

പെരിക്കല്ലൂർ: കുടുംബവക വീതംലഭിച്ച 15 സെൻ്റ് ഭൂമി മൂന്നു കുടുംബങ്ങൾക്ക് സൗജന്യമായി നൽകി മാതൃകയായിരിക്കുകയാണ് പെരിക്കല്ലൂർ ഇടവകാംഗമായ കുടിയിരുപ്പിൽ ജോമോൻ ജോസഫ് (46) എന്ന യുവാവ്.
കാൻസർ, തളർവാതരോഗങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും, ആരും ആശ്രയമില്ലാത്ത ഒരു കുടുംബത്തിനുമാണ് ജോമോൻ കൈത്താങ്ങായത്. 15 സെന്റ് സ്ഥലം മൂന്നു കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയാണ് സഹാനുഭൂതിയുടെ മാതൃക കാണിച്ചു തന്നത്. സ്വന്തമായി ഭൂമിയില്ലാതിരുന്ന ഇവർക്ക് സ്ഥലം ലഭിച്ചതോടെ ഇനി സ്വന്തം വീടെന്ന സ്വപ്നവും സാക്ഷാത്കരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. പിതാവ് നൽകിയ 85 സെൻ്റിൽ നിന്നാണ് 15 സെൻ്റ് ജോമോൻ ഭൂരഹിതർക്ക് നൽകിയത്. അതിന് പ്രചോദനമായതാകട്ടെ മരിക്കുന്നതിന് മുമ്പ് പിതാവായ ജോസഫ് പറഞ്ഞ ഉപദേശങ്ങളും. സമ്പത്ത് സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി ചെലവഴിക്കണമെന്നായിരുന്നു പിതാവിൻ്റെ ഉപദേശം.
സാധിക്കുന്നവിധം മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യണമെന്നും ജോസഫ് മകനോട് പറഞ്ഞു. ജോമോന്റെ ഭാര്യ ഷൈനി. മക്കൾ: ജോസ് കെ.ജോമോൻ, ജിവ ജോമോൻ, ജോസ്വിൻ ജോമോൻ.