

കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരിലൊരാളും കാരിത്താസ് വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചു വരുകയും ചെയ്തിരുന്ന ഫാ. സിറിയക് പെരിങ്ങേലില്‍ നിര്യാതനായി. 1935 ഡിസംബര്‍ 10 ന് മാങ്കിടപ്പള്ളി സെന്റ് തോമസ് ഇടവക പെരിങ്ങേലില്‍ കുര്യാള – നൈത്തി ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ആലുവ സെന്റ് ജോസഫ്‌സ് സെമിനാരിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി. 1963 മാര്‍ച്ച് 11-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. കല്ലിശ്ശേരി, ഓതറ, പുനലൂര്‍, ഇരവിപേരൂര്‍. തുരുത്തിക്കാട്, മാങ്കിടപ്പള്ളി, വിതുര, വാരപ്പെട്ടി, രാമമംഗലം, കറ്റോട്, തെങ്ങേലി, മകുടാലയം എന്നീ പള്ളികളില്‍ വികാരിയായും, ഉഴവൂര്‍, കൈപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ചാപ്ലെയിന്‍, കാരിത്താസ് ബി.ടി.എം ഓള്‍ഡേജ് ഹോം ചാപ്ലെയിന്‍ എന്നീ നിലകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. ജേക്കബ്, മത്തായി, തോമസ്, ജോസ്, സണ്ണി എന്നിവര്‍ സഹോദരങ്ങളാണ്. ബഹു. സിറിയക് പെരിങ്ങേലില്‍ അച്ചന്‍ അപ്നാദേശില്‍ ‘ചുറ്റും കണ്ണോടിക്കുമ്പോള്‍’ എന്ന പംക്തി സ്ഥിരമായി എഴുതിയിരുന്നു. 18 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘101 സമുദായ പ്രമുഖര്‍’, ‘ഇതോ ദൈവത്തിന്റെ സ്വന്തം നാട്’ എന്നിവയാണ് പ്രധാന കൃതികള്‍. ജസ്റ്റസ് മാങ്കിടപ്പള്ളി എന്ന തൂലികാനാമത്തിലാണ് അദ്ദേഹം രചനകള്‍ നിര്‍വ്വഹിച്ചിരുന്നത്. ഫാ. നെടുംചിറ ഫൗണ്ടേഷന്റെ പുസ്തക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മൃതദേഹം ഡിസംബര്‍ 2 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ മാങ്കിടപ്പളളി സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതും ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്‌ക്കരിക്കുന്നതുമാണ്