കോട്ടയം: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനവും ഉല്ലാസവും കൗതുകവും പകര്‍ന്നുകൊണ്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോമ്പൗണ്ടില്‍ ചൈതന്യ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ക്കായുള്ള വിവിധ റൈഡുകള്‍, മുതിര്‍ന്നവരിലും കുട്ടികളിലും ആരോഗ്യ പൂര്‍ണ്ണമായ ജീവിത ശൈലി പ്രോത്സാഹനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍, കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മഹത്വവും പൗരാണിക തനിമയും പുതുതലമുറയെ പരിചയപ്പെടുത്തുന്ന കാര്‍ഷിക മ്യൂസിയം, വിവിധ നാളുകളെ പ്രതിനിധാനം ചെയ്യുന്ന നക്ഷത്രവനം, സ്റ്റാച്ച്യു പാര്‍ക്ക്, അക്വേറിയം, ചൈതന്യ ഫുഡ് സോണ്‍, പക്ഷിമൃഗാദികളുടെ പ്രദര്‍ശനം, കാര്‍ഷിക നേഴ്‌സറി, മത്സ്യക്കുളം, ഫോട്ടോ ഷൂട്ട് സൗകര്യം എന്നിവ പാര്‍ക്കിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദര്‍ശകര്‍ക്കായി പാര്‍ക്കിനോട് ചേര്‍ന്ന് വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമായി ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്ററില്‍ കാലുകളുടെ വ്യായാമത്തിനായുള്ള ലെഗ് പ്രസ്സ്, കൈകള്‍ക്കും കാലുകള്‍ക്കും വ്യായാമം നല്‍കുന്ന ആാം & പാടില്‍ ബൈക്ക്, റോവര്‍, ഡബിള്‍ സിറ്റിംഗ് പുള്ളര്‍, ഡബിള്‍ വീല്‍ ഷോള്‍ഡര്‍ ബില്‍ഡര്‍, ട്രിപ്പിള്‍ സ്റ്റാന്റിംഗ് ട്വിസ്റ്റര്‍, സ്‌കൈ വാക്കര്‍, സര്‍ഫ് ബോര്‍ഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ചൈതന്യ പാര്‍ക്കിന്റെ ഉദ്ഘാടനം കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ഉള്‍പ്പെടെയുള്ള നിരവധി വൈദികര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.