Breaking news

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ പരിഗണിക്കുന്നതിലൂടെ സാഹോദര്യത്തിന്റെ നന്മയും കാരുണ്യവും ദര്‍ശിക്കുവാന്‍ കഴിയും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ പരിഗണിക്കുന്നതിലൂടെ സാഹോദര്യത്തിന്റെ നന്മയും കാരുണ്യവും ദര്‍ശിക്കുവാന്‍ കഴിയുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോങ്ങളോടനുബന്ധിച്ച് പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷിയുള്ളവരുടെ കുടുംബ സംഗമത്തിന്റെയും ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെയും ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന് നല്‍കിയ സ്വീകരണ സമ്മേളനത്തിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ള വ്യക്തികളെ കാരുണ്യത്തോടും വാത്സല്യത്തോടും ശുശ്രൂഷിക്കുവാനും അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുത്ത് സമൂഹത്തിന്റെ ഭാഗമായി അഭിമാനത്തോടെ ജീവിക്കുവാനുള്ള സാഹചര്യവും ഒരുക്കി കൊടുക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് വിശിഷ്ഠാതിഥിയായി പങ്കെടുത്തു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. ചിക്കാഗോ രൂപത വികാരി ജനറാള്‍ വെരി. ഫാ. തോമസ് മുളവനാല്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ ബാബു പറമ്പേടത്ത് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതി അവശ്യമരുന്ന് വിതരണോദ്ഘാടനവും ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനവും നടത്തപ്പെട്ടു. കൂടാതെ സംസ്ഥാന ബഡ്‌സ് സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ.എസ്.എസ്.എസ് സിബിആര്‍ ഗ്രൂപ്പംഗമായ അര്‍ച്ചന അശോകിന് ഉപഹാരവും സമ്മാനിച്ചു.  കിടങ്ങൂര്‍ സെന്റ് മേരീസ് ഫെറോനാ ചര്‍ച്ച് വികാരി റവ. ഫാ. ജോസ് നെടുംങ്ങാട്ട്, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ കരുണ എസ്.വി.എം, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിത എസ്.ജെ.സി, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മിനി ജെറോം, ക്‌നാനായ കാത്തലിക് യുത്ത് ലീഗ് പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, ചിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ജെയ്‌മോന്‍ നന്ദികാട്ട്, മുത്തോലത്ത് കുടുംബ പ്രതിനിധി റവ. സിസ്റ്റര്‍ സാലി എസ്.വി.എം കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍മാരായ ഫാ. ജെയിംസ് വടക്കേകണ്ടങ്കരിയില്‍, ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ വിശിഷ്ഠാതിഥിയായി എത്തിച്ചേര്‍ന്ന ചിക്കാഗോ രൂപത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിനെ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. കൂടാതെ കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി അംഗമായ സുമേഷ് പി.ബി വരച്ച മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ ചിത്രവും സമ്മാനിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിന് റിസോഴ്‌സ് പേഴ്‌സണ്‍ റീന ജെയിംസ് നേതൃത്വം നല്‍കി. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികളുടെ കലാ പരിപാടികളും നടത്തപ്പെട്ടു. മുന്നൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.
1997 ലാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഭിന്നശേഷിക്കാര്‍ക്കായുള്ള സ്വാശ്രയസംഘങ്ങള്‍, അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, സ്വയം തൊഴില്‍ പരിശീലനങ്ങള്‍, സംരംഭകത്വ വികസന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, അവശ്യ മരുന്നുകളുടെ വിതരണം, സഹായ ഉപകരണങ്ങളുടെ വിതരണം, വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ചികിത്സാസഹായ പദ്ധതി, വിവിധ സംഗമങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആനുകൂല്യങ്ങളുടെ ലഭ്യമാക്കല്‍, പഠനോപകരണങ്ങളുടെ വിതരണം, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങള്‍, അന്ധ ബധിര പുനരധിവാസ പദ്ധതി തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്നു. അന്ധ ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള സംസ്ഥാനതല പഠനകേന്ദ്രവും റിസോഴ്‌സ് സെന്ററും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്ത് അച്ചന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കെ.എസ്.എസ്.എസ് തുടക്കം കുറിച്ചത്. പദ്ധതിയിലൂടെ ആയിരക്കണക്കിന് ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായ ഹസ്തമൊരുക്കുവാന്‍ കെ.എസ്.എസ്.എസിന് സാധിച്ചിട്ടുണ്ട്.                                         

Facebook Comments

knanayapathram

Read Previous

കോട്ടയം അതിരൂപതാ അസംബ്ലിക്ക് നാളെ (ജനുവരി 24) തൂവാനിസയില്‍ തുടക്കം

Read Next

യു. കെ. കെ .സി. എ ബിർമിംഗ്ഹാം യൂണിറ്റിന് നവ നേതൃത്വം ജോയി കൊച്ചുപുരക്കൽ പ്രസിഡന്റ് ,ജോയി പുളിക്കൽ സെക്രട്ടറി, ഡോ പിപ്പ്സ് തങ്കത്തോണി ട്രെഷറർ