Breaking news

UKKCA യുടെ രണ്ടാമത് ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 15 ദിവസങ്ങളുടെ ദൈർഘ്യം മാത്രം


മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA

അവഗണനയുടെ, അടിച്ചമർത്തലിൻ്റെ, അടിമത്വത്തിൻ്റെ കയങ്ങളിൽ നിന്ന് കേരളത്തിലെ ക്രൈസ്തവ വിശ്വാസത്തെ കൈ പിടിച്ചുയർത്താൻ കടലു കടന്നെത്തിയ ക്നായിത്തോമായുടെ ഓർമ്മ ദിനാചരണം കോട്ടയം രൂപതയുടെ ചരിത്രത്തിലാദ്യമായി തുടർച്ചയായി രണ്ടാം പ്രാവശ്യവും സംഘടിപ്പിയ്ക്കുകയാണ് UKKCA. തദ്ദേശീയരുടെ ആക്രമണങളിൽ അടിപതറിയിരുന്ന കേരള ക്രൈസ്തവ വിശ്വാസികളെ, കാത്തു പരിപാലിക്കാൻ പ്രവാചക പരമ്പരയിലെ സന്തതികളുടെ പ്രതിനിധിയായി ക്നായിത്തോമായെന്ന യുഗപ്രഭാവൻ കൊടുങ്ങല്ലൂരിലെത്തിയപ്പോൾ, അടിച്ചമർത്തിയിരുന്നവർ ആദരിച്ചാനയിച്ച അത്ഭുത കാഴ്ച്ചയ്ക്കാണ് മുസേരിയോസ് പട്ടണം സാക്ഷിയായത്.

അകലെ നിന്നെത്തിയവൻ, അരചനൊപ്പമിരുന്ന്, ആദരവും അംഗീകാരവും, രാജകീയ പദവികളും നേടുമ്പോൾ, അടുത്ത് നിന്ന അടിയാന് തോന്നിയ അസൂയ ഇന്നും ആർക്കൊക്കെയോ ക്‌നാനായക്കാരനോട് തോന്നുന്നുണ്ടെങ്കിലും ഒന്നോർക്കണം, AD 345 ലെ ക്നാനായ കുടിയേറ്റമാണ് ഇൻഡ്യൻ ക്രിസ്ത്യാനിറ്റിയുടെ കളിത്തൊട്ടിൽ എന്ന വിശേഷണം കൊടുങ്ങല്ലൂർ പട്ടണത്തിന് നൽകിയത്.

UKയിലെ ക്നാനായക്കാരുടെ നട്ടെല്ലുള്ള സംഘടന ക്നായിത്തൊമ്മനെന്ന കുടിയേറ്റ കുലപതിയുടെ, ഇന്നും അൾത്താരകളിൽ വിശുദ്ധനായി വണങ്ങപ്പെടുന്ന, പുണ്യചരിതൻ്റെ ഓർമ്മകൾ പൊടി തട്ടിയെടുക്കാനായി മുന്നോട്ട് വന്നപ്പോൾ, അതിൻ്റെ കുഞ്ഞോളങ്ങൾ തിരയിളക്കിയത്, ആഗോള ക്‌നാനായ സമൂഹത്തിലാകെയാണ്. ഇന്ന് ലോകത്താകെമാനം ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം പല പേരുകളിൽ നടത്തപ്പെടുമ്പോൾ, ക്നായിത്തൊമ്മൻ പ്രതിമകൾ പലയിടങ്ങളിൽ സ്ഥാപിയ്ക്കപ്പെട്ടുകോണ്ടിരിയ്ക്കുമ്പോൾ, ഒരു ചുവടു മുന്നേ നടന്നവരെന്ന നിലയിൽ, ആഗോള ക്നാനായ സമൂഹത്തിന് മാതൃകയായവരെന്ന നിലയിൽ UKKCA ക്ക് അഭിമാനിക്കേൻ വീണ്ടും അവസരമേകുകയാണ് ഏപ്രിൽ രണ്ടിലെ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം.

Facebook Comments

Read Previous

പയ്യാവൂർ വലിയ പള്ളി ഇടവക കുടിലിൽ ലൂക്ക (76) നിര്യാതനായി.

Read Next

സേക്രഡ് ഹാർട്ട് സ്കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം