

മാതൃത്വത്തിന്റെ മഹിമകൾ വിളിച്ചോതി ക്നാനായ അമ്മമാരെ ആദരിച്ച UKKCA യുടെ ഈസ്റ്റ് സസക്സ് യൂണിറ്റിലെ മാത്യദിനാഘോഷം പൊടിപൂരമായി
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ.
ജൂലൈ എട്ടിന് നടക്കുന്ന കൺവൻഷന്റെ ഒരുക്കങ്ങളുടെ തിരക്കിനിടയിലും യൂണിറ്റിലെ അമ്മമാരെ ആദരിയ്ക്കാനും, മാത്യദിന ആശംസകൾ നേരാനും , പൂക്കൾ നൽകി അനുമോദിയ്ക്കാനും,കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കാനും, കണ്ടെത്തി ഈസ്റ്റ് സസക്സ് യൂണിറ്റ് അംഗങ്ങൾ മാതൃകയാവുന്നു.ക്നാനായ സമുദായത്തിന്റെ വളർച്ചയിലും കുടുംബ ജീവിതത്തിലും അമ്മമാരുടെ പ്രാധാന്യം മനസ്സിലാക്കി അവർക്കുവേണ്ട എല്ലാ പിന്തുണയും നൽകാൻ നാം കടപ്പെട്ടവരാണെന്ന് ഈസ്റ്റ് സസക്സ് യൂണിറ്റ് പ്രസിഡൻറ് ജോബി തോമസ് യൂണിറ്റ് അംഗങ്ങളെ ഉത്ബോധിപ്പിച്ചു.
ഈറ്റു നോവറിഞ്ഞത് അമ്മ മാത്രം. അമ്മയ്ക്ക് തുല്യയായി അമ്മമാത്രം. ആരെങ്കിലുമുണ്ടെന്ന തോന്നലുണ്ടാവുന്നത് അരികിലില്ലെങ്കിലും-എവിടെയാണെങ്കിലും അമ്മയുള്ള കാലമാണ്. മാത്യസ്നേഹത്തിന്റെ കളിമൺചട്ടിയിൽ അമ്മ വിളമ്പുന്നതിനെന്തൊരുസ്വാദ്.
അലക്സ് നഗറിലും, രാജപുരത്തും, മടമ്പത്തുമൊക്കെ കാടുതെളിച്ച് കൃഷിയിറക്കിയപ്പോൾ ചൂലും ചട്ടുകവും കൈയിലെടുത്ത കൈകൾതന്നെയാണ് കൈക്കോട്ടും കോടാലിയും കൈയിലെടുത്ത് കുരുമുളകും കാപ്പിയുമൊക്കെ വിളയിച്ചത്.
എന്നിട്ടും ആ അമ്മമാർ കുടിയേറ്റകർഷകരുടെ മക്കൾക്ക് മാതൃസ്നേഹം നൽകാതിരുന്നില്ല.
സൗന്ദര്യം നഷ്ടപ്പെടാതിരിക്കാൻ മുലപ്പാൽ നൽകാതിരുന്നില്ല.
പള്ളിയും കപ്യാരുമൊക്കെ വൈകിയാണെത്തിയതെങ്കിലും അവരുടെ മക്കൾക്ക് ക്നാനായതനിമയിലോ ക്രൈസ്തവ വിശ്വാസത്തിലോ കുറവുണ്ടായില്ല.
അവരിൽ നിന്നും വൈദികതിലും സന്യസ്തരിലും കുറവുണ്ടായില്ല.
പഴയ പ്രതാപങ്ങളുടെ പഴം പുരാണങ്ങളുമായി ക്ഷയിച്ച് നാമാവശേഷമാവേണ്ടിയിരുന്ന പട്ടിണിയിൽ നട്ടംതിരിഞ്ഞ് അന്യം നിന്ന് പോവേണ്ടിയിരുന്ന തിരുവിതാംകൂറിലെ മാപ്പിളമാരെ പുരാതന കത്തോലിക്കാ കുടുംബാംഗങ്ങളാക്കിയതും, ആഡ്യതയുടെ പര്യായമായ കോട്ടയം കാരൻ അച്ചായനാക്കിയതും അമേരിക്കയിലേയ്ക്കും ഇംഗ്ലണ്ടിലേക്കും ഗൾഫിലേക്കുമൊക്കെ മുമ്പേപറന്ന അച്ചായത്തിമാരായിരുന്നു.
മുട്ടത്തോടു പൊട്ടി കോഴികുഞ്ഞുങ്ങൾ പുറത്തു വരുന്നതുകാണുമ്പോഴും, പറക്കുന്ന വിമാനത്തിന്റെ ഇരമ്പൽ കേൾക്കുമ്പോഴും, നിർത്താതെ പെയുന്ന മഴയുള്ള രാത്രിയിൽ വാതിലിൽ ആരോ മുട്ടുന്നതായി തോന്നുമ്പോഴും നെഞ്ചത്ത് കൈവച്ച് ന്റെ മാതാവേ എന്റെ മക്കളെകാത്തോണേ എന്ന് ഉരുവിട്ടിരുന്ന അമ്മമാർ
അമ്മമാർ കരുതലും ആദരവും അർഹിയ്ക്കുന്നവർ തന്നെയാണ്
ഈസ്റ്റ് സസക്സ് യൂണിറ്റിലെ മുഴുവൻ അമ്മമാരെയും വിളിച്ചുകൂട്ടി പൂക്കുളും സമ്മാനങ്ങളും നൽകി ആദരിച്ച ഈസ്റ്റ് സസക്സ് യൂണിറ്റ് മറ്റു യൂണിറ്റുകൾക്ക് മാതൃകയാവട്ടെ.
യൂണിറ്റ് പ്രസിഡന്റ് ജോബിതോമസ്, സെക്രട്ടി തോമസ് ഫിലിപ്പ് ഇല്ലിക്കൽ, ട്രഷറർ ഡോണി ഓലിയ്ക്കമുറിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.