Breaking news

ഏഴില്ലങ്ങളിൽനിന്ന് കുടിയേറിയവരുടെ, ഏഴു കൂദാശകൾ കരളിലെഴുതിയവരുടെ, മെനോറവിളക്കിൽ ഏഴു തിരികൾതെളിയാനിനി രണ്ടുമാസങ്ങളുടെ ദൂരം മാത്രം

മാത്യുജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

ഒരുജനത ഒരൊറ്റജനത ക്നാനായ ജനത-കടലുകൾ ഏഴു കടന്നാലും ഏഴുഭൂഗണ്ഡങ്ങളിൽ എവിടെയാണെങ്കിലും കാലാവസ്ഥയിലും ജീവിതരീതിയിലും വ്യത്യാസമുണ്ടായാലും രക്തബന്ധത്താൽ ഒരുമിയ്ക്കപ്പെട്ടവർ, ഒത്തൊരുമയുടെ ഏഴുനിറങ്ങളുടെ മഴവില്ലായി പ്രവാസലോകത്ത് തിളങ്ങിനിൽക്കുന്നവർ-ഒരൊറ്റജനം മാത്രം-ക്നാനായജനം. സ്വന്തജനത്തോടുള്ള സ്നേഹത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങൾ ഹ്യദയത്തിൽ സൂക്ഷിയ്ക്കുന്നവർ. UKയിൽ ക്നാനായക്കാർക്കുമാത്രം സാധിയ്ക്കുന്ന മഹാ സംഗമമായ വാർഷിക കൺവൻഷൻ ഓരോവട്ടവും വിജയതിലകമണിയുമ്പോൾ, UKKCA കൺവൻഷനിലെ സമുദായ റാലിയിൽ 51 യൂണിറ്റുകളും പങ്കെടുത്ത് വിസ്മയത്തിന്റെ പൂത്തിരികൾ വിരിയിക്കുമ്പോൾ-അതൊരു ജനത്തിന്റെ മാത്രം കുത്തകയാവുമ്പോൾ അതിനുകാരണമാവുന്നത് ക്നാനായക്കാരന്റെ സിരകളിലൊഴുകുന്ന സമുദായസ്നേഹമൊന്നുമാത്രമാണ്. സ്വന്തനേട്ടങ്ങളും തിരക്കുകളും മാറ്റി വച്ച് സംഘടനയ്ക്കുവേണ്ടി, സമുദായത്തിനുവേണ്ടി, ദൂരപരിധികൾ വകവെയ്ക്കാതെ ഒഴുകിയെത്തുന്ന ജനത-ഒരൊറ്റ ജനത-ക്നാനായ ജനത. ആ ക്നാനായ മാമാങ്കത്തിലേയ്ക്ക് ഇനി അറുപത് ദിവസങ്ങളുടെ ദൂരം മാത്രം.

ഒരേയൊരു ദിവസം മാത്രം വിരിയുന്ന, ആയിരങ്ങളിൽ പരിമളം പരത്തുന്ന,അപൂർവ്വ പുഷ്പമായി ഇതളുകൾ വിടർത്തുന്ന കൺവൻഷനായി യൂണിറ്റുകൾ ഒരുങ്ങുകയാണ്.UK യിലെ ക്നാനായക്കാർ ഒന്നായി,ഒരു മനസ്സായി, കൊവൻട്രിയിലെ ക്നായിത്തൊമ്മൻ നഗർ എന്ന സ്റ്റോൺലെ പാർക്കിന്റെ വിശാലതയിലേയ്ക്ക് ഒഴുകിയെത്തുമ്പോൾ ജൂലൈ 8 നായി കാത്തിരിയ്ക്കുകയാണ് ആതിഥേയ യൂണിറ്റായ കൊവൻട്രിയിലെ ക്നാനാനായക്കാർ. യൂണിറ്റ് ഭാരവാഹികളായ മോൻസി തോമസും, ജോബി ഐത്തിലുമൊക്കെ കൺവൻഷനുമായി ബന്ധപ്പെട്ട മറ്റുകമ്മറ്റികളിൽ അംഗങ്ങളായതിനാൽ കൺവൻറാലിയിലെ പങ്കാളിത്തത്തിന് ഒരു കോട്ടവും വരാതിരിയ്ക്കാൻ സമുദായറാലി കൊഴുപ്പിയ്ക്കാനായി മാത്രം ഒരു കമ്മറ്റി രൂപീകരിച്ചിരിയ്ക്കുകയാണ് കൊവൻട്രി ആൻഡ് വാർവിക്ക്ഷയർ യൂണിറ്റ് അംഗങ്ങൾ. മാർച്ച് മാസത്തിൽ തന്നെ മുഴുവൻ അംഗങ്ങൾക്കും യൂണിഫോമെത്തിച്ച് മാസങ്ങൾക്കുമുമ്പേ ഒരുക്കങ്ങൾ തുടങ്ങിയവരാണ് കൊവൻട്രിയൂണിറ്റ് അംഗങ്ങൾ.

ബാസിൽഡൺ ആൻഡ് സൗത്തെൻഡ് യൂണിറ്റിലെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുന്ന സാഹചര്യത്തിൽ ബുക്ക് ചെയ്ത കോച്ചിൽ എങ്ങനെ എല്ലാവരേയും കൊണ്ടുപോകും ആരെ ഒഴിവാക്കും എന്ന വിഷമത്തിലാണ് യൂണിറ്റ് സെക്രട്ടറി ബിജു.കെൻറ് റീജിയണിലെ ഹോർഷം ആൻഡ് ഹേവാർഡ് ഹീത്ത്, കെൻറ്, മെഡ് വേ, ഈസ്റ്റ് സസക്സ്, യൂണിറ്റുകളിലെല്ലാം കൺവൻഷൻ റാലിയ്ക്കുവേണ്ടി യൂണിഫോമുകൾ എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ റാലിയിൽ, ഒത്തൊരുമയിലൂടെയും, അച്ചടക്കത്തിലൂടെയും,യൂണിഫോമിന്ലൂടെയും നിശ്ചലദൃശ്യങ്ങളിലൂടെയും സമ്മാനങ്ങൾ തേടിയ ഈസ്റ്റ് സസക്സ് യൂണിറ്റിനും, മെഡ്വേ യൂണിറ്റിനും ശക്തമായ വെല്ലുവിളിയുയർത്തി റാലിയിലെ ഉജ്ജ്വല പ്രകടനത്തിനായി യൂണിറ്റ് ഭാരവാഹികളായ ജിമ്മി കുന്നശ്ശേരിയുടെയും, തോമസ് പന്നിവേലിയിന്റെയും നേതൃത്വത്തിൽ തയ്യാറെടുക്കുകയാണ് കെന്റ് യൂണിറ്റ് അംഗങ്ങൾ. യൂനിറ്റ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ച്കഴിഞ്ഞ വർഷത്തെ റാലിത്തിളക്കം നിലനിർത്താനായി ഈസ്റ്റ് സസ്ക്സ് എന്ന കൊച്ചു യൂണിറ്റിൽ നിന്നും ആദ്യമായി 51 സീറ്റുകളുടെ, രണ്ടുകോച്ചുകളാണ് യൂണിറ്റ് ഭാരവാഹികളായ ജോബി തോമസുംതോമസ് ഫിലിപ്പ് ഇല്ലിക്കലും ചേർന്ന് ബുക്ക് ചെയ്തിരീയ്ക്കുന്നത്.

UKKCA കൺവൻഷനെ എല്ലാവർഷവും UK യിലെ തൃശൂർപൂരമാക്കുന്ന ബർമിംഗ്ഹാം, മാഞ്ചസ്റ്റർ യൂണിറ്റുകൾക്ക് ഒപ്പമെത്താൻ സ്റ്റോക്ക് ഓൺ ട്രൻഡിലെ യുവ നേതൃത്വം ഊർജ്ജ്വസ്വലതയോടെ കരുനീക്കങ്ങൾ നടത്തുമ്പോഴും മുൻകാല ഭാരവാഹികൾ ചങ്കായി “നമ്മുടെപിള്ളേരോ”ടൊപ്പം നിൽക്കുമ്പോഴും ഒരു കാര്യമുറപ്പാണ് – 2023 കൺവൻഷൻ സമുദായ റാലി ഒരു അപൂർവ്വ കാഴ്ച്ചതന്നെയാവുമെന്നത്.

Facebook Comments

knanayapathram

Read Previous

UKKCA ബാഡ്മിന്റൺ ടൂർണമെന്റിൽ തൊട്ടതെല്ലാം പൊന്നാക്കി സ്റ്റീവനേജ് യൂണിറ്റിലെ അനി ജോസഫിന്റെ കുടുംബം

Read Next

ന്യൂജേഴ്സി ക്നാനായ കത്തോലിക ഇടവക ദൈവാലയത്തിന്റെ പ്രധാനതിരുന്നാൾ മെയ് 17 മുതൽ 21 വരെ