
ജോണ്‍ മുളയങ്കല്‍
പ്രകൃതിരമണീയമായ അരീക്കര എന്ന സ്വച്ഛസുന്ദരമായ ഗ്രാമത്തിന്റെ തിലകക്കുറികളാണ് അരീക്കര പള്ളിയും പെരുമറ്റം ശിവക്ഷേത്രവും. മതസൗഹാര്‍ദ്ദത്തിനു പേരുകേട്ട ഇടവും അരീക്കരയാണെന്നു പറയാം. പള്ളിപ്പെരുന്നാളിനു പ്രദിക്ഷണം പെരുമറ്റം ക്ഷേത്രത്തിന്റെ മുന്‍പില്‍ എത്തി അവര്‍ തയ്യാറാക്കിയിരിക്കുന്ന പന്തലില്‍ പ്രവേശിച്ചു അനുഗ്രഹവും സ്വീകരണവും ഏറ്റുവാങ്ങി മടങ്ങുന്ന രീതിയാണ് എല്ലാവര്‍ഷവും നടക്കുന്നത്. അതുപോലെ തന്നെ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനു മുഖ്യ അതിഥിയായി എത്താറുള്ളതു പള്ളിവികാരിയുമായിരിക്കും. ഇങ്ങനെ പരസ്പരം സഹകരണത്തിലൂടെയാണ് പൂര്‍വ്വികര്‍ ഗ്രാമത്തിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്.വടംവലി പ്രേമികളുടെ ഹരമായി എല്ലാവര്‍ഷവും അരീക്കരക്ലബ് നടത്തുന്ന വടംവലി കേരളത്തില്‍ പ്രസിദ്ധമാണ്. അരീക്കുഴി വെള്ളച്ചാട്ടം ആകര്‍ഷണീയമാണ്. മഴക്കാലത്ത് വെള്ളച്ചാട്ടം കാണുന്നതിന് വളരെ ദൂരെനിന്നും ആളുകള്‍ എത്തുന്നു.മധുരസ്മരണകളുമായി അരീക്കരയില്‍ നിന്നും ഇംഗ്ലണ്ടിന്റെ നാനാഭാഗങ്ങളിലേക്കും കുടിയേറിയവരുടെ സംഗമത്തിനു തിരിതെളിഞ്ഞു. ഏപ്രില്‍ 30 നും മെയ് 1 നും നടക്കുന്ന കൂട്ടായ്മയിലേക്കു നൂറുകണക്കിനാളുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ന്യൂപോര്‍ട്ടിലുള്ള നാഷ് വില്ലേജ് ഹാള്‍ ആണ് സംഗമസ്ഥലം. കേരളത്തില്‍ പലവിധത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സംഗമം ഈ വര്‍ഷവും ചാരിറ്റിപ്രവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. കുട്ടികളുടെ കലാപരിപാടികളും കായികമത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പരസ്പരം സ്‌നേഹം പങ്കിടുവാനും മധുരസ്മരണകള്‍ അയവിറക്കാനും കാത്തിരിക്കുകയാണ് സംഗമത്തില്‍ പങ്കാളികളാകുന്ന ഓരോരുത്തരും.ഈ വര്‍ഷത്തെ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നത് മൈക്കിള്‍ ഇടാട്ടുകുന്നേല്‍, ടിജോ പുത്തന്‍പുരയ്ക്കല്‍, ബിജു കീരിപ്പേല്‍ എന്നിവരാണ്. സംഗമത്തിലേക്ക് എല്ലാ അരീക്കരനിവാസികളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.