കോട്ടയം: പൗരാണിക തനിമ പുതുതലമുറയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോമ്പൗണ്ടില്‍ കാര്‍ഷിക മ്യൂസിയം ഒരുക്കിയിരിക്കുന്നു. കാളവണ്ടി, കുതിരവണ്ടി, പിടിവണ്ടി, പത്തായം, കിണ്ടികള്‍, മൊന്തകള്‍, പെട്രോള്‍ മാക്‌സ്, കല്‍ ഭരണികള്‍, കാല്‍പ്പെട്ടി, പറ, കോളാമ്പി, ചെമ്പുകലങ്ങള്‍, ചെമ്പോട്ടി, അപ്പച്ചെമ്പ്, ഉരുളി, പുട്ടുകുടം, ചിമ്മിനി വിളക്ക്, നിലവിളക്ക്, പാളത്തൊട്ടി, ഉറി, തടിക്കപ്പി, പല്ലി, ജലചക്രം, ചുണ്ടന്‍ വള്ളം, വടം, തെങ്ങ് കയറ്റ മെഷീന്‍, ഗ്രാമഫോണ്‍, പഴയകാല ടെലിഫോണ്‍, തുഴ, കാളവണ്ടിച്ചക്രം, ബോട്ട് സ്റ്റിയറിംഗ്, മുറം, അളവ് പാത്രങ്ങള്‍, വിളക്കുകള്‍, അരകല്ല്, ആട്ട് കല്ല്, കല്‍ തോണി, മെതിയടി, ഒറ്റാല്‍, തഴപ്പായ, വല്ലം, ചോറ്റുകൊട്ട, പറ, കുറ്റി, തിരക, ഉല, ചിരട്ടത്തവികള്‍, വിത്താറ്റി, കപ്പി, കലപ്പ, നുഗം, തേപ്പ് പെട്ടി, കടകോല്, പത്തായം, ഈര്‍ക്കിലികൊണ്ടുള്ള കരകൗശല വസ്തുക്കള്‍, മരഉരല്‍, റാന്തല്‍ വിളക്ക്, ചങ്ങഴി, നാഴി, മുറുക്കാന്‍ ചെല്ലം, ട്രങ്ക് പെട്ടി, മീന്‍കൂട, തടിതൊട്ടില്‍, ഞവരി തുടങ്ങിയ പഴയകാല കാര്‍ഷിക ഉപകരണങ്ങളും പാത്രങ്ങളും ഉള്‍പ്പെടെയാണ് കാര്‍ഷക മ്യൂസിയം ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് പഴമയുടെ സൗന്ദര്യവും നന്മയും നുകരത്തക്ക വിധത്തിലാണ് കാര്‍ഷിക മ്യൂസിയം ക്രമീകരിച്ചിരിക്കുന്നത്. മ്യൂസിയത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. അതിരൂപത സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം, അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, ഫാ. തോമസ് പുതിയകുന്നേല്‍, ഫാ. ജോര്‍ജ്ജ് കപ്പുകാല, ഫാ. റെന്നി കട്ടേല്‍, ഫാ. ജിബിന്‍ മണലോടിയില്‍, ഫാ. അബ്രാഹം പുതുക്കളത്തില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.