
ഓർമ്മയിൽ എന്നും തങ്ങിനിൽക്കുന്ന ആഹ്ലാദത്തിൻ്റെ അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് UKKCA യുടെ ഹമ്പർസൈഡ് യൂണിറ്റിൻ്റെ ദശാബ്ദി ആഘോഷങ്ങൾ സമാപിച്ചു.
രക്ത ശുദ്ധിയുടെയും, വംശ ബോധത്തിൻ്റെയും കണ്ണികൾ കൂട്ടിയിണക്കി ക്നാനായക്കാർക്ക് സ്വന്തമായ ഒരുമയുടെയും സാഹോദര്യബോധത്തിൻ്റെയും സ്നേഹത്തടാകത്തിൽ ഒഴുകി നടന്ന പൂക്കളെപ്പോലെ ഹമ്പർസൈഡ് യൂണിറ്റംഗങ്ങളുടെ ഒത്തൊരുമയും സ്നേഹവും പകർന്നേകിയത് അസൂയാവഹവും, അവിശ്വസനീയവുമായ മുഹൂർത്തങ്ങൾ.
കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ്റെ ഒപ്പമുണ്ടായിരുന്ന 72 കുടുംബങ്ങളുടെയും, UKKCA സ്ഥാപിച്ച ക്നായിത്തൊമ്മൻ വെങ്കല പ്രതിമയുടെ തൂക്കമായ 72 കിലോ തൂക്കവും ഓർമ്മിപ്പിയ്ക്കുന്ന പോലെ 72 മൈലുകളുടെ വിസ്തൃതിയിൽ നിവസിക്കുന്ന ഹമ്പർ സൈഡ് യൂണിറ്റിലെ മുഴുവൻ അംഗങ്ങളും ദൂരപരിധി കാര്യമാക്കാതെ പങ്കെടുത്തു.
UKKCA ട്രഷറർ മാത്യു പുളിക്കത്തൊട്ടിയിൽ നിറദീപം തെളിച്ചതോടെ ആഘോഷങ്ങളുടെ രാവിന് തുടക്കമായി.UKKCWF പ്രസിഡൻ്റ ശ്രീമതി ഡാർളി ടോമി ആശംസകൾ നേർന്നു.
യൂണിറ്റ് പ്രസിഡൻ്റ് ശ്രീ സ്റ്റീഫൻ കല്ലടയിൽ വീഡിയോ സന്ദേശത്തിലൂടെ ദശാബ്ദി സന്ദേശം നൽകി.
UKKCA കൺവൻഷനുകളിൽ സ്വാഗത നൃത്തം അണിയിച്ചൊരുക്കി ശ്രദ്ധേയനായ കലാഭവൻ നൈസിൻ്റെ പരിശീലനത്തിൽ ഹമ്പർസൈഡ് യുണിറ്റിലെ മുഴുവൻ കുട്ടികളും, യുവജനങ്ങളും പങ്കെടുത്ത സ്വാഗത നൃത്തം ദൃശ്യവിസ്മയത്തിനൊപ്പം നടനവൈഭവത്തിൻ്റെ മായിക പ്രപഞ്ചമാണ് ആസ്വാദകർക്ക് പകർന്നേകിയത്.
ഹമ്പർസൈഡ് യൂണിറ്റിൽ നിന്നും UKയിലേയും ലോകത്തിൻ്റെയും വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപ്പോയവരുടെ ആശംസകളറിയിച്ചുള്ള വീഡിയോ സന്ദേശം ബന്ധങ്ങളുടെ വിലയറിയുന്ന ഹമ്പർസൈഡ് യൂണിറ്റംഗങ്ങളുടെ മിഴി നനയിക്കുന്നതായിരുന്നു. യൂണിറ്റിൻ്റെ ആരംഭം മുതൽ ഭാരവാഹികളായിരുന്നവരെ യൂണിറ്റ് ഭാരവാഹികളായ ഷിജിഷൈൻ, സ്റ്റാനി താഴപ്പള്ളിൽ റോക്കി, ഷൈൻ ഫിലിപ്പ്, സോണിയ ബിനോ, അനിറ്റ് ജോർജ്, സ്വപ്നാ സിബി, എന്നിവരും UKKCYL ഭാരവാഹികളായ ആരോൺ മാത്യു, ഐയ്ലിൻ ബിനോ എന്നിവരും ചേർന്ന് പൊന്നാട നൽകി ആദരിച്ചു. യൂണിറ്റ് സെക്രട്ടറി എന്ന നിലയിൽ, പരിപാടികൾക്ക് നേതൃത്വം നൽകിയും അവതാരികയായും തിളങ്ങിയ ലീനുമോൾ ചാക്കോ ദശാബ്ദി ആഘോഷങ്ങൾക്ക് ജീവനേകി.

