
കടുത്തുരുത്തി: സെന്റ്. മൈക്കിൾസ് സ്കൂളിലെ സീനിയർ ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സംസ്ഥാന തലത്തിൽ, ഐജി ശ്രീ വിജയൻ ഐപിഎസ് നയിച്ച സംവാദ പരിപാടിയിൽ പങ്കെടുത്തു. കേരളത്തിലെ 968 സ്കൂളുകളിലെ വിദ്യാർഥികൾക്കായി സൂം പ്ലാറ്റ്ഫോമിലാണ് സംവാദ പരിപാടി സംഘടിപ്പിച്ചത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിനുള്ള പശ്ചാത്തലവും, ചുരുങ്ങിയ കാലംകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിൽ ശ്രദ്ധ നേടിയതും, സമൂഹത്തിന്റെ നാനാ മേഖലകളിലും വ്യക്തമായ ഇടപെടലുകൾ നടത്തി മുന്നേറുന്ന എസ്പിസി പദ്ധതിയുടെ സമാനതകളില്ലാത്ത പ്രവർത്തനങ്ങളെപ്പറ്റിയും കുട്ടികൾക്ക് അദ്ദേഹം ക്ലാസ് എടുത്തു. “We learn to serve” എന്ന ആപ്ത വാക്യത്തെ മുൻനിർത്തിക്കൊണ്ട് എസ്പിസി കേഡറ്റ് പാലിക്കേണ്ട പത്ത് അടിസ്ഥാന പ്രമാണങ്ങളെ കുറിച്ച് കഴിഞ്ഞ കാലങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങളെ ഉദാഹരിച്ചു കൊണ്ട് അദ്ദേഹം അറിവ് പകർന്നു നൽകി. സമൂഹത്തിലെ ചേഞ്ച് ലീഡർമാർ ആകുവാനുള്ള ശ്രമം എസ്പിസി കേഡറ്റ്സ്ന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. മത്സരപരീക്ഷകളിൽ ഫുൾ എ പ്ലസ് നേടുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് വിജയം കൈവരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. സെന്റ്. മൈക്കിൾ സ്കൂളിലെ സീനിയർ കേഡറ്റ്സ് ആയ 40 പേർ പരിപാടിയിൽ പങ്കെടുത്തു. കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂൾ ഹെഡ്മാസ്റ്റർ ക്രിസ്റ്റിൻ പി. സി, അധ്യാപകരായ ബിജു സി. കെ, ടോം പി ജോൺ, ജിനോ തോമസ്, ബിൻസി മോൾ ജോസഫ്, അബ്രഹാം, ജോർജ്ജ്, ജോമി, നിധീഷ, എന്നിവർ സ്കൂൾതല പരിപാടികൾക്ക് നേതൃത്വം നൽകി.