
കൈപ്പുഴ: സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ അതിരൂപതാ ഫാമിലി കമ്മീഷനുമായി സഹകരിച്ച് ഫൊറോനകളില്‍ സംഘടിപ്പിക്കുന്ന വിവാഹത്തിന്റെ രജത-സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായി കൈപ്പുഴ ഫൊറോനയിലെ ദമ്പതികളെ ആദരിച്ചു. കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടു പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. അതിരൂപതാ വികാരി ജനറാളും ഫൊറോനയിലെ ഇടവക വികാരിമാരും സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാളില്‍ ചേര്‍ന്ന ജൂബിലി ദമ്പതികളുടെ അനുമോദന സമ്മേളനം അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കൈപ്പുഴ ഫൊറോന വികാരി ഫാ. മാത്യു കട്ടിയാങ്കല്‍, അതിരൂപതാ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍, ഫാ. ജേക്കബ് തടത്തില്‍, കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്‍, ഫൊറോന പ്രസിഡന്റ് ഷൈനി ജോസ് എന്നിവര്‍ പ്രസംഗിച്ചു. രജത-സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന 82 ദമ്പതികള്‍ സംഗമത്തില്‍ പങ്കെടുത്തു.