് എന്നിവരും യാത്രയെ ഉടനീളം അനുധാവനം ചെയ്തു.