
കോട്ടയം: കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും വുമൺ സെൽ ഉദ്ഘടനവും നടത്തപ്പെട്ടു. കെസിവൈഎൽ അതിരൂപതാ പ്രസിഡൻ്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ പ്രസിഡൻ്റ് ലിൻസി രാജൻ ഉദ്ഘാടനം ചെയ്തു. വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി അതിരൂപതയിലെ യുവതികളുടെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ട് നിയമപരമായും മാനസികമായും ഉപദേശങ്ങൾ ആവശ്യമുള്ളവർക്കായി വുമൺ സെൽ രൂപകരിച്ചു. അതിരൂപതയിലെ പ്രഗൽഭരായ പത്തംഗ വനിതകളെ ഉൾപെടുത്തി കൊണ്ടാണ് വുമൺ സെൽ രൂപീകരിച്ചിരിക്കുന്നത്. അതിരൂപതയിലെ ഏതു യുവതിക്കും ഏതു സമയത്തും വുമൺ സെൽ അംഗങ്ങളെ ബന്ധപ്പെടാവുന്നതും അതുവഴി അവർക്ക് ആവശ്യമായ സഹായങ്ങൾ നേടിയെടുക്കുവാനും തുടർന്ന്, ഇടവക തലത്തിലും സ്കൂൾ തലത്തിലും പ്രത്യേകമായ അവബോധന ക്ലാസുകൾ നൽകികൊണ്ട് ഈ കാലഘട്ടത്തിൽ യുവതികൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ അവരെ സഹായിക്കുന്നതിനും ആയിട്ടാണ് വുമൺ സെൽ ലക്ഷ്യമിടുന്നത്. പരിപാടിയോട് അനുബന്ധിച്ച് ജില്ലാ ചൈൽഡ്ലൈൻ കോ ഓർഡിനേറ്റർ ശ്രി.ജസ്റ്റിൻ മൈക്കിൾ അവബോധന ക്ലാസ്സ് നയിച്ചു.കാരിത്താസ് സെക്യുലർ ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ സി.ലിസി ജോൺ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ അതിരൂപതാ ചാപ്ലൈൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, അതിരൂപതാ ജോയിൻ്റ് സെക്രട്ടറി അലീന ലൂമോൻ, സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC, ജനറൽ സെക്രട്ടറി ഷാരു സോജൻ, ട്രഷറർ ജയിസ് എം ജോസ്, വൈസ് പ്രസിഡൻ്റ് ജെറിൻ ജോയ്, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, വുമൺസ് സെൽ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി എഴുപതിലികം യുവതികൾ പങ്കെടുത്തു.