Breaking news

കോട്ടയം അതിരൂപതാ അസംബ്ലിക്ക് നാളെ (ജനുവരി 24) തൂവാനിസയില്‍ തുടക്കം

കോട്ടയം: കോട്ടയം അതിരൂപതയുടെ 4-ാമത് അസംബ്ലിക്ക് നാളെ (ജനുവരി 24) കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ തുടക്കമാകും. അതിരൂപതയില്‍ പ്രാദേശികവും കാലികവുമായ വിഷയങ്ങള്‍ സംഘാതമായി ചര്‍ച്ച ചെയ്ത് അഭിപ്രായ രൂപീകരണം നടത്തുന്നതിനുള്ള ആലോചനസമിതിയാണ് അതിരൂപതാ അസംബ്ലി. 24 ന് രാവിലെ 10.30 ന് ഫാ. സജി മെത്താനത്ത് നയിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ അസംബ്ലി ആരംഭിക്കും. തുടര്‍ന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അസംബ്ലി ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മുന്‍ അസംബ്ലി നിര്‍ദ്ദേശങ്ങളെ കുറിച്ചും നാലാമത് അസംബ്ലിയുടെ നടത്തിപ്പിനെക്കുറിച്ചും ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പങ്കുവെക്കും. അസംബ്ലിയില്‍ പങ്കെടുക്കുന്നവരെ ഫാ. ജോണ്‍ ചേന്നാകുഴി പരിചയപ്പെടുത്തും. തുടര്‍ന്ന് സിനഡാത്മക അതിരൂപത എന്ന വിഷയത്തില്‍ ഫാ. മാത്യു കൊച്ചാദംപള്ളില്‍ അവതരണം നടത്തും. ബാബു പറമ്പടത്തുമലയില്‍ മോഡറേറ്ററായിരിക്കും. ഫാ. എബ്രാഹം പറമ്പേട്ട്, ഡോ. റിയ സൂസന്‍, സാബു കരിശ്ശേരിക്കല്‍ എന്നിവര്‍ പ്രതികരണങ്ങള്‍ പങ്കുവയ്ക്കും.

ജനുവരി 25 ബുധനാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം – കോട്ടയം അതിരൂപതയില്‍ എന്ന വിഷയത്തെക്കുറിച്ച് ഫാ. ജോര്‍ജ്ജ് കറുകപ്പറമ്പില്‍ അവതരിപ്പിക്കും. സിസ്റ്റര്‍ കരുണ എസ്.വി.എം മോഡറേറ്റ് ചെയ്യും. ഫാ. ജേക്കബ് മുള്ളൂര്‍, ലിന്‍സി വടശ്ശേരിക്കുന്നേല്‍, അഡ്വ. അജി കോയിക്കല്‍ എന്നിവര്‍ പ്രതികരണങ്ങള്‍ അറിയിക്കും. ഉച്ചകഴിഞ്ഞ് ക്‌നാനായ സമുദായത്തിന്റെ സഭാത്മക വളര്‍ച്ചയെക്കുറിച്ച് ഫാ. തോമസ് പുതിയകുന്നേലും ഫാ. തോമസ് മുളവനാലും അവതരിപ്പിക്കും. ഫാ. തോമസ് ആനിമൂട്ടില്‍ മോഡറേറ്ററായിരിക്കും. ഫാ. ചാക്കോ വണ്ടന്‍കുഴി, ജെയ്‌മോന്‍ നന്ദികാട്ട്, ലിബിന്‍ പാറയില്‍, പ്രിന്‍സ് കുളക്കാട്ട്, തോമസ് പുളിമ്പാറ, സ്റ്റീഫന്‍ പുത്തന്‍പുരയില്‍ എന്നിവര്‍ പ്രതികരണങ്ങള്‍ പങ്കുവയ്ക്കും.

സമാപനദിവസമായ ജനുവരി 26 ന് നാലാമത് അസംബ്ലിയില്‍ നിന്നും ലഭിക്കുന്ന മുന്‍ഗണനകളും പ്രായോഗിക നിര്‍ദ്ദേശങ്ങളും ഡോക്യൂമെന്റഷന്‍ കമ്മിറ്റി അവതരിപ്പിക്കും. തുടര്‍ന്ന് പൊതു ചര്‍ച്ചകള്‍ക്ക് ശേഷം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് സമാപന സന്ദേശം നല്‍കും. ഫാ. സ്റ്റീഫന്‍ മുരിയങ്ങോട്ടുനിരപ്പേല്‍, ടോം കരികുളത്തില്‍ എന്നിവര്‍ അസംബ്ലിയുടെ വിലയിരുത്തലുകള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം രൂപതയുടെ പ്രഥമ മെത്രാന്‍ ദൈവദാസന്‍ മാര്‍ മാത്യു മാക്കില്‍ പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന പരിശുദ്ധ കുര്‍ബാനയോടെ അസംബ്ലി സമാപിക്കും. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍ നന്ദി പറയും.

2024 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന 16-ാമതു മെത്രാന്‍ സിനഡിന്റെ വിഷയത്തെ അധികരിച്ചാണു കോട്ടയം അതിരൂപതയില്‍ നാലാമത് അസംബ്ലി നടക്കുന്നത്. ‘സിനഡാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം’ എന്നതാണ് അസംബ്ലിയിലെ മുഖ്യ പഠന വിഷയമായി സ്വീകരിച്ചിരിക്കുന്നത്. അസംബ്ലിക്കായി പ്രസിദ്ധീകരിച്ച പ്രാരംഭ രേഖ അതിരൂപതയിലെ എല്ലാ ഫൊറോനകളിലും ഇടവകകളിലും സംഘടനകളിലും വിവിധ ഇതര കൂട്ടായ്മകളിലും ചര്‍ച്ച ചെയ്തു സമാഹരിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിഷയാവതരണരേഖയാണ് അസംബ്ലിയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുന്നത്. അതിരൂപതയിലെ മെത്രാന്മാരും വൈദിക സമര്‍പ്പിത അല്‍മായ പ്രതിനിധികളുമുള്‍പ്പടെ 136 പേരാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്.

Facebook Comments

knanayapathram

Read Previous

കോട്ടയം മേഖല അധ്യാപക സംഗമം നടത്തി

Read Next

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ പരിഗണിക്കുന്നതിലൂടെ സാഹോദര്യത്തിന്റെ നന്മയും കാരുണ്യവും ദര്‍ശിക്കുവാന്‍ കഴിയും – മാര്‍ മാത്യു മൂലക്കാട്ട്